ADVERTISEMENT

തൃശൂർ ∙ ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാൻ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയത് ‘ഗറില’ വേട്ടയ്ക്കു സമാനമായ ഓപ്പറേഷൻ. കൊച്ചി സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറും സംഘവും 3 ദിവസമായി തൃശൂരിൽ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കിരാലൂരിലെ ഒളിസങ്കേതം കണ്ടെത്തിയത്. വൈകിട്ട് ആറുമണിയോടെ കിരാലൂർ അയ്യംകുന്നത്തെ വീടിനു സമീപത്തു മാർട്ടിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാൾ പാടത്തേക്കിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചതാണ് വൻ തിരച്ചിൽ ദൗത്യത്തിലേക്കു നയിച്ചത്.നാടകീയത നിറഞ്ഞ തിരച്ചിൽ ദൗത്യം ഇങ്ങനെ:

ഡ്രോണും നാട്ടുകാരും

കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി നിഴൽ പൊലീസ് സംഘവും രംഗത്തിറങ്ങിയതോടെ ഇന്നലെ വൈകിട്ട് 6ന് ചേമഞ്ചിറയിൽ മാർട്ടിനെ കണ്ടെത്തി. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ അനന്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടം വളഞ്ഞെങ്കിലും സമീപത്തെ പാടത്തിനു നടുവിലൂടെ മാർട്ടിൻ രക്ഷപ്പെടാൻ ശ്രമിച്ചു. മാർട്ടിൻ സമീപത്തെ ചതുപ്പിൽ ഒളിച്ചതോടെ തിരച്ചിൽ ദുഷ്കരമായി. എന്നാൽ, പ്രദേശവാസികളായ മുന്നൂറോളം പേർ സ്വയംസന്നദ്ധരായി പൊലീസിനെ സഹായിക്കാൻ എത്തി. ഓരോ പൊലീസുകാരന്റെയും കീഴിൽ 4 നാട്ടുകാർ വീതമുള്ള ‘നാടൻ ടാസ്ക് ഫോഴ്സ്’ നിരന്നു. 2 ഡ്രോണുകൾ പൊലീസ‍ിനു വഴികാട്ടിയായി ആകാശത്തു പറന്നു. 

ചെളിയും കാടും അരയ്ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാർട്ടിൻ സമീപത്തെ അയ്യംകുന്ന് ഇൻഡസ്ട്രിയൽ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങൾ ഇവിടേക്ക് എത്തിയപ്പോൾ മാർട്ടിൻ വീണ്ടുമോടി. 75 മീറ്റർ പിന്നിലായി പൊലീസും. ഒരു ഫ്ലാറ്റിനു മുകളിൽ കയറിയ മാർട്ടിൻ പൊലീസ് വളഞ്ഞതോടെ ചെറുത്ത‍ുനിൽപ്പിനു ശ്രമിക്കാതെ കീഴടങ്ങി. നാട്ടുകാരുടെ സഹായമുണ്ടായതു കൊണ്ടാണ് ഇത്ര വേഗത്തിൽ പ്രതിയെ കുരുക്കാൻ കഴിഞ്ഞതെന്നു പൊലീസ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com