ADVERTISEMENT

ചാലക്കുടി ∙ ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്ന് ആഡംബര ബൈക്ക് വാങ്ങി കടന്നു കളയുകയും ഇതേ മാതൃകയിൽ മറ്റൊരു ബൈക്ക് തട്ടിയെടുത്ത് യുവതിയുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിൽ തളിക്കുളം കച്ചേരിപ്പടി കാലാനി പ്രണവ് ദേവിനെ (27)  ഡിവൈഎസ്പി സി.ആർ. സന്തോഷ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29നു 4ന് ആനമല ജംക്‌ഷനിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ആഡംബര ബൈക്കാണ് അപരിചിതനായ ഒരാൾ പരിചയം നടിച്ച്  വാങ്ങിയ ശേഷം അമിതവേഗത്തിൽ ഓടിച്ചു പോയത്.

അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രാന്തനായ യുവാവ് അൽപ സമയത്തിനു ശേഷം മറ്റുള്ളവരെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപ് പിടിയിലായവരെ  കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തളിക്കുളം സ്വദേശിയായ പ്രണവിനെ മാത്രം കണ്ടെത്താനായില്ല.കൂടുതൽ അന്വേഷണത്തിൽ  ഇയാൾ മലപ്പുറം കുന്നുമ്മലിൽ  വാടകയ്ക്ക്  താമസിച്ചിരുന്നതായി അറിഞ്ഞെങ്കിലും അവിടെയും പ്രണവിനെ കണ്ടെത്താനായില്ല.  സമീപവാസികളിൽ നിന്നു ലഭിച്ച സൂചനകളിൽ മഞ്ചേരിക്കു സമീപം കൊളത്തുരിൽ അന്വേഷണം നടത്തിയിരുന്നു. 

ഇതിനൊടുവിലാണ്  എറണാകുളത്ത് പണം വായ്പ വാങ്ങാൻ പോയി തിരികെ വരുന്നതിനിടെ പ്രണവ് പിടിയിലായത്.  സാഹസികമായാണ് പ്രണവിനെ പിടികൂടിയത്. ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്ഐ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മാടപ്പാട്ടിൽ, തുടങ്ങിയവർ അന്വേഷണ സംഘത്തലുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ചാലക്കുടിയിൽ അടക്കം ബൈക്ക് തട്ടിയെടുത്ത സംഭവങ്ങളും  പുതുക്കാട് സ്റ്റേഷൻ പരിധിയിൽ യുവതിയുടെ മാലപൊട്ടിച്ചതും പ്രതി സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com