ADVERTISEMENT

തൃശൂർ ∙ ‘മോശം കൂട്ടുകെട്ടൊന്നുമില്ലാത്ത കുട്ടിയാണ് എന്റെ മോൻ. ആളൽപ്പം ടെൻഷനിലായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന പൈസ നഷ്ടപ്പെട്ടു പോയല്ലോ എന്നോർത്തുള്ള മനഃപ്രയാസമായിരിക്കും കാരണം. എന്റെ മകൻ തിരിച്ചുവരും..’ അമൽ കൃഷ്ണയെ കാണാതായ ശേഷം മാധ്യമങ്ങളോടും പൊലീസിനോടും അമ്മ ശിൽപ ഈ പ്രത്യാശ പങ്കുവച്ചു. പ്രതീക്ഷയോടെ കാത്തിരുന്നു. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചപ്പോൾ ലഭിച്ച കാഷ് അവാർഡുകളും സ്കോളർഷിപ് തുകകളും സൂക്ഷിച്ചുവയ്ക്കാനാണ് അമൽ കൃഷ്ണയുടെ പേരിൽ അമ്മ ശിൽപയും അച്ഛൻ സനോജും ബാങ്ക് അക്കൗണ്ട് തുറന്നത്.

ജനുവരി പകുതി വരെ 12,600 രൂപ അക്കൗണ്ടിലുണ്ടായിരുന്നു. എടിഎം കാർഡ് കൈകാര്യം ചെയ്തിരുന്നത് അമൽ തന്നെയാണ്. എന്നാൽ, തന്റെ കാർഡ് തകരാറിലായെന്ന് അമൽ അമ്മയോടു പറയുന്നതു ഫെബ്രുവരി പാതിയോടെയാണ്. കാർഡ് നന്നാക്കാൻ ഒന്നിച്ചു ബാങ്കിലെത്തിയ ശേഷം തന്നെ ഒറ്റയ്ക്കാക്കി മകൻ പോയത് എവിടേക്കെന്നറിയാതെ ഈ അമ്മ കണ്ണീരോടെ കാത്തിരുന്നു.

ഏതോ ഓൺലൈൻ ഗെയിം കളിക്കാനായി അമൽ അക്കൗണ്ടിൽ നിന്നു പണം വിനിയോഗിച്ചുവെന്ന നിഗമനത്തിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കാണാതാകുന്നതിന് ആഴ്ചകൾക്കു മുൻപാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 2 വട്ടമായി തുക പിൻവലിക്കപ്പെട്ടത്. ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷൻ വഴിയായിരുന്നു ഇത്. പക്ഷേ, അമലിനു സ്വന്തമായി ഫോൺ ഉണ്ടായിരുന്നില്ല. അമ്മയുടെ ഫോൺ ഉപയോഗിച്ചായിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. അമൽ കാണാതാകുമ്പോൾ കൈവശമുണ്ടായിരുന്നതും അമ്മയുടെ ഫോൺ തന്നെ.

6 മാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി

തളിക്കുളം ∙ അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെനിന്നു കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. 6 മാസം മുൻപു കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാർഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്നു ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടിൽ ആരും കയറിയിട്ടില്ല. അമലിന്റെ വീട്ടിൽനിന്ന് 10 കിലോമീറ്ററിനുള്ളിലാണ് ഈ വീട്. കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്. ‍‌

English Summary: Amal's parents expected he would return back

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com