ADVERTISEMENT

ചാലക്കുടി ∙ ശക്തമായ മഴയെത്തുടർന്ന് പരിയാരം  അങ്ങാടി ജം‌ക്‌ഷനിൽ വെള്ളക്കെട്ട്. കാനകളിൽ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രശ്നത്തിന് കാരണം. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നുണ്ട്. ശുദ്ധജല പൈപ്പ് ലൈൻ സ്ഥാപിക്കാൻ 2 വർഷം മുൻപ് വെട്ടിപ്പൊളിച്ച പരിയാരം റോഡ് ഇതുവരെ നന്നാക്കിയിട്ടില്ല. ചാലക്കുടി –അതിരപ്പിള്ളി പാതയിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികൾ അപകടത്തിന് കാരണമാകുന്നുണ്ട്.

കോടശേരി കോണിക്കപ്പാടത്ത് ബണ്ട് പൊട്ടി കൃഷിയിടങ്ങളിൽ വെള്ളം കയറിയപ്പോൾ.

കൊരട്ടി ∙ ദേശീയപാതയിൽ വെള്ളക്കെട്ട്.കാനകളിൽ മാലിന്യം അടിഞ്ഞിരിക്കുന്നതിനാൽ വെള്ളം ഒഴുകി പോകാത്തതാണ് പ്രശ്നത്തിന് കാരണം.മുരിങ്ങൂർ ഡിവൈൻ ജംക്‌ഷൻ,സിഗ്നൽ ജംക്‌ഷൻ, കോട്ടമുറി, കൊരട്ടി ജംക്‌ഷൻ, പെരുമ്പി   എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത് . ഇവിടെ ഇതു മൂലം അപകടങ്ങളും പതിവാണ്. മുരിങ്ങൂർ  ഡിവൈൻ ജംക​്ഷനിൽ  വെള്ളക്കെട്ട് നിവാരണ പദ്ധതി പ്രകാരമുള്ള ജോലികൾ ആരംഭിച്ചിരുന്നെങ്കിലും പാതിയിൽ മുടങ്ങിയിരുന്നു. ഇതിൽ പ്രതിഷേധം ശക്തമാണ്. 

thrissur-kappathodu-3
കൊടകര കവിൽപ്പാടത്ത് അരിമ്പൂർ പൗലോസിന്റെ വീട്ടിൽ വെള്ളം കയറിയ നിലയിൽ.

പുഴയോരവും പറയൻതോടിന്റെ കരയും ഇടിഞ്ഞു 

ചാലക്കുടി ∙ കനത്ത മഴയും ശക്തമായ നീരൊഴുക്കും കാരണം പടിഞ്ഞാറെ ചാലക്കുടിയിൽ പുഴയോരം ഇടിയുന്നു. നഗരസഭ 27–ാം വാർഡിൽ തോട്ടവീഥി പറയൻ തോടിനോടു ചേർന്നു റോഡ് ഇടിഞ്ഞു . പല ഭാഗത്തായി വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. കോട്ടാറ്റ് ഭാഗത്ത് കൈപ്പപ്ലാക്കൽ സുബ്രഹ്മണ്യന്റെ സ്ഥലം തോട്ടിലേക്ക് ഇടിഞ്ഞു വീണു. മുൻപും സ്ഥലമിടിഞ്ഞിട്ടുണ്ട്. രണ്ടു തവണയായി ഇവരുടെ 5 സെന്റ് ഭൂമിയാണ് തോട്ടിലേക്ക് ഇടിഞ്ഞു വീണത്.

thrissur-kappathodu-4
പരിയാരം അങ്ങാടി ജംക്‌ഷനിലുണ്ടായ വെള്ളക്കെട്ട്

തോട്ടവീഥി എടയാട്ടിൽ ബാബുവിന്റെ 2 സെന്റ് സ്ഥലമാണ് നശിച്ചത്. മാള പഞ്ചായത്ത് പറയൻതോട് വൃത്തിയാക്കുന്ന പദ്ധതി പൂർത്തിയാക്കാത്തതാണു  കരയിടിച്ചിലിനു കാരണമെന്നു നഗരസഭാ അധികൃതർ ആരോപിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ‌, നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ,  നഗരസഭാ കൗൺസിലർ ജോർജ് തോമസ്, വില്ലേജ് ഓഫിസർ ആന്റു എന്നിവർ സ്ഥലം സന്ദർശിച്ചു.

കൊരട്ടി പെരുമ്പി ജംക്‌ഷനിൽ കനത്തമഴയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ കാർ.

കാഞ്ഞിരപ്പിള്ളി കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

ചാലക്കുടി ∙ മലയിടിച്ചിൽ ഭീഷണിയെ തുടർന്നു പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിലെ നിവാസികളെ മാറ്റിപ്പാർപ്പിച്ചു. 5 കുടുംബങ്ങളിൽ നിന്നുള്ള 23 പേരെയാണു കൊന്നക്കുഴി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ എന്നിവർ അറിയിച്ചു. 

കോടശേരി കോണിക്കപ്പാടത്ത് തോട്ടിലെ ബണ്ട് പൊട്ടിയതിനെ തുടർന്നു പുരയിടങ്ങളിലേക്കു വെള്ളം കയറിയപ്പോൾ.

ദുരിതാശ്വാസ ക്യാംപ് തുറന്നു

കൊടകര∙  കനത്ത മഴയിൽ  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 10 വീടുകളിൽ നിന്നുള്ള 32 പേർ ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തി. ഒന്ന്,14 വാർഡുകളിൽ നിന്നുള്ളവരാണ് ക്യാംപിൽ കഴിയുന്നത്. ടി.ജെ. സനീഷ് കുമാർ എംഎൽഎ യും, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും ക്യാംപ് ഒരുക്കാൻ നേതൃത്വം നൽകി.

കോണിക്കപ്പാടത്ത് ബണ്ട് പൊട്ടി

ചാലക്കുടി ∙ കോടശേരി പഞ്ചായത്തിലെ കോണിക്കപ്പാടത്തു  ബണ്ട് പൊട്ടി നാലു പേരുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. തോട്  കരകവിഞ്ഞൊഴുകിയതോടെ  വൻതോതിൽ കൃഷി നശിച്ചു. കുട്ടാടൻചിറയിൽ നിന്നുള്ളത് അടക്കം മേച്ചിറ ഭാഗത്തു നിന്നുള്ള വെള്ളവും കോതേശ്വരം ക്ഷേത്ര ഭാഗത്തെ വെള്ളവും കോണിക്കപ്പാടം തോട്ടിലെത്തുന്നുണ്ട്.

കുരിശിങ്കൽ ലോനപ്പൻ, ജോണി, ഈശ്വരമംഗലത്ത് ഗോപാലൻ, തണ്ടാംപറമ്പിൽ ഗോപി, ഇരിങ്ങാമ്പിള്ളി രാകേഷ് എന്നിവരുടെ പറമ്പുകളിലാണ്  വെള്ളം കയറിയത്. സ്ഥിതി തുടർന്നാൽ വീടിനകത്തും വെള്ളമെത്തും. പൊന്നേത്ത് മുകുന്ദന്റെ കൃഷിയിടം പൂർണമായി മുങ്ങി. തോട് വൃത്തിയാക്കാത്തതാണു തോട് കരകവിയാൻ കാരണം. പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. തോട് വൃത്തിയാക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും ബണ്ട് പുനർനിർമിക്കുമെന്നും പ‍ഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com