ADVERTISEMENT

തൃശൂർ ∙  ജില്ലയിൽ ലഘു മേഘവിസ്ഫോടനവും വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും. ലഘു മേഘവിസ്ഫോടനമുണ്ടായ ചാലക്കുടിയിൽ ഇന്നലെ രാവിലെ 9.30 മുതൽ 11.30 വരെ  പെയ്തത് 130 മില്ലീമീറ്റർ മഴ. കൂടപ്പുഴയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ 180 മില്ലീമീറ്റർ മഴ പെയ്തു. 10,000 ഏക്കറിൽ നെൽക്കൃഷി നശിച്ചുവെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. മരോട്ടിച്ചാൽ കള്ളായിക്കുന്നിൽ തൊഴിലുറപ്പു ജോലിക്കിടെ 19 സ്ത്രീകൾക്കു മ‍ിന്നലേറ്റു.

കൊടകരയിലും പുതുക്കാട്ടും ദേശീയപാതയിൽ വെള്ളക്കെട്ടു മൂലം ഗതാഗതം തടസ്സപ്പെട്ടു. പീച്ചിയിലെ മഴമാപിനിയിൽ ഇന്നലെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ 58 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.  ഇന്നും ശക്തമായ മഴയ്ക്കു സാധ്യത. മലയോര മേഖലയിൽ ഇന്നും നാളെയും രാത്രിയാത്രയ്ക്കു നിരോധനമേർപ്പെടുത്തി. ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു

∙ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂസ് ഗേറ്റ് തുറന്നതിനു പിന്നാലെ ചാലക്കുടിപ്പുഴയിൽ കുത്തൊഴുക്ക്. പട‍ിഞ്ഞാറേ ചാലക്കുടിയിൽ പുഴയോരം ഇടിഞ്ഞു. വിവിധ റോഡുകളിൽ വെള്ളം കയറി. 

∙ ജില്ലയിൽ പീച്ചി, പെരിങ്ങൽക്കുത്ത്, ചിമ്മിനി, വാഴാനി, പൂമല ഡാമുകൾ തുറന്നു. പുഴകളിൽ ജലനിരപ്പേറി. പത്താഴക്കുണ്ട് ഡാമിന്റെ ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിരുന്നു. 

∙ വാഴാനിയിലേക്കു വിനോദ സഞ്ചാരികളുടെ സന്ദർശനം വിലക്കി. പ്രവേശന കവാടം അടച്ചു. 

∙ മുരിയാട് പുല്ലൂർ ഊരാത്ത് പാടം, മാടായിക്കോണം തെക്കേക്കോൾ, വേളൂക്കര വട്ടത്തിച്ചിറ, പൊയ്യച്ചിറ എന്നിവിടങ്ങളി‍ൽ വെള്ളംകയറി കൃഷിനശിച്ചു. കടവല്ലൂരിലും പഴഞ്ഞി അരുവായിയിലും നൂറോളം ഏക്കർ കൃഷി വെള്ളത്തിലായി. 

∙ വെട്ടുകാട് ചിറ്റക്കുന്നിൽ ഉരുൾപൊട്ടൽ ഭീഷണി മൂലം സുരക്ഷിത കേന്ദ്രത്തിലേക്കു മാറാൻ  70 കുടുംബങ്ങൾക്കു നോട്ടിസ് നൽകി. 

∙ കൊടുങ്ങല്ലൂരിൽ കനോലി കനാലിൽ ജലനിരപ്പേറിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കടൽ രൗദ്രഭാവത്തിൽ. 

∙ കൊടകര കാവിൽപ്പാടത്ത്  3 വീട്ടുകാരെ സമീപ വീടുകളിലേക്കു മാറ്റി. 

∙ കൊരട്ടിക്കും മണ്ണുത്തിക്കുമിടയിൽ പലയിടത്തും ദേശീയപാതയും സർവീസ് റോഡും വെള്ളത്തിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com