ADVERTISEMENT

തൃശൂർ∙ മൺചെരാതുകൾക്കൊപ്പം മെഴുകുതിരികൾ ജ്വലിച്ചു, പൂജാമുറിയിൽ ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങൾ.ആരതിയുഴിഞ്ഞു ക്രിസ്തുപൂജ നടത്തുന്ന സ്വാമിമാ‍ർ....സ്വാമി വിവേകാനന്ദൻ തുടങ്ങിവച്ച ക്രിസ്മസ് ആഘോഷം പതിറ്റാണ്ടുകളായി മുടക്കാത്ത പുറനാട്ടുകര ശ്രീരാമക‌ൃഷ്ണ ആശ്രമത്തിൽ ഇത്തവണയും ക്രിസ്മസ് പൂജ നടത്തി. ക്രിസ്മസ് തലേന്നു വൈകിട്ട് ക്രിസ്തു പൂജ നടത്തി. ആരതി ഉഴിഞ്ഞു, കേക്ക് നിവേദ്യമായി അർപ്പിച്ച ശേഷം എല്ലാവരും ചേർന്നു മുറിച്ചു പങ്കിട്ടു.

സന്യാസിമാരും ആശ്രമത്തിലെ വിദ്യാർഥികളും ചേർന്നു കാരൾ പാട്ടുകൾ ഉച്ചത്തിൽ പാടി ക്രിസ്മസ് സന്തോഷവും പങ്കുവച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദ, പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ എന്നിവരും തൃശൂർ അതിരൂപത മുൻവികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടും കപ്പൂച്ചിൻ വൈദികരും പങ്കെടുത്തു.

നൂറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷവും ഭാരതീയ രീതിയിലുള്ള ക്രിസ്തുപൂജയും നടക്കും. ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദൻ 1890കളിലാണ് സർവമത സമന്വയത്തിൽ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളിൽ ക്രിസ്മസ് പൂജയും ആഘോഷവും വേണമെന്നു നിർദേശിച്ചത്. ലോകമെമ്പാടുമായി ആയിരത്തോളം ആശ്രമങ്ങളിലാണ് ഇങ്ങനെ ക്രിസ്മസ് ആഘോഷം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com