ADVERTISEMENT

1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയപ്പോൾ ഇരട്ട സഹോദരങ്ങൾ വേണുവും ഗോപിയും അവരുടെ ആഗ്രഹം പറഞ്ഞു. അതു നടന്നോ? 56 വർഷത്തിനിപ്പുറം ഒരന്വേഷണം.  

തൃശൂ‍ർ∙ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും പത്രക്കാ‍ർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം. ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി കരിയറിൽ 2 വഴിക്കു തിരിഞ്ഞു.

thrissur news

അതിനു പിന്നിലൊരു കഥയുണ്ട്. ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. വേണുവും ഗോപിയും ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ചു. പക്ഷേ, അച്ഛൻ ഡോ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.

അത് ആരാകണം.? ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡ‍ോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു. അങ്ങനിരിക്കുമ്പോഴാണു പത്താം ക്ലാസിൽ റാങ്ക് കിട്ടുന്നത്. 65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി.

ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപിയോ, അന്നു പത്രക്കാരോടു പറഞ്ഞതുപോലെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ.ി കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കുശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.

അവർ പങ്കുവച്ചത് ചെറുപ്പകാലത്തെ ചില ഇരട്ട നർമങ്ങൾ.

∙ അച്ഛൻ ഇരുവരെയും ഒറ്റപ്പേരിട്ടാണു വിളിച്ചിരുന്നത് – വേണു ഗോപി.

∙ ഗോപി വീട്ടിനരികെ സ്വന്തം ക്ലിനിക്കിൽ ജോലി ചെയ്യുന്ന സമയം. മുംബൈ ഐഐടിയിൽ പഠിക്കുന്ന വേണു ആരോടും പറയാതെ ‘സസ്പെൻസ്’ ആയി വീട്ടിൽ വന്നു. വേണു മിണ്ടാതെ വീട്ടിനകത്തു കയറി. ആരും മൈൻഡ് ചെയ്യുന്നില്ല. അച്ഛൻ ചോദിച്ചു – എന്താ ഗോപീ ഇന്നു ക്ലിനിക്കിൽ പോയില്ലേ..? അതോടെ സസ്പെൻസ് പരിപാടിക്കു സുല്ലിട്ടു.

∙ ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഗോപിയെയും വേണുവിനെയും പരസ്പരം മാറിപ്പോകും. ഒടുവിൽ പ്രിൻസിപ്പൽ അച്ചൻ വേണുവിന് ഒരു വട്ടപ്പേരിട്ടു. വെട്ടു വേണു. ചെറുപ്പത്തിൽ വീണു നെറ്റിയിൽ മുറിപ്പാടുണ്ടായിരുന്നു. തിരിച്ചറിയാൻ ശരീരത്തിലുള്ള ഏക അടയാളം. 

∙ 2 പേരും ഫുട്ബോൾ കളിക്കും. നടൻ ടി.ജി. രവി തൃശൂർ എൻജിനീയറിങ് കോളജ് ഫുട്ബോൾ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ടീമംഗമായിരുന്നു വേണു. ഇന്റർ സർവകലാശാല മീറ്റിൽ ഗോപിയുടെയും വേണുവിന്റെയും ടീമുകൾ തമ്മിൽ കളി. ഗോപിയാണെന്നു കരുതി എതിർ ടീം പന്ത് വേണുവിനു പാസ് ചെയ്തു. വേണു അടിച്ച ആ ഗോളിൽ ടീം ജയിച്ചു.

∙ എൻജിനീയർ ആയ വേണു സഹോദരന്റെ ക്ലിനിക്കിൽ ഒരിക്കൽ പോയിരുന്നു. രോഗികളിൽ ചിലർ മരുന്നു കുറിപ്പടിയുമായെത്തിയപ്പോൾ പെട്ടു. പ്രശ്നം പരിഹരിക്കാൻ 2 പേരും ചേർന്നൊരു തീരുമാനമെടുത്തു. വേണു നാട്ടിൽ വരുമ്പോൾ ഒരു ബുൾഗാൻ താടി വയ്ക്കുക. ഗോപി അതു വയ്ക്കാനും പാടില്ല. ആ കരാർ ഇതുവരെ തെറ്റിച്ചിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com