ADVERTISEMENT

തൃശൂർ ∙ മാർക്കറ്റിലേത് നാറ്റമല്ല, ഗന്ധമാണെന്ന് സുരേഷ് ഗോപി. നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഈ ഗന്ധമെന്നും അത് സ്വീകരിക്കാൻ നമ്മൾ തയാറായേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നടപ്പാക്കാവുന്ന വികസന പ്രവൃത്തികളെ കുറിച്ചു മനസ്സിലാക്കുന്നതിനായി ശക്തൻ മത്സ്യ മാർക്കറ്റിൽ എത്തിയതായിരുന്നു എംപി. കൂടുതലായി അനുവദിക്കാൻ പറ്റുന്ന തുകയെ സംബന്ധിച്ചും അത് ഉപയോഗിച്ചു നടപ്പാക്കാവുന്ന പദ്ധതികളെപ്പറ്റിയും ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 8.15ന് മേയറുടെ ചേംബറിൽ എത്താമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി. 

ശക്തൻ മത്സ്യമാർക്കറ്റിലെ കുളം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ, സൂര്യപ്രകാശം കിട്ടത്തക്ക വിധത്തിൽ ഗ്ലാസ് മേൽക്കൂര, ടാങ്ക്, മോട്ടർ, ശുചിമുറികൾ, മാർക്കറ്റിൽ പരമാവധി ഇടങ്ങളിൽ  മുറ്റം ടൈൽ പാകൽ എന്നിവയിൽ ഏതെല്ലാം നടപ്പാക്കാനാവുമെന്നാണ് ഇന്ന് ചർച്ച ചെയ്യുകയെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. ഉദ്യോഗസ്ഥരെയും സ്ഥിരം സമിതി അധ്യക്ഷരെയും  ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

മാർക്കറ്റിൽ നടപ്പാക്കാവുന്ന പദ്ധതികളെ പറ്റി മേയർ എംപിക്കൊപ്പം നടന്നു വിശദീകരിച്ചു. പദ്ധതികൾ പ്രായോഗികമാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നതെന്നും മേയർ പറഞ്ഞു. മാലിന്യങ്ങൾ കുളത്തിലേക്ക് വലിച്ചെറിയുന്ന അവസ്ഥ ഇനി ഉണ്ടാവരുത് എന്നും  ആ രീതിയിൽ ആധുനീകരണം ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി എന്നിവരും ബിജെപി കൗൺസിലർമാരും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറും സന്ദർശനത്തിൽ കൂടെ ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com