ADVERTISEMENT

എരുമപ്പെട്ടി∙ കേരളത്തിലെ ആദ്യത്തെ നാട്ടാന പരിപാലന സംരക്ഷണ കേന്ദ്രം ഗണേഷ് ഫോർട്ട് എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിൽ പ്രവർത്തനമാരംഭിച്ചു. ആന ഉടമകളും വിവിധ ദേവസ്വങ്ങളും ആന പ്രേമികളും അംഗങ്ങളായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചിറ്റണ്ട കണ്ടൻചിറ വനത്തിനോട് ചേർന്ന് വാങ്ങിയ 30 ഏക്കർ 66സെന്റ് സ്ഥലത്താണ് കേന്ദ്രം. ഗജപൂജ, ഗണപതി പൂജ എന്നിവയോടുകൂടിയായായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ. സുന്ദർ മേനോൻ അധ്യക്ഷനായി.

എലിഫന്റ് സ്ക്വാഡ് ആംബുലൻസിന്റെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ നിർവഹിച്ചു. വി.എ. രവീന്ദ്രൻ താക്കോൽ ഏറ്റു വാങ്ങി. ട്രസ്റ്റ് കോ ഓഡിനേറ്റർ ഡോ. പി.ബി. ഗിരിദാസ് പദ്ധതി വിശദീകരിച്ചു. പി.എസ്. രവീന്ദ്രൻ നായർ പദ്ധതി  പ്രദർശനം നടത്തി. കെ. മഹേഷ്, പി.എസ്. ജയഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് അംഗം പുഷ്പ രാധാകൃഷ്ണൻ, എം.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് നടന്ന ആനയൂട്ട് കൊച്ചി ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിൽ സ്ഥാപിക്കുന്ന ഗുരുവായൂർ കേശവന്റെ പ്രതിമയുടെ ശിലാസ്ഥാപനവും നടന്നു. ആനകൾക്കും പാപ്പാൻമാർക്കുമുള്ള സൗകര്യങ്ങൾക്കു പുറമെ കേന്ദ്രത്തിനു മുകളിലൂടെ നിർമികുന്ന ആകാശപാതയാണ് മറ്റൊരു ആകർഷണീയത. പഞ്ചായത്തിലെ കണ്ടംചിറ വനം കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ചെറുചക്കിചോല ഇക്കോ ടൂറിസം പദ്ധതിയുമായി ആന പരിപാലന കേന്ദ്രത്തിനെ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സെൻട്രൽ സൂ അതോറിറ്റിയുടയും അനുബന്ധ വകുപ്പുകളുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പദ്ധതികൾ ആരംഭിക്കും. 250കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ആനകൾക്ക് വയർ നിറയെ; ആരാധർക്ക് ‘കൺനിറയെ’

‍എരുമപ്പെട്ടി∙ ചിറ്റണ്ടയിൽ നാട്ടാന പരിപാലന സംരക്ഷണ കേന്ദ്രത്തിലെ ആദ്യത്തെ ആനയൂട്ടിൽ പങ്കെടുത്തത് 22 ആനകൾ.  പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നും ആനകളെത്തി. ചിറയ്ക്കൽ കാളിദാസൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, മാവേലിക്കര ഗണപതി, തിരുവാണിക്കാവ് രാജഗോപാലൻ, പൂതൃക്കോവിൽ പാർത്ഥസാരഥി, ചെമ്പുക്കാവ് വിജയകൃഷ്ണൻ, കിഴൂട്ട് വിശ്വനാഥൻ ,പാറന്നൂർ നന്ദൻ തുടങ്ങി താരപ്പകിട്ടുള്ള കൊമ്പൻമാരും എത്തിയിരുന്നു. മഞ്ഞൾ പൊടിയിട്ട് വേവിച്ച ചോറ്, കരിമ്പ്, കൈതച്ചക്ക, വെള്ളരി എന്നിവയാണ് ആനകൾക്ക് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com