ADVERTISEMENT

കുതിരാൻ ∙ രണ്ടാം തുരങ്കം ഉടൻ തുറക്കാൻ സർക്കാർ അനുമതി നൽകിയില്ല; ഇന്നലെ രാവിലെ തുരങ്കം തുറക്കാനുള്ള കമ്പനിയുടെ നീക്കം പരാജയപ്പെട്ടു. ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം തുരങ്കം തുറക്കാനുള്ള അനുമതി തേടി കരാർ കമ്പനി നൽകിയ കത്തിനു സർക്കാർ മറുപടി നൽകിയിട്ടില്ല. പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വമാണു തുടരുന്നത്. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരട്ട വരി ഗതാഗതം അനുവദിച്ചിട്ടുണ്ട്.

സുരക്ഷാ കാര്യങ്ങൾ വിശദമായി പരിശോധിച്ചു തുറന്നാൽ മതിയെന്നു സർക്കാർ അനൗദ്യോഗികമായി കമ്പനിയെ അറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമായി ഇന്നലെ രാവിലെ തുരങ്കം തുറക്കാൻ കമ്പനി തയാറായിരുന്നു. തുരങ്കം തുറക്കാൻ നിയമപരമായി സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ പൊലീസ് അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ സഹായം വേണ്ടിയതിനാൽ സർക്കാരിനെ അറിയിക്കണമെന്നു നിബന്ധനയുണ്ട്.

എല്ലാം തയാറാക്കി; പക്ഷേ

വ്യാഴം വൈകിട്ടോടെ രണ്ടാം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. സൂചനാ ബോർഡുകൾ ഉൾപ്പെടെ തയാറാക്കി. എന്നാൽ വൈകിട്ട് സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

മുന്നൊരുക്കമില്ലാതെ ഒരു തുരങ്കം കൂടി തുറക്കുന്നതു ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു പൊലീസും ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു തുരങ്കത്തിലേക്കും വഴുക്കുംപാറ ഭാഗത്ത് ഒരു റോഡാണ് ഉപയോഗിക്കുന്നത്. ഈ ഭാഗത്തു വാഹനം രണ്ടു തുരങ്കത്തിലേക്കുമായി കടത്തി വിടുന്നതു പരിശോധിച്ച ശേഷം മതിയെന്നാണു പൊലീസ് നിലപാട്.

മുന്നൊരുക്കമില്ല; പരാതി

തുരങ്കം മുന്നൊരുക്കമില്ലാതെ തുറക്കാൻ ശ്രമിക്കുന്നെന്നും ടോൾ പിരിവു തുടങ്ങാൻ വേണ്ടിയാണിതെന്നും പരാതിയുണ്ട്. ദേശീയപാത നിർമാണത്തിൽ സംസ്ഥാന സർക്കാരിനു നിക്ഷേപമില്ലെന്നും അതിനാൽ തുറക്കും മുൻപു അറിയിച്ചാൽ മതിയെന്നുമാണു ദേശീയ പാത അതോറിറ്റിയുടെ നിലപാട്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജനുമായി ഇന്നലെ രാവിലെ ചർച്ച നടത്തി അനുമതി വാങ്ങാനുള്ള കമ്പനിയുടെ ശ്രമവും വിജയിച്ചില്ല. അതുകൊണ്ടുതന്നെ രണ്ടാം തുരങ്കം എന്നു തുറക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com