ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിലെ ഹൗസ് സർജനെ  ലഹരി മരുന്നുമായി ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി അക്വീൽ മുഹമ്മദ് ഹുസൈനാണ് (25) പിടിയിലായത്. മുറിയിൽ നിന്ന് 2.75 ഗ്രാം എംഡിഎംഎ, എൽഎസ്ഡി എന്നിവയും ഹഷീഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും കഞ്ചാവ് വലിക്കുന്നതിനുപയോഗിക്കുന്ന ഒസിബി പേപ്പറുകളും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പെരിങ്ങണ്ടൂരിൽ മുണ്ടത്തിക്കോട് റോഡിലുള്ള സ്വകാര്യ ഹോസ്റ്റലിൽ ഷാഡോ പൊലീസും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് ഇന്നലെ പുലർച്ചെ മൂന്നിനു നടത്തിയ മിന്നൽ പരിശോധനയിലാണ് അക്വീൽ പിടിയിലായത്. ഹൗസ് സർജൻസി തീരാൻ 15 ദിവസം കൂടിയേയുള്ളൂ. മെഡിക്കൽ കോളജിലെ പതിനഞ്ചോളം സുഹൃത്തുക്കൾക്ക് അക്വീൽ ലഹരി മരുന്ന് കൈമാറിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്തി കൗൺസലിങ്ങിനു വിധേയരാക്കും.

കഴിഞ്ഞ ഫെബ്രുവരിയിൽ എംഡിഎംഎയുമായി മെഡിക്കൽ കോളജ് പൊലീസ് ആശുപത്രി പരിസരത്ത് നിന്നു പിടികൂടിയ കേച്ചേരി സ്വദേശികളായ പ്രതികളുമായി പിടിയിലായ യുവാവിനു ബന്ധമുള്ളതായി മെഡിക്കൽ കോളജ് പൊലീസ് ഇൻസ്‌പെക്ടർ പി.പി. ജോയി പറഞ്ഞു. പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നേരത്തെ നടത്തിയ പരിശോധനയിൽ ഹഷീഷ് ഓയിൽ പിടിച്ചെടുത്തിരുന്നെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളായി നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. 

 ലഹരി ഉപയോഗിക്കും, വിൽക്കും ഡോക്ടർ 

തൃശൂർ∙ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവഡോക്ടർ അക്വീൽ മുഹമ്മദ് ഹുസൈൻ പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഫോണിൽ വന്നുകൊണ്ടിരുന്നത് ലഹരിമരുന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ. ഉപയോഗിക്കുന്നതിനൊപ്പം ലഹരി മരുന്ന് വിൽപനയും അക്വീൽ നടത്തിയിരുന്നെന്നു പൊലീസ് സ്ഥിരീകരിച്ചു. കുറച്ചുനാൾ മുൻപ് മെഡിക്കൽ കോളജ് പരിസരത്തു നിന്ന് ലഹരിമരുന്നുമായി പിടിയിലായ പ്രതിയിൽ നിന്ന് ഹൗസ് സർജൻമാരിൽ ആരോ ലഹരി വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നു.

ഇതനുസരിച്ചു നടത്തിയ അന്വേഷണമാണ് ഇവർ താമസിക്കുന്ന ഹോസ്റ്റലുകളിലേക്ക് എത്തിയത്. ഡോക്ടറായതിനാൽ സംശയിക്കുകയോ പരിശോധന നടക്കുകയോ ഇല്ലെന്നു കരുതി അക്വീൽ ലഹരി മരുന്ന് ഉപയോഗിച്ച ശേഷം കുപ്പികൾ പോലും അലക്ഷ്യമായി മുറിയിൽ ഇട്ടിരിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം എസിപിമാരായ ടി.ആർ. രാജേഷ്, വി.കെ. രാജു, എം.കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു.

ഒരു ഹോസ്റ്റലിനോടനുബന്ധിച്ചു ലഹരിമരുന്നു കണ്ടെത്തിയെങ്കിലും പ്രതിയെ പിടികിട്ടിയില്ല. തുടർന്നു രഹസ്യമായി നടത്തിയ നിരീക്ഷണമാണ് അക്വീലിനെ കുടുക്കിയത്. പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷകനാകേണ്ട ഒരു ഡോക്ടർ ഈ മാരകമായ ലഹരിമരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നതായി പൊലീസ് പറഞ്ഞു. മൂന്നുവർഷമായി അക്വീൽ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയും വിശാഖപട്ടണത്തു നിന്നു ഹാഷിഷ് ഓയിലും കൊണ്ടുവന്ന് സഹപാഠികൾക്കും മറ്റും വിൽക്കുകയും ചെയ്യുമായിരുന്നു.

മെഡിക്കൽ കോളജ് അടക്കമുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖല തൃശൂരിൽ പ്രവർത്തിക്കുന്നുണ്ടെന്നു നേരത്തെ സൂചന ലഭിച്ചിരുന്നു. മതിഭ്രമം ഉണ്ടാക്കുന്ന തരത്തിലുള്ള ലഹരിമരുന്നുകളാണ് പിടിച്ചെടുത്തതെന്നു പൊലീസ് പറഞ്ഞു. കൂടിയ വിലയ്ക്കാണ് വിൽപന. വില എത്രയായാലും വാങ്ങാൻ തയാറുള്ള പ്രഫഷനൽ വിദ്യാർഥികളാണ് വിൽപന സംഘത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com