ADVERTISEMENT

തൃശൂർ ∙ സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് 3 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം. രാവിലെ 9.30ന്‌ മുതിർന്ന അംഗം പതാക ഉയർത്തും. തുടർന്ന്‌ രക്തസാക്ഷികൾക്ക്‌  പ്രണാമമർപ്പിച്ച്‌  ദീപശിഖ ജ്വലിപ്പിച്ച ശേഷമാണ്‌ സമ്മേളനത്തിനു തുടക്കമാവുക.  രാവിലെ 10ന് പ്രതിനിധി സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ,

എം.സി.ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവർ  സമ്മേളനത്തിൽ പങ്കെടുക്കും. ഞായറാഴ്ച ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. അന്ന് വൈകിട്ട്‌ 5ന്‌ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സ്ക്രീനിൽ പ്രദർശിപ്പിക്കും.

ജില്ലയിലെ ആദ്യകാല പാർട്ടി നേതാക്കളുടെ  ജീവിതം പറയുന്ന ‘സമരോജ്വല ജീവിതങ്ങൾ’ എന്ന ഗ്രന്ഥം നാളെ കോടിയേരി പ്രകാശനം ചെയ്യും. 1500 പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ 175 പേരെ പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. മുൻ സമ്മേളനങ്ങളെ അപേക്ഷിച്ച് പകുതി അംഗങ്ങളെ ഇക്കുറിയുള്ളു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സമ്മേളനമെന്നും സംഘാടകർ പറഞ്ഞു.

എതിർപ്പുകളുണ്ട്: ഒന്നും ‘ശബ്ദ’മാകാനിടയില്ല 

തൃശൂർ ∙ സമ്മേവനത്തിൽ കരുവന്നൂരും കെ റയിലും ചർച്ചയാകാനിടയില്ല. വിഷയം പാർട്ടിയുടെ എല്ലാ ഘടകവും ചർച്ച ചെയ്തു കഴിഞ്ഞു. കെ റെയിൽ വിഷയത്തിൽ എതിർപ്പുകളുണ്ടെങ്കിലും ‘ശബദ്ം’ ഉയരാൻ സാധ്യതയില്ല. ചുരുക്കത്തിൽ പുറത്തുള്ള രണ്ടു ചൂടേറിയ വിഷയങ്ങളും അകത്തു പരാമർശം മാത്രമായി ഒതുങ്ങും. ജില്ലാ കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് നൽകുന്ന സൂചനയും അതാണ്. ഇന്നു തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റിയിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രമാണു പ്രസംഗിക്കുക.

175 പ്രതിനിധികളെന്നു ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും 190 പേർ വരെയുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിനിധികളുടെ എണ്ണത്തിനു ആനുപാതികമായാണു ചർച്ചയ്ക്കു സമയം അനുവദിക്കുന്നത്. കുന്നംകുളത്തുനിന്നു 15പേരും ചാവക്കാടുനിന്നു 14 പേരുമുണ്ട്. ഒല്ലുരിൽനിന്നുള്ളത് 9 പേർ മാത്രം. ഒരംഗത്തിന് ഒന്നര മിനിറ്റെന്ന രീതിയിലാണു സാധാരണ സമയം അനുവദിക്കുക. ചെറിയ ഏരിയ കമ്മിറ്റിക്കു പരമാവധി 14 മിനിറ്റുവരേയും കൂടിയ കമ്മിറ്റിക്കു 22 മിനിറ്റും കിട്ടും.

ഈ സമയത്തു പ്രസംഗിക്കാനായി പരമാവധി 3 അംഗങ്ങളെവരെ നിയോഗിക്കാം. രാജ്യാന്തരം, ദേശീയം, സംസ്ഥാനം, പ്രാദേശികം എന്നീ നാലു കാര്യങ്ങൾ ഒരോ ഏരിയയും പരാമർശിക്കും. ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം കോപ്പി ഓരോ ഏരിയയ്ക്കും നൽകും. ഈ രേഖ ഏരിയ പ്രതിനിധികൾ  ഗ്രൂപ്പുകളായി ഇരുന്നു ചർച്ച ചെയ്യണം. ഈ റിപ്പോർട്ടാണു മാർഗരേഖ. ഇവിടെവച്ചാണ് എത്ര പേർ പ്രസംഗിക്കണമെന്നും ആരാണന്നും തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com