ADVERTISEMENT

തൃശൂർ ∙ തടവറയിലും വായനാസുഖം പകരണമെന്ന സജീവന്റെ മോഹം പൂവണിഞ്ഞു. വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയുടെ ചുമതലയുള്ള തടവുകാരൻ സജീവൻ എഴുതിയ കത്തിനു മറുപടിയായി അഞ്ഞൂറിലേറെ പുസ്തകങ്ങളാണ് ഇനി ജയിൽ ലൈബ്രറിയെ നിറയ്ക്കുക. കൂടുതൽ പുസ്തകങ്ങൾ വേണമെന്ന് മോഹം തോന്നിയപ്പോഴാണ്, വിലക്കിഴിവിൽ പുസ്തകം കിട്ടുമോയെന്ന് അന്വേഷിച്ച് എൻബിഎസിലേക്ക് (നാഷനൽ ബുക് സ്റ്റാൾ) കത്തയച്ചത്.

അദ്ഭുതപ്പെടുത്തിക്കൊണ്ട് അവർ 568 പുസ്തകങ്ങളാണ് ജയിൽ ലൈബ്രറിക്കായി എത്തിച്ചത്. സജീവന്റെ കത്തിന്റെ വിവരം കാണിച്ച് കവി രാവുണ്ണി സാംസ്കാരിക മേഖലയിലെ സുഹൃത്തുക്കൾക്കു കത്തെഴുതിയാണ് നാഷനൽ‌ ബുക് സ്റ്റാളിന്റെ നേതൃത്വത്തിൽ പുസ്തക സമാഹരണം തുടങ്ങിയത്. എഴുത്തുകാരായ ഒട്ടേറെപ്പേർ പുതുതായി വാങ്ങിയും കയ്യിലുള്ളതിൽ നിന്നുമായി  പുസ്തകങ്ങൾ എത്തിച്ചു. സജീവന്റെ കത്തു കിട്ടിയതിനാൽ സാറാ ജോസഫ്  50 പുസ്തകങ്ങൾ ഏൽപിച്ചു.5 എണ്ണം കയ്യൊപ്പിട്ട് സജീവനു വേണ്ടി നൽകിയതാണ്.

ഇംഗ്ലിഷ്,ഹിന്ദി,കന്നഡ,തമിഴ് ഭാഷകളിലെ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. 66,809 രൂപ വിലയുള്ള 568 പുസ്തകങ്ങളാണ് കവി സി. രാവുണ്ണി സെൻട്രൽ പ്രിസൺ സൂപ്രണ്ട് രാജൻ സാജനെ ഏൽപിച്ചത്. സമാഹരണം തുടരുകയാണെന്നു രാവുണ്ണി പറഞ്ഞു. ഇ.ടി.വർഗീസ്, നടൻ സുനിൽ സുഖദ, നാടക സംവിധായകൻ കെ.വി.ഗണേഷ്, പത്രപ്രവർത്തകൻ ടി. രാമവർമൻ, സുമേഷ് എന്നിവരും ജയിലിലെ വെൽഫെയർ ഓഫിസർമാരായ ബിപിൻ, ബേസിൽ എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com