വീണ്ടും എം.എം.വർഗീസ്; സംഘടനാ പാടവത്തിന്റെ സമ്മാനം

സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എം വർഗീസ് സമ്മേളന ഹാളിൽ നിന്നു പുറത്തേക്കു വരുന്നു. ബേബി ജോൺ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

തൃശൂർ∙ എം.എം.വർഗീസ് വീണ്ടുമെത്തുകയാണ്. ഒരു പ്രളയത്തിനും തോൽപിക്കാനാകാത്ത കുടിയേറ്റ കർഷകന്റെ മനസ്സുമായി പാർട്ടി പ്രവർത്തനം നടത്തിയതിന്റെ വിളവാണു വർഗീസ് കൊയ്യുന്നത്. തലമുറകൾക്കു മുൻപു കുടിയേറ്റ കർഷകരായി എത്തിയവരുടെ പരമ്പരയിലാണു വർഗീസും. അവിടെനിന്നാണു വർഗീസ് കമ്യൂണിസത്തിലേക്കു കുടിയേറുന്നത്. രണ്ടു കാര്യമാണു വർഗീസിനെ വളർത്തിയത്. ഒന്ന്, ഒരിക്കലും പാർലമെന്ററി പദവികളോട് ആർത്തി കാണിച്ചില്ല.

രണ്ട്, രാഷ്ട്രീയ എതിരാളികളെപ്പോലും പിണക്കി പടിക്കുപുറത്തു നിർത്തിയില്ല. എന്നുമൊരു മുതിർന്ന നേതാവിനെപ്പോലെ പെരുമാറി. 70ൽ എസ്എഫ്ഐ രൂപീകരണ ദേശീയ സമ്മേളനത്തിൽ വർഗീസ് പ്രതിനിധിയായിരുന്നു. രണ്ടര വർഷം ഒല്ലൂക്കര ഏരിയ സെക്രട്ടറിയായിരുന്നു. എം.വി. രാഘവനോടൊപ്പം എം.കെ.കണ്ണൻ പുറത്തുപോയപ്പോൾ നഗരത്തിലുണ്ടായ വിടവ് ഒരു ചെറുപ്പക്കാരനെ കൊണ്ടുവന്ന്  നികത്തുന്നതിനുള്ള നീക്കത്തിനു നേതൃത്വം നൽകിയതു കെ.കെ. മാമക്കുട്ടിയാണ്. 17 വർഷമാണു വർഗീസ് ആ പദവിയിൽ തുടർന്നത്. 

പ്രാദേശിക നേതാവായ രണദിവെ പാർട്ടി വിട്ടപ്പോൾ നാട്ടികയിൽ ഏരിയ കമ്മിറ്റിയുടെ ചുമതല ഏൽപിച്ചത് വർഗീസിനെയാണ്. സംഘടനാ പാടവത്തിന്റെ സമ്മാനമായിരുന്നു അത്.2005ൽ ജില്ലാ സെക്രട്ടേറിയറ്റിലെത്തിയിട്ടും  ജില്ലാ സെക്രട്ടറിയാകാൻ 2018 വരെ കാത്തിരുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളുടെ ഒഴുക്കിനു ചേർന്നു നിന്നിരുന്നെങ്കിൽ ഇതിലും മുൻപ് ആ പദവിയിൽ എത്താമായിരുന്നു. ഗ്രൂപ്പുകൾ ഇല്ലാതായപ്പോൾ വർഗീസ് പഴയ  പടിയിൽത്തന്നെയുണ്ടായിരുന്നു.

കെ.രാധാകൃഷ്ണൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായപ്പോൾ വന്ന ഒഴിവിലാണു വർഗീസ് സെക്രട്ടറിയാകുന്നത്. സമ്മേളനത്തിലൂടെ സെക്രട്ടറിയാകുന്നത് ആദ്യവും. ഒരുതവണ തേറമ്പിൽ രാമകൃഷ്ണന്റെ ഭൂരിപക്ഷം 2500 വോട്ടിലേക്ക് ഒതുക്കിയത് വർഗീസ് മത്സരിച്ചതുകൊണ്ടാണ്. പാർട്ടിയുടെ പടിക്കപ്പുറത്തേക്കുണ്ടാക്കിയ ബന്ധത്തിന്റെ ഫലമായിരുന്നു അത്.  അന്തരിച്ച പ്രഫ. കെ.മുരളീധരന്റെ രീതികൾ വർഗീസും പഠിച്ചു. അതേസമയം കടുപ്പക്കാരനായ കെ.കെ. മാമക്കുട്ടിയായിരുന്നു ഗുരു.

മകൾ ഹണി എം.വർഗീസ് സ്പെഷൽ ജഡ്ജിയാണ്. മറ്റൊരു മകൾ ഡോ.സോണി എം. വർഗീസ് വിദേശത്തു ജോലി ചെയ്യുന്നു. മകൻ സോണി എം. വർഗീസ് എൻജിനീയറും. പരസ്യമായോ രഹസ്യമായോ സൈഡ് ബിസിനസുകൾ  ഇല്ലാതെ ജീവിച്ച പഴയ കമ്യൂണിസ്റ്റുകാരുടെ പരമ്പരയിൽപ്പെട്ട നേതാവാണു വർഗീസ്.  വർഗീസിന് എല്ലാകാലത്തും പാർട്ടി ശരിയായിരുന്നു. യാത്ര ചെയ്തതും ആ വഴിയിലൂടെ മാത്രമാണ്. ഒരിക്കലും ഊടുവഴികളിലൂടെ ജാഥയ്ക്കു മുന്നിൽ കയറാതിരുന്നൊരു വ്യക്തിത്വം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA