ADVERTISEMENT

പുത്തൂർ ∙ മലയോര മേഖലയിലെ കർഷകരെ ദുരിതത്തിലാക്കി കാട്ടാനക്കൂട്ടം സ്ഥിരമായി കൃഷി നശിപ്പിക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ലാത്തതിനാൽ കൃഷി ഉപേക്ഷിച്ച് കർഷകർ മറ്റ് വരുമാനമാർഗം തേടുകയാണ്.പഞ്ചായത്തിലെ മാന്ദാമംഗലം, മരോട്ടിച്ചാൽ മേഖലകളിലാണ് കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നത്. രാത്രി കർഷകർ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയും ആനയെ തുരത്തുമെങ്കിലും വീണ്ടും തിരിച്ചെത്തി ഇവ കൃഷി നശിപ്പിക്കുകയാണ്. വാഴകളുടെ പിണ്ടിയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. കൂട്ടമായി എത്തുന്ന ആനകൾ ഒരു പ്രദേശത്തെ വാഴകൾ മുഴുവൻ നശിപ്പിച്ചാണ് മടങ്ങുക.

സോളർ വേലി

ഒരു വർഷം മുൻപ് സോളർ വൈദ്യുത വേലി സ്ഥാപിച്ചതോടെ കാട്ടാനകളുടെ വരവ് ഇല്ലാതായിരുന്നു. എന്നാൽ സോളർ ബാറ്ററി കൃത്യമായ ഇടവേളകളിൽ മാറ്റാതിരുന്നത് തിരിച്ചടിയായി. ഇപ്പോൾ ആകെ വൈദ്യുത വേലിയിൽ പകുതി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ള ഭാഗത്തു കൂടിയാണ് ഇപ്പോൾ ആനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.

നഷ്ടപരിഹാരം

കഴിഞ്ഞ ദിവസം മരോട്ടിച്ചാൽ ചുള്ളിക്കടവിൽ കള്ളിപ്പറമ്പൻ ഔസേഫിന്റെയും പൈലോതിന്റെയും കൃഷി ഇടങ്ങളിൽ ആന ഇറങ്ങി 350 വാഴകളാണ് നശിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. എന്നാൽ ഇതിന് മുൻപുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. കൃഷിനാശം സംഭവിക്കുമ്പോൾ സ്ഥലം സന്ദർശിക്കുന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് വരാറില്ലെന്നും കർഷകർ ആരോപിക്കുന്നു.

കോൺഗ്രസ് ഉപവാസ സമരം ഇന്ന്

വരന്തരപ്പിള്ളി ∙ പഞ്ചായത്തിലെ പാലപ്പിള്ളി, ഇഞ്ചക്കുണ്ട്, കാരികുളം മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യം തടയാൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 9 മുതൽ 4 വരെ ഇഞ്ചക്കുണ്ട് സെന്ററിൽ നടക്കുന്ന സമരം കെപിസിസി ജനറൽ സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.ടി. വിനയൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com