ADVERTISEMENT

ചാലക്കുടി∙ കാട്ടാനകളിറങ്ങി നാശം വിതച്ച കൊന്നക്കുഴി മേഖലയിൽ കാട്ടുപോത്ത് കൂടി എത്തിയതോടെ ജനം വിറച്ചു. ജനവാസ മേഖലയിലൂടെ പാഞ്ഞ പോത്തിനെ ഒടുവിൽ വനപാലകരുടെ നേതൃത്വത്തിൽ പുഴ കടത്തി വിട്ടു. ഒരപ്പന ഭാഗത്തു കണ്ട കൂറ്റൻ കാട്ടുപോത്ത് കൃഷിയിടങ്ങളിലൂടെയും പൊതുനിരത്തുകളിലൂടെയും പുരയിടങ്ങളിലൂടെയും പാഞ്ഞു. പിന്നാലെ തോക്ക് ഉൾപ്പെടെ സന്നാഹങ്ങളുമായി എത്തിയ വനപാലകർ ജനങ്ങൾക്ക് വീടിനകത്ത് കയറി സുരക്ഷിതരായിരിക്കാൻ മുന്നറിയിപ്പ് നൽകി.

ഇതിനിടെ കൊന്നക്കുഴിയിൽ കനാൽ ബണ്ട് റോഡിലൂടെ നീങ്ങിയ പോത്ത് ജനങ്ങൾ ശബ്ദം വയ്ക്കുന്നത് അവഗണിച്ച് വഴിയിൽ നിന്ന് പുല്ലു തിന്നു. പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. മാത്യു, കൊന്നക്കുഴി സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ കെ.പി. സന്തോഷ്, ചായ്പൻകുഴി ഡപ്യൂട്ടി റേഞ്ചർ നിജേഷ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ടി.കെ. അരുൺകുമാർ, പി. രവീന്ദ്രൻ, കെ.കെ. വേലായുധൻ, കെ.കെ. മധു എന്നിവരും കൊന്നക്കുഴി, ചായ്പൻകുഴി സ്റ്റേഷനുകളിലെയും ചാലക്കുടി മൊബൈൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.

കൊന്നക്കുഴി ചക്രപാണിക്കു സമീപം പുല്ലുമുടി മല കയറ്റിവിട്ടെങ്കിലും വീണ്ടുമെത്തി. പിന്നീട് കുമ്പിളാൻമുടി വനത്തിൽ കയറ്റി വിട്ടെങ്കിലും വീണ്ടും കാട്ടുപോത്ത് നാട്ടിലെത്തി. ഒടുവിൽ ചാട്ടുകല്ലുതറ ഭാഗത്ത് പുഴ കടത്തി വിട്ടു. എറണാകുളം ജില്ലയിലെ 18–ാം ബ്ലോക്കിലേക്കു കാട്ടുപോത്തിനെ തുരത്തിയതായാണു വനപാലകർ പറയുന്നത്. രണ്ടാഴ്ച മുൻപ് കൊരട്ടിയിലും കാട്ടുപോത്തിന്റെ വിളയാട്ടം ജനത്തെ ഭയപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com