ADVERTISEMENT

തൃശൂർ ∙ സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികളുടെ കാത്തിരിപ്പു തീർന്നെങ്കിലും നിലയ്ക്കാത്ത ‘കാത്തുനിൽപി’നു തുടക്കമായി. ഒട്ടുമിക്ക റൂട്ടുകളിലും ബസ‍ുകളുടെ എണ്ണം കുറഞ്ഞതോടെ ഏറെനേരം കാത്തുനിന്നാണു വിദ്യാർഥികളുടെ യാത്ര. ഒരുവിധം കയറിപ്പറ്റിയാലും സീറ്റിലിരിക്കാൻ വിദ്യാർഥികൾക്കു ചില ബസുകളിൽ അനുവാദമില്ല.

കൺസഷൻ നിരക്കിലാണു തങ്ങളുടെ യാത്രയെന്നതാണു വിവേചനത്തിനു കാരണമെന്നു വിദ്യാർഥികൾ വേദന പങ്കുവയ്ക്കുന്നു. എന്നാൽ, സീറ്റുകളിൽ വിദ്യാർഥികൾ നിറഞ്ഞാൽ മറ്റു യാത്രക്കാർ കയറില്ലെന്നതാണു തങ്ങളെ അലട്ടുന്ന പ്രശ്നമെന്നു ബസ് ജീവനക്കാരും പറയുന്നു. കനത്ത നഷ്ടം മൂലം ഒട്ടേറെ ബസുകൾ ഓട്ടം നിർത്തുകയാണെന്നും ഇവർ പറയുന്നു.

ഓടാൻ ബസില്ല

പെരുമ്പിലാവിലെ അക്കിക്കാവ് – തിപ്പലിശേരി റൂട്ടിൽ വിദ്യാർഥികൾ നേരിടുന്നതു കനത്ത യാത്രാദുരിതം. 9 ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇപ്പോഴുള്ളത് 3 ബസുകൾ മാത്രം. രാവിലെ 8നും 9നും ഇടയിൽ ഒരേയൊരു ബസാണു വിദ്യാർഥികൾക്ക് ആശ്രയം. വൈകുന്നേരം സ്കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങേണ്ട സമയത്ത് ഒറ്റ ബസ് പോലുമില്ല. നടപ്പു തന്നെ ശരണം. പെരുമ്പിലാവ് ടിഎംവിഎച്ച്എസ്, അൻസാർ സ്കൂൾ, കടവല്ലൂർ ജിവിഎച്ച്എസ്എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികളിൽ പലരും കിലോമീറ്ററുകൾ നടന്നാണു പഠിക്കാനെത്തുന്നത്.

വാഹനമില്ല, വഴിയുമില്ല

പോർക്കുളം വെസ്റ്റ് മങ്ങാടു ഭാഗത്തു വിദ്യാർഥികളെ വലയ്ക്കുന്നതു ബസ് ക്ഷാമം മാത്രമല്ല, വഴിയിലെ ദുരിതം കൂടിയാണ്. തിരുത്തിക്കാട് – പൊന്നം റോഡിൽ പാലം നിർമാണം നടക്കുന്നതിനാൽ ഇതുവഴി ഗതാഗതമില്ല. വെട്ടിക്കടവ് റോഡ് പൊളിഞ്ഞ നിലയിലും. ഗതാഗത സൗകര്യം കുറവായതിനാൽ വിദ്യാർഥികൾ വൈകുന്നേരങ്ങളിൽ വീടെത്തുമ്പോൾ ഇരുട്ടും.

ബസ് നിർത്തില്ല

പീച്ചി ഡാം – തൃശൂർ റൂട്ടിലോടുന്ന ബസുകൾ പട്ടിക്കാട് ബസ് സ്റ്റോപ്പ് ഒഴിവാക്കുന്നത് ഈ ഭാഗത്തു വിദ്യാർഥികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. രാവിലെ തൃശൂരിലേക്കു പോകുന്ന ചില ബസുകൾ പട്ടിക്കാട് സെന്ററിലും പഞ്ചായത്ത് സ്റ്റാൻഡിലും നിർത്താറില്ലെന്നാണു പരാതി. വിദ്യാർഥികളെ കയറ്റാൻ വിമുഖത കാട്ടുന്ന സംഭവങ്ങളും കുറവല്ല. ഡോൺബോസ്കോ സ്കൂൾ സ്റ്റോപ്പിലും ചില ബസുകൾ നിർത്തുന്നില്ലെന്നു പരാതിയുണ്ട്.

തീരത്തും രക്ഷയില്ല

തീരദേശ മേഖലയിൽ സ്വകാര്യ ബസ് സർവീസുകൾ കുത്തനെ കുറഞ്ഞതാണു വിദ്യാർഥികളെ വലയ്ക്കുന്നത്. അഴീക്കോട് – കൊട‍ുങ്ങല്ലൂർ റൂട്ടിലും കൊടുങ്ങല്ലൂർ – അസ്മാബി കോളജ് റൂട്ടിലും ബസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com