ADVERTISEMENT

ചേർപ്പ് ∙ കുടുംബവഴക്കിനിടെ അനുജൻ ജ്യേഷ്ഠനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഴിച്ചിട്ടതു ജീവനോടെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനടുത്തു കുഴിച്ചിട്ടെന്നായിരുന്നു അനുജന്റെ മൊഴി. മുത്തുള്ളിയാൽ തോപ്പിൽ കൊട്ടേക്കാട്ടുപറമ്പിൽ ബാബുവിനെ (27) കൊലപ്പെടുത്തിയ കേസിലാണ് അനുജൻ സാബുവിനെ (25) കഴിഞ്ഞ ദിവസം അറസ്റ്റ് െചയ്തത്. സ്ഥിരമായി മദ്യപിച്ചു ബഹളമുണ്ടാക്കുന്ന ജ്യേഷ്ഠനെ തർക്കത്തിനിടയിൽ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് ബാബു പൊലീസിനോട് സമ്മതിച്ചിരുന്നു. മരിച്ചെന്നു കരുതി കുഴിച്ചിടുമ്പോൾ ബാബുവിനു ജീവൻ ഉണ്ടായിരുന്നതായാണു പോസ്റ്റ്മോർട്ടത്തിലെ സൂചന.

ബാബുവിന്റെ തലയ്ക്ക് മർദനമേറ്റ പാടുകളുണ്ടായിരുന്നു. രക്തം കട്ട പിടിച്ചതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുഴിച്ചിടുന്നതിനു സഹായിച്ചതിന് കേസിൽ അമ്മ പത്മാവതിയേയും പ്രതി ചേർത്തിട്ടുണ്ട്. ബാബുവിന്റെ സംസ്കാരം നടത്തി. ശ്വാസകോശത്തിൽ മണ്ണ് കയറിയിട്ടുണ്ടെന്നാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചപ്പോൾ ബാബുവിനു ബോധം നഷ്ടമായെന്നു കണ്ടു മരിച്ചുവെന്നു കരുതി കുഴിച്ചിട്ടതായിരിക്കാമെന്നാണു പൊലീസ് നിഗമനം.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇതു ലഭിക്കാതെ സംഭവത്തിൽ വ്യക്തത വരില്ലെന്നും സിഐ ടി.വി. ഷിബു പറഞ്ഞു. പത്മാവതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊലയ്ക്കു ശേഷം ബാബുവിന്റെ മൃതദേഹം 300 മീറ്ററോളം അകലെ കുഴിച്ചിടാൻ സാബു എടുത്തു കൊണ്ടുപോയത് പത്മാവതിയുടെ സഹായത്തോടെയാണെന്നു പൊലീസ് പറഞ്ഞു. കൊലപാതക വിവരം പുറത്തായ വ്യാഴാഴ്ച സാബുവിനൊപ്പം പത്മാവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയതിനാൽ പത്മാവതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

ബാബു മദ്യപിച്ചെത്തുന്നതും വഴക്കും പതിവ്

ബാബുവിനെ സാബു കൊലപ്പെടുത്തിയത് വീട്ടിൽ സ്ഥിരമായുണ്ടാകുന്ന വഴക്കിനൊടുവിൽ. ഗൾഫിൽ ജോലി ശരിയായെങ്കിലും സാബു നാട്ടിൽ തുടരുകയായിരുന്നു. താൻ കൂടി വീട്ടിൽ നിന്ന് പോയാൽ അമ്മയെ മദ്യപിച്ചെത്തുന്ന ബാബു ഉപദ്രവിക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ബാബു മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും അമ്മയെ ഉപദ്രവിക്കുന്നതും പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു.

അതിനാൽ തന്നെ കൊലപാതകം നടന്ന 16ന് രാത്രി ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടപ്പോഴും നാട്ടുകാർ ഇത് ഗൗനിച്ചില്ല. പിന്നീടാണ് ബാബുവിനെ കാണാനില്ലെന്നു വീട്ടുകാർ പറയുന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി ബാബു വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നത് പതിവായതിനാൽ അയൽക്കാരും ബാബുവിനെ കാണാതായത് കാര്യമാക്കിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com