ADVERTISEMENT

തൃശൂർ ∙ പാടി മാത്രം ശീലമുള്ള ഗായകൻ പി. ജയചന്ദ്രൻ പാഡണിഞ്ഞു പിച്ചിലേക്കിറങ്ങി. ബാറ്റുമായി ക്രീസിൽ നിലയുറപ്പിച്ച ശേഷം ബോളറോടു പറഞ്ഞു, ‘താഴ്ത്തിയെറിയൂ വിജയാ..’ മറുവശത്തു പന്തുമായി നിൽക്കുന്നതു ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനാണ്. വലിയ പന്തു കളിച്ചാണു ശീലമെങ്കിലും ചെറിയ പന്തെടുത്തു വിജയൻ എറിഞ്ഞത് അനായാസം. 

ആദ്യ 3 പന്തുകൾ അടിച്ചകറ്റാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടു വന്ന പന്തുളെല്ലാം ജയചന്ദ്രൻ അടിച്ചു പറത്തി. മുണ്ടൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൽ നടക്കുന്ന നാവിയോ യൂത്ത് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തിയതായിരുന്നു പി. ജയചന്ദ്രനും ഐ.എം. വിജയനും. കോളജ് പഠനകാലത്തു കളിച്ചിട്ടുണ്ടെന്നല്ലാതെ കഴിഞ്ഞ 60 കൊല്ലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല, 78കാരൻ ജയചന്ദ്രൻ. 

navio-youth-trophy-cricket-tournament1
തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന നാവിയോ യൂത്ത് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തിയ ഗായകൻ പി. ജയചന്ദ്രൻ പാഡ് കെട്ടിയ ശേഷം ഗ്ലൗസ് അണിയാൻ സഹായിക്കുന്ന മുൻ രാജ്യാന്തര ഫുട്ബോൾ താരം ഐ.എം. വിജയനും പ്രമുഖ ക്രിക്കറ്റ് പരിശീലകൻ പി. ബാലചന്ദ്രനും. ജയചന്ദ്രനു വിജയൻ പന്തെറിഞ്ഞു കൊടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ആദ്യ 3 പന്തുകൾ അടിച്ചകറ്റാൻ ജയചന്ദ്രനു കഴിഞ്ഞില്ലെങ്കിലും വിജയനെറിഞ്ഞ ബാക്കി പന്തുകളെല്ലാം ജയചന്ദ്രൻ അടിച്ചുപറത്തി. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

പാടാൻ പറഞ്ഞാൽ പാടുന്ന ഭാവഗായകനോട് പാഡണിയാൻ ആവശ്യപ്പെട്ടപ്പോൾ മുഖത്തു ഭാവഭേദമൊന്നും കണ്ടില്ല. ജയചന്ദ്രന്റെ കാൽച്ചുവട്ടിലിരുന്ന് ബാറ്റിങ് പാഡണിയിച്ചത്  വിജയൻ തന്നെ. ഗ്ലൗസ് അണിയിക്കാൻ പ്രമുഖ പരിശീലകനും ആത്രേയയുടെ ഹെഡ് കോച്ചുമായ പി. ബാലചന്ദ്രൻ സഹായിച്ചു. ബാറ്റുമേന്തി പിച്ചിലെത്തിയതു പൂർണ ആത്മവിശ്വാസത്തോടെ. 

ഉയർത്തിയും താഴ്ത്തിയും അനായാസം പാടാൻ കഴിവുണ്ടെങ്കിലും ഉയർന്നുവന്ന പന്തിനെ നേരിടാൻ ആദ്യം ഒന്നു പരിഭ്രമിച്ചു. വിജയനെറിഞ്ഞ 3 പന്തുകളിൽ ഷോട്ടിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അൽപം താഴ്ത്തിയെറിയൂ എന്ന ആവശ്യം വിജയൻ അനുസരിച്ചപ്പോൾ തുടർന്നുള്ള പന്തുകളെല്ലാം ജയചന്ദ്രൻ അട‍ിച്ചകറ്റി. വിജയൻ പിന്നീടു വിക്കറ്റ് കീപ്പറുടെ റോളിലേക്കു മാറിയെങ്കിലും പന്തുകളൊന്നും കീപ്പറിനടുത്തേക്ക് എത്തിയില്ല. 

ജയചന്ദ്രൻ ‘ഫോമി’ലേക്ക് ഉയർന്നു കഴിഞ്ഞെന്നു മനസ്സിലായപ്പോൾ വിജയന്റെ ആത്മഗതം, ‘ഇനിയെന്തിനാ കീപ്പർ?’ വിജയനെ കാണാനുള്ള സന്തോഷം കൊണ്ടാണു പരിപാടിക്കെത്തിയതെന്നു ജയചന്ദ്രൻ പറഞ്ഞു. വിജയന്റെ കളി കാണാൻ ഇതുവരെ അവസരം ലഭിക്കാത്തതിൽ ദുഖമുണ്ടെന്നും ഇനി കളിക്കുമ്പോൾ അറിയിച്ചാൽ എന്തായാലും കാണാനെത്തുമെന്നും ജയചന്ദ്രൻ പറഞ്ഞു. ജയചന്ദ്രനു പന്തെറിഞ്ഞു കൊടുക്കാനായതു ഭാഗ്യമാണെന്നായിരുന്നു വിജയന്റെ മറുപടി. ആത്രേയ അക്കാദമി ജനറൽ മാനേജർ പി.എസ്. സുധീർ, ഡോ. രാജേഷ് കൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com