ADVERTISEMENT

ഇഞ്ചക്കുണ്ട് ∙ തല മരവിച്ചുപോകുന്ന കാഴ്ചയായിരുന്നു അത്. ഓശാന ഞായറിനു പള്ളിയിൽ പോയി ശാന്തമായ മനസ്സോടെ വീടുകളിലേക്കു മടങ്ങിയവരുടെ മുന്നിലാണു ക്രൂരത അരങ്ങേറിയത്. നിലവിളി കേട്ടുനോക്കുമ്പോഴാണു റോഡിൽ അൽപം മുന്നിലായി അനീഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുന്ന കാഴ്ച കണ്ടതെന്നു നാട്ടുകാർ പറയുന്നു. ‘ചെയ്യല്ലേടാ’ എന്നു ചിലർ അലറിവിളിച്ചു പറഞ്ഞ‍ുനോക്കിയെങ്കിലും ഫലമുണ്ടായില്ല. വെട്ടുകത്തിയുമായി രക്തത്തിൽ കുളിച്ചുനിന്ന അനീഷിനെ പിന്തിരിപ്പിക്കാനോ തടയാനോ ആർക്കും ധൈര്യവുമുണ്ടായില്ല.

ഇഞ്ചക്കുണ്ടിൽ കൊല്ലപ്പെട്ട ചന്ദ്രന്റെയും സുഭദ്രയുടെയും മൃതദേഹം വീടിനുമുന്നിൽ സാരി ഉപയോഗിച്ച് മറച്ചിരിക്കുന്നു.
ഇഞ്ചക്കുണ്ടിൽ കൊല്ലപ്പെട്ട ചന്ദ്രന്റെയും സുഭദ്രയുടെയും മൃതദേഹം വീടിനുമുന്നിൽ സാരി ഉപയോഗിച്ച് മറച്ചിരിക്കുന്നു.

സംഭവം കണ്ട ചില സ്ത്രീകൾ തളർന്നു തൊട്ടടുത്ത വീടുകളിൽ അഭയം തേടി. ഇഞ്ചക്കുണ്ടിലെ ഇരട്ടക്കൊലപാതക സ്ഥലത്തെത്തിയ പൊലീസ് സംഘം കണ്ടതും നടുക്കുന്ന കാഴ്ചകളാണ്. 2 മീറ്ററോളം അകലത്തിൽ, റോഡിലൂടെ രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ‍ഡസനിലേറെ വെട്ടേറ്റ സുബ്രന്റെ കഴുത്ത് മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ചന്ദ്രികയുടെയും കഴുത്തിനു നേർക്കാണു വെട്ടുകളേറെയും. സമീപത്തായി അനീഷിന്റെ മൊബൈൽ ഫോൺ വീണുകിടന്നിരുന്നു.

വെട്ടാനുപയോഗിച്ചതു കശാപ്പിന് ഉപയോഗിക്കുന്നതു പോലുള്ള വലിയ കത്തിയാണ്. ഇതും ഒരു പിച്ചാത്തിയും റോഡിൽ എറിഞ്ഞശേഷമാണ് അനീഷ് ബൈക്കെടുത്തു കടന്നുകളഞ്ഞത്. ചന്ദ്രികയും സുബ്രനും നടാൻ ശ്രമിച്ച മാവിൻതൈ വീട്ടുമുറ്റത്തു കിടന്നിരുന്നു. മൺവെട്ടിയും ഇതിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, മാതാപിതാക്കളും മക്കളും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു എന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഇഞ്ചക്കുണ്ടിൽ കൊലപാതകത്തിനുപയോഗിച്ച വെട്ടുകത്തി വിരലടയാള വിദഗ്ധൻ പരിശോധിക്കുന്നു.
ഇഞ്ചക്കുണ്ടിൽ കൊലപാതകത്തിനുപയോഗിച്ച വെട്ടുകത്തി വിരലടയാള വിദഗ്ധൻ പരിശോധിക്കുന്നു.

വീട്ടുമുറ്റത്തു മാവിൻതൈ നടാനുള്ള ശ്രമം അനീഷ് വിലക്കിയതും ഇതിന്റെ പേരിലാണ്. വെട്ടാനുപയോഗിച്ച കത്തി അനീഷ് കരുതിക്കൂട്ടി കൈവശം വച്ചിരുന്നതാണോ എന്ന വിവരം പൊലീസ് അന്വേഷിക്കും. എറണാകുളത്ത് ഓൺലൈൻ ടാക്സി സർവീസിൽ ഡ്രൈവറായിരുന്ന അനീഷ് കുറച്ചു കാലമായി ജോലിയൊന്നും ചെയ്തിരുന്നില്ല. ഇയ‍ാളുടെ ടാക്സി കാർ വീടിനരികിൽ ഉപയോഗശൂന്യമായി നിലയിൽ കിടക്കുകയാണ്.

ജാതിമരം വെട്ടിയപ്പോഴും കലഹം, കയ്യാങ്കളി

വീടിനരികിൽ കാർ പാർക്ക് ചെയ്യാൻ വേണ്ടി ഒരു ജാതിമരം അനീഷ് വെട്ടിയതിന്റെ പേരിൽ ഇവരുടെ വീട്ടിൽ കലഹവും അടിപിടിയുമ‍ുണ്ടായിട്ട് അധികനാളായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. മരം വെട്ടിയത് സുബ്രനും ചന്ദ്രികയും ചോദ്യംചെയ്തതാണ് കലഹത്തിലേക്കു നയിച്ചത്. ചില തർക്കങ്ങളെത്തുടർന്ന് ഡിഎൻഎ പരിശോധന നടത്താനും ഇവർ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com