ADVERTISEMENT

തൃശൂർ ∙ ആത്മവിശ്വാസത്തിന് ഒരു രൂപമുണ്ടെങ്കിൽ അതു രൂപക് എന്ന ഇരുപത്തിയൊന്നുകാരനാണ്. വീൽചെയറിൽ ജീവിതം പരിമിതപ്പെടുത്തേണ്ടി വന്നിട്ടും തോൽക്കാൻ തയാറാകാത്ത രൂപക് 25ന് നടത്തറയിൽ ഒരു സ്ഥാപനം തുടങ്ങുകയാണ്. ഹീലിയസ് ന്യൂറോ ഡവലപ്മെന്റ് റിഹാബിലിറ്റേഷൻ ആൻഡ് റിസർച് സെന്റർ എന്നു പേരിട്ട സ്ഥാപനത്തിന് ഒരേയൊരു ലക്ഷ്യം മാത്രം – തന്നെപ്പോലെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കു താങ്ങാകുക. പ്ലസ്‌ വൺ വിദ്യാർഥിയായിരിക്കെ 4 വർഷം മുൻപു സംഭവിച്ച അപകടമാണു രൂപകിനെ വീൽചെയറിലാക്കിയത്.

കൂട്ടുകാരുമൊത്തു സ്ഥിരമായി നീന്താൻ പോകുന്ന കുളത്തിലേക്കു ചാടുന്നതിനിടെയ‍ായിരുന്നു അപകടം. സുഷുമ്ന നാഡിക്കു ക്ഷതമേറ്റു കഴുത്തിനു താഴേക്കു ശരീരം തളർന്നു. മുറിയുടെ നാലു ചുമരുകൾക്കുള്ളിലേക്കു രൂപകിന്റെ ജീവിതം ചുരുങ്ങുമെന്ന് എല്ലാവരും ഭയന്നു. എന്നാൽ, കാലം കാത്തുവച്ചതു മറ്റൊന്നായിരുന്നു. വെല്ലൂർ സിഎംസിയിലെ ചികിത്സയിലൂടെ സാവധാനം നില മെച്ചപ്പെട്ടു. 

സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന വീൽചെയറിലേക്കു ജീവിതവും മെച്ചപ്പെട്ടു. ചികിത്സ തുടരുന്നിനിടെ വിദൂര പഠനത്തിലൂടെ ബിഎ സൈക്കോളജി പഠനവും തുടങ്ങി. രണ്ടാംവർഷ വിദ്യാർഥിയാണിപ്പോൾ. തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു സഹായമേകാൻ എന്തുചെയ്യാനാകും എന്ന ചിന്തയിൽ നിന്നാണു സ്ഥാപനത്തിന്റെ പിറവി. അച്ഛൻ കെ.ജി. രമേശൻ വായ്പയെടുത്താണു മൂലധനം കണ്ടെത്തിയത്.

ഫിസിയോ തെറപ്പി, സ്പീച് തെറപ്പി, സ്പെഷൽ എജ്യുക്കേഷൻ, ഫിസിക്കൽ തെറപ്പി തുടങ്ങിയ സേവനങ്ങൾ സ്ഥാപനത്തിൽ ലഭിക്കും. ഓട്ടിസം, ഡൗൺ സിൻഡ്രം, സെറിബ്രൽ പാഴ്സി എന്നീ അവസ്ഥകൾക്കുള്ള ചികിത്സയും ഒരുക്കും. ‘എന്റെ സ്വപ്നത്തിന്റെ ആദ്യ ഘട്ടം മാത്രമാണിത്. വീൽചെയർ ഉപയോഗിച്ച് അധികം സ്ഥലങ്ങളിൽ പോകാൻ സാധിക്കില്ല. അത്തരം പൊതുഇടങ്ങൾ കുറവാണ്. അതിൽ മാറ്റം വരുത്തുകയെന്നതാണ് അടുത്ത ഘട്ടം – രൂപക് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com