ADVERTISEMENT

നടത്തറ ∙ തല ചായ്ക്കാൻ സ്വന്തമായി ഒരിടമില്ലല്ലോ എന്ന ദുഃഖം മനസ്സിലൊളിപ്പിച്ചാണ് അവൾ 3 പതിറ്റാണ്ടിനു ശേഷം പഴയ സഹപാഠികളുടെ സംഗമത്തിനെത്തിയത്. ആ ദുഃഖം പറയാതെ തന്നെ തിരിച്ചറിഞ്ഞ കൂട്ടുകാർ അവൾക്കു സമ്മാനിച്ചത് നെഞ്ചിൽ തലചായ്ക്കാൻ ഒരു ജീവിതപങ്കാളിയെത്തന്നെ. പട്ടിക്കാട് ഗവ. ഹൈസ്കൂളിലെ 1987 - 88 പത്താം ക്ലാസ് ബാച്ചിന്റെ  "സ്നേഹക്കൂട് " 30 വർഷം മുൻപ് ഒപ്പം പഠിച്ച സഹപാഠിക്കു പുതുജീവിതം ഒരുക്കിയത്. ചെറിയ പ്രായത്തിൽ വിവാഹിതയായ പുഷ്പലത (49) ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായി.

വരുമാനമില്ലാതായതോടെ വാടക വീട് ഒഴിയേണ്ടി വന്ന പുഷ്പലത, വിവാഹം കഴിച്ചയച്ച തന്റെ പെൺമക്കളുടെ വീടുകളെ ആശ്രയിക്കേണ്ടി വന്നു. സ്വന്തം വീടെന്ന സ്വപ്നം ഉള്ളിലുള്ളപ്പോഴാണു ഖത്തറിൽ ജോലി ചെയ്യുന്ന ടി.കെ.ഷാജിയുടെ നേതൃ‌ത്വത്തിൽ പഴയ പത്താംക്ലാസ് കൂട്ടുകാരുടെ ഒത്തുചേരൽ. സ്വകാര്യ കോളജ് നടത്തുന്ന പി.കെ. അനിൽ കുമാറിന്റെ വീട്ടിൽ ചേർന്നു. പുഷ്പലതയുടെ ഏകാന്ത ജീവിതം അറിഞ്ഞതോടെ സഹപാഠികളുടെ മനസ്സ് നീറി. വീട് നിർമിച്ച് നൽകാമെന്നായി ആദ്യ ആലോചന.

എന്നാൽ, കൂട്ടിന് ആരുമില്ലല്ലോ എന്ന ചിന്ത വന്നതോടെ പുനർ വിവാഹത്തെക്കുറിച്ചു കൂട്ടുകാർ ചോദിച്ചു. പുഷ്പലതയ്ക്കു പറ്റിയ ഒരാൾക്കു വേണ്ടി ഒന്നരമാസം കൂട്ടുകാർ തിരഞ്ഞു. ഒടുവിൽ, അനിൽ കുമാറിന്റെ വീടിനോടു ചേർന്നു താമസിക്കുന്ന പട്ടിക്കാട് സ്വദേശി മുരളിയെ അവർ കണ്ടെത്തി. മുരളിയുടെ ഭാര്യ 17 വർഷം മുൻപ് മരിച്ചിരുന്നു. പുഷ്പലതയെ കുറിച്ച് അറിഞ്ഞപ്പോൾ മുരളിക്കും മുരളിയുടെ മക്കൾക്കും സമ്മതം. പെണ്ണുകാണലും ഉറപ്പിക്കലും നടന്നത് കൂട്ടായ്മയിലെ അംഗമായ ജോളി ജോയിയുടെ നടത്തറയിലെ വീട്ടിൽ.

ചെമ്പൂത്ര അമ്പലത്തിൽ നടന്ന ചടങ്ങിലേക്ക് നവവധുവിനെപ്പോലെ പുഷ്പലതയെ കൂട്ടുകാർ ഒരുക്കി. വിവാഹ വസ്ത്രവും, ആഭരണങ്ങളും സഹപാഠികൾ വാങ്ങി നൽകി. തലേന്ന് നടത്തറയിൽ ഉഗ്രൻ വിരുന്നും ഒരുക്കി. രക്ഷിതാക്കളുടെ സ്ഥാനത്ത് കൂട്ടുകാർ തന്നെ അണിനിരന്നു. മുതിർന്ന സ്ഥാനത്തു വധുവിനെ കൈ പിടിച്ചു നൽകിയത് ബെന്നി കണ്ണാറ എന്ന സഹപാഠി. വരന്റെ വീട്ടിൽ വധുവിനെ എത്തിച്ചു കൂട്ടുകാർ പിരിയുമ്പോൾ പുഷ്പലതയുടെ മനസ്സിൽ പഴയ പത്താംക്ലാസ് പിരിഞ്ഞപ്പോഴുണ്ടായ അതേ സങ്കടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com