ADVERTISEMENT

തൃശൂർ ∙ രണ്ടുകൊല്ലം അണകെട്ടി നിർത്തിയ, കെട്ടുപൊട്ടിച്ചു പായാൻ വെമ്പി നിൽക്കുന്ന ജലം; അതായിരുന്നു ജനം. അണപൊട്ടി; ഇരമ്പിയെത്തുന്ന പ്രളയജലം എന്തെക്കെ ചെയ്യുമോ, അതൊക്കെ ജനം ചെയ്തു. ‘മഹാമാരി’ തീർത്ത കോട്ടകളൊക്കെ കടപുഴക്കി; തേക്കിൻകാട്ടിലേക്കു പാഞ്ഞു. തീരങ്ങളിൽ നിന്ന ഒറ്റക്കാണിയെപ്പോലും കവർന്നെടുത്തു കൂടെക്കൂട്ടി. നടുവിൽ മഠത്തിന്റെ മുന്നിലും ഇലഞ്ഞിത്തറയിലും തെക്കേഗോപുര നടയിലുമൊക്കെ ഒഴുകിപ്പരന്ന ആ മഹാജലം മേളത്തിലും കുടമാറ്റത്തിലും അലയടിച്ച് തെക്കേഗോപുരനടയിൽ ഒരു കടലായി. എല്ലാ പുഴകളും ചെന്നു ചേരുന്ന ഒരേയൊരു കടൽ.. പൂരം!

തൃശൂർ പുരത്തോടനുബന്ധിച്ച് പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ്   ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ
തൃശൂർ പുരത്തോടനുബന്ധിച്ച് പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ

രണ്ടുവർഷം മനുഷ്യനെ വായ മൂടിക്കെട്ടി മാറ്റി നിർത്തിയ മഹാമാരീ, നിനക്കുള്ള മറുപടിയാണിത്; തൃശൂർ പൂരം! അതിരാവിലെ ഘടകപൂരങ്ങൾ, മണലിപ്പുഴയും കരുവന്നൂർപ്പുഴയും കുറുമാലിയും പോലെ പല കൈവഴികളായി പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തി. പതിനൊന്നേകാലോടെ നടുവിൽമഠത്തിനു മുന്നിൽ കോങ്ങാട് മധുവിന്റെ തിമിലയിൽ നിന്ന് പഞ്ചവാദ്യത്തിന്റെ നിള പുറപ്പെട്ടു. ഗജവീരൻ ചന്ദ്രശേഖരന്റെ പുറത്ത് എഴുന്നള്ളിയ തിരുവമ്പാടി ഭഗവതി സാക്ഷി. മദ്ദളവും ഇടയ്ക്കയും കൊമ്പും ഇലത്താളവും തകർത്തു പെയ്തതോടെ ജനം ഭാരതപ്പുഴ, അല്ല; ആരവപ്പുഴയായി മാറി.

പഞ്ചവാദ്യം കലാശിച്ചിട്ടും താളമടങ്ങാത്ത കൈകളുമായി ‘ജലം’ നേരെ പാറമേക്കാവിന്റെ മുറ്റത്തേക്ക് ഒറ്റപ്പാച്ചിൽ! പാറമേക്കാവ് പത്മനാഭന്റെ പുറത്ത് എഴുന്നള്ളി നിൽക്കുന്ന ഭഗവതിയെ തൊഴുത് പെരുവനത്തിന്റെ പഞ്ചാരിയെയും കൂട്ടിയൊഴുകി; ഇലഞ്ഞിത്തറയിലേക്ക്. നൂറിലേറെ മേളക്കൈകളിലും ആയിരക്കണക്കിനു താളക്കൈവഴികളിലുമായി ജനപ്രളയം ഒഴുകിപ്പരക്കുകയായിരുന്നു അപ്പോൾ. സമയം 2.40, ശ്രീമൂലസ്ഥാനം. പതിയെ ഒഴുകിത്തുടങ്ങി ആർത്തലയ്ക്കുന്ന ഒരു അരുവിയായി മാറിയൊരു പ്രവാഹം. കിഴക്കൂട്ട് അനിയൻ മാരാരുടെ തിരുവമ്പാടി പാണ്ടിമേളം!

തൃശൂർ പുരത്തിന്റെ പ്രധാന ആകർഷണമായ പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ മുഖാമുഖം നിന്നുള്ള കുടമാറ്റം കാണാനെത്തിയ ജനക്കൂട്ടത്തിന്റെ പനോരമിക് ചിത്രം ചിത്രം : മനോരമ

അതിനൊപ്പം ഇലഞ്ഞിത്തറമേളം കൂടി കലാശിച്ചതോടെ ഗജവീരന്മാർക്കു നടന്നുപോകാനുള്ള നേർത്ത ഇടവഴികൾ മാത്രം തെളിഞ്ഞു. ബാക്കി ഇടങ്ങളിലെല്ലാം ആളും ആരവുമായി ജനം കരകവിഞ്ഞു. ഒരു നിമിഷം; ജലം ഒഴുകിപ്പരന്നു കഴിഞ്ഞെന്ന പോലെ പുഴകളെല്ലാം ശാന്തമായി. ഒരിലത്താളത്തിന്റെ ഇലയനക്കം  പോലുമില്ല. സാഗരഗർജനത്തിനു തൊട്ടുമുൻപുള്ള ശാന്തത. ഈ തക്കം നോക്കി, പതിനഞ്ചാനപ്പുറത്ത് കുടകളുമായി പാറമേക്കാവ് വിഭാഗം രാജപ്രതിമയെ വണങ്ങി സ്വരാജ് റൗണ്ടിലെ റോഡിൽ അൽപം കിട്ടിയൊരു കരയിൽ ആനക്കാലൂന്നി നിലയുറപ്പിച്ചു.

തിരുവമ്പാടി വിഭാഗമാകട്ടെ തെക്കേഗോപുരം അതിരിട്ട കരയിലും. ഒരു മഹാസമുദ്രത്തിന്റെ രണ്ടു വൻകരകളിലായി ലോകം വേർതിരിഞ്ഞു. ആദ്യം പാറമേക്കാവ് കരയിൽ ആനപ്പുറത്ത് വർണക്കുടകൾ വിരിഞ്ഞു. പിന്നെ തിരുവമ്പാടിക്കരയിലും. ആവേശത്താലുയർന്ന ജലക്കൈകൾ ഇരുകരയിലേക്കും ആർത്തുകയറുകയും മടങ്ങുകയും ചെയ്തു. പെരുമഴക്കാലത്ത്, മലനിരകളിൽ നിന്നു കുതിച്ചെത്തുന്ന പ്രളയജലം അതിരപ്പിള്ളിയിലൂടെ കലങ്ങിമറിഞ്ഞു കുതിക്കലുണ്ട്. അതിന്റെ കാതടപ്പിക്കുന്ന ഇരമ്പൽ ഓർമ വന്നു. രാവിലെ മുതൽ മൂടിക്കെട്ടി നിന്ന മാനം താഴേയ്ക്കു നോക്കി.

തൃശൂർ പുരത്തിൽ നിന്ന്. ചിത്രം : മനോരമ

തനിക്കു സ്വന്തമായ മഴവില്ലിൽ നിന്ന് നിറങ്ങൾ തൊട്ടടർത്തിയെടുത്ത് കലാകാരന്മാർ തീർത്തതോ ഈ കുടകൾ? സന്തോഷക്കണ്ണീർ ഒരു ചെറുമഴയായി തൂവി. മഴവില്ലിൻ നിറങ്ങളൊക്കെയും പൂരം കവർന്നെടുത്തപ്പോൾ ബാക്കിയായ വില്ലുകുലച്ച് ആകാശത്തേയ്ക്ക് തീയമ്പുകളെയ്യുന്ന വെടിക്കെട്ടിലേക്കു പൂരഭൂമി കണ്ണു നട്ടു; രാത്രിയിൽ, പൂനിലാവ് വിരിയിക്കുന്ന പരയ്ക്കാട്  തങ്കപ്പമാരാരുടെ പാറമേക്കാവ് പഞ്ചവാദ്യത്തിലേക്കു കാതുകൂർപ്പിച്ചു. മനുഷ്യനിൽ നിന്നു മനുഷ്യനിലേയ്ക്കല്ല; തലമുറകളിൽ നിന്നു തലമുറകളിലേക്ക് ‘പകർച്ച’ കിട്ടിയ മഹാമാരി ഒന്നേയുള്ളു; തൃശൂർ പൂരം!

ഈ പൂരം, പെൺപൂരം!

തൃശൂർ ∙ ‘കാന്തേ, നീയും പോര്’ എന്ന ക്ഷണം വനിതകൾ ഹൃദയത്തിൽ സ്വീകരിച്ചു. സ്ത്രീകളുടെ പങ്കാളിത്തം അസ‍ാധാരണ അളവിലേക്കു ഉയർന്നപ്പോൾ ഇത്തവണത്തെ പൂരം ചരിത്രമായി. ശ്രീമൂലസ്ഥാനത്തേക്കു ഘടകപൂരങ്ങളുടെ വരവോടെ തുടങ്ങിയതാണു വനിതാ കാണികളുടെ വരവും. മഠത്തിൽവരവ് പഞ്ചവാദ്യത്തിനും ഇലഞ്ഞിത്തറ മേളത്തിനും കാണികളുടെ മുൻ‌നിര നിറഞ്ഞു കവിഞ്ഞാണു സ്ത്രീകൾ നിൽപ്പുറപ്പിച്ചത്. കുടമാറ്റം കാണാൻ സ്ത്രീകൾക്കു പ്രത്യേക ഇടവും ഒരുക്കിയതോടെ പൂരം സർവത്ര സ്ത്രീസൗഹൃദം.

കുടുംബസമേതം പൂരം കാണാനെത്തുന്ന രീതി പണ്ടുമുതലുണ്ടെങ്കിലും തിരക്കുകളിൽ നിന്നൊഴിഞ്ഞു സുരക്ഷിതമായി പൂരം കാണുകയായിരുന്നു പൊതുരീതി. എന്നാൽ, പൂരം കാണാനെത്തുന്ന സ്ത്രീകൾക്കു സകല സുരക്ഷയും ഉറപ്പാക്കുമെന്നു ജില്ലാ ഭരണകൂടവും പൊലീസും ഉറപ്പു നൽകിയതോടെ പൂരപ്രേമികളായ വനിതകൾ ആത്മവിശ്വാസത്തോടെ ഒഴുകിയെത്തി. മഠത്തിൽവരവ് പഞ്ചവാദ്യം അരങ്ങേറിയ മഠത്തിനു മുന്നിൽ കാണികളുടെ ആദ്യനിരകളിൽ തന്നെ സ്ത്രീകളുടെ നീണ്ടനിര പ്രകടമായി.

ഇലഞ്ഞിത്തറയിൽ പാണ്ടിമേളത്തിനൊത്ത് വായുവിൽ താളംപിടിക്കുന്ന സ്ത്രീകളുടെ നിരയും ആവേശക്കാഴ്ചയായി. കുടമാറ്റം കാണാൻ സ്ത്രീകൾക്കു പ്രത്യേക ഇടം വേലികെട്ടി ഒരുക്കിയിരുന്നെങ്കിലും ഇതിനു പുറത്തേക്കും നൂറുകണക്കിനു സ്ത്രീകൾ അണിനിരന്നു. തെക്കേഗോപുരനടയ്ക്കു മുന്നിൽ പാറമേക്കാവും തിരുവമ്പാടിയും ഓരോ കുട ഉയർത്തുമ്പോഴും ഇവർ ആവേശത്തോടെ ആരവമുയർത്തി.

കനത്ത മഴ: വെടിക്കെട്ട് മാറ്റിവച്ചു

തൃശൂർ ∙ ഇന്ന് പുലർച്ചെ നടത്തേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് മാറ്റിവച്ചു. ഇനി എപ്പോൾ നടത്തുമെന്നു കാലാവസ്ഥ അറിഞ്ഞ​ശേഷമേ തീരുമാനിക്കൂ. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ അടിയന്തര യോഗം ചേർന്നാണ് വെടിക്കെട്ട് മാറ്റാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ തുടങ്ങിയ മഴ ഇടവിട്ട് രാത്രിയും തുടരുകയായിരുന്നു. വെടിക്കെട്ട് കുഴികൾ മൂടിയിട്ടുണ്ടെങ്കിലും പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

നനവുള്ളതിനാൽ വെടിക്കെട്ട് കുഴികൾക്കു ബലക്ഷയമുണ്ടാകാനും സാധ്യതയുണ്ടെന്നു ദേവസ്വങ്ങൾ വിലയിരുത്തി. ഇതേ തുടർന്നാണ് വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. മഴ കനത്തതോടെ വെടിക്കോപ്പുകൾ പുറത്തെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പൂർണതോതിലുള്ള വെടിക്കെട്ടാവും വീണ്ടും നടത്തുക. മഴ തോർന്നതിനു ശേഷം ഇന്ന് കുഴികളുടെ സുരക്ഷയും മറ്റും പരിശോധിക്കും. പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം വെടിക്കെട്ട് നടത്താനുളള സാധ്യതയും ആലോചിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com