ADVERTISEMENT

ഒരുക്കം

തൃശൂർ ∙ ഇലഞ്ഞിത്തറയിൽ ആടിയുലഞ്ഞ പാണ്ടിമേളക്കൊടുങ്കാറ്റ് അടങ്ങിയപ്പോൾ പൂരപ്രേമികൾ തെക്കേഗോപുരനട ലക്ഷ്യമാക്കി നടന്നു. വടക്കുന്നാഥന്റെ മതിൽക്കെട്ടിനു പുറത്തു ശ്രീമൂലസ്ഥാനത്തിനരികെ തിരുവമ്പാടിയുടെ മേളം കലാശം കൊള്ളുന്ന സമയമായിരുന്നു അത്. എല്ലാ കാലുകളും തെക്കേഗോപുരനടയിലേക്കു ചലിച്ചുതുടങ്ങി. ഓരോ പൂരപ്രേമിയും കാത്തിരുന്ന നിമിഷമാണിനി, കുടമാറ്റം!

വടംകെട്ടിത്തിര‍ിച്ചിട്ടും തടുത്തുനിർത്താൻ കഴിയാതെ ജനം ഇളകിയാർക്കാൻ തുടങ്ങി. 5 മണി: അതാ, പാറമേക്കാവ് പത്മനാഭന്റെ ശിരസ്സിലേറി പാറമേക്കാവിലമ്മ ഗോപുരവാതിലിലൂടെ പുറത്തേക്ക്. ജനത്തിര വകഞ്ഞുമാറ്റി മന്ദംമന്ദം മുന്നോട്ട്. 40 മിനിറ്റിന്റെ ഇടവേളയിൽ ജനം നിമിഷമെണ്ണിത്തീർക്കുന്നതിനിടെ തിരുവമ്പാടി ചന്ദ്രശേഖരനതാ ഗോപുരവാതിലിലൂടെ പുറത്തേക്ക്. ശിരസ്സിൽ തിരുവമ്പാടി ഭഗവതിയുടെ കോലം. ഇനിയത്തെ പൂരം പറയണോ...

പെരുക്കം

കാർമേഘം ആദ്യ കുട ഉയർത്തി. വർണങ്ങളൊന്നുമില്ലാത്ത, ആശങ്കയുടെ മഴക്കുട. തിരുവമ്പാട‍ിക്കും പാറമേക്കാവിനുമായിരുന്നു അടുത്ത ഊഴം. മഴയെയും മഴവില്ലിനെയും തോൽപ്പിക്കുന്ന തങ്കക്കുടകളുമായി നിറങ്ങളുടെ കുടമാറ്റം തുടങ്ങി. ഒരു നിറം പല നിറമായി, പലനിറം പെരുംനിറമായി. പലനിലക്കുടകളും ബഹുവർണക്കുടകളും സ്പെഷൽകുടകളും ഉയർന്നു. ശ്രീബുദ്ധനും ലക്ഷ്മീദേവിയും പരമശിവനും തിടമ്പും അമിട്ടുമെല്ലാം കുടകളിൽ വിരിഞ്ഞു. ശീലയില്ലാത്ത എൽഇഡി കുടയും വിടർന്നു. അസൂയപൂണ്ട മഴ ആർത്തുപെയ്തു.

എന്നാലൊന്നു കാണട്ടെയെന്ന മട്ടിൽ പൂരപ്രേമികളും. തെക്കേഗോപുരനടയിൽ കുടകൾ വിടരുമ്പോൾ ലോകം ഇവിടേക്കു ചുരുങ്ങുമെന്ന തിരിച്ചറിവിൽ മഴ തോറ്റു, പൂരം ജയിച്ചു. മഠത്തിനു മുന്നിൽ വിളമ്പിയ പഞ്ചവാദ്യസദ്യയും ഇലഞ്ഞിത്തറയിൽ പകുത്തുകിട്ടിയ മേളപ്പായസവും നുകർന്നശേഷം തെക്കേഗോപുരനടയിലെത്തിയ പൂരപ്രേമികൾക്കു ലഭിച്ച അമൃതായിരുന്നു കുടമാറ്റം. കോവിഡ് കാലത്തിന്റെ ജരാനരകൾ തീർക്കാനുള്ള ആവേശത്തോടെ കാണികൾ പൂരത്തിന്റെ ദൃശ്യാമൃത് രുചിക്കാനെത്തി. തെക്കേഗോപുര നടയിൽ കാണികളുടെ കടൽ അലയടിച്ചുകയറി.

മഴക്കാറു കണ്ടാൽ ഇളകിയാർക്കുന്ന യഥാർഥ കടലിന്റെ പ്രകൃതത്തിലേക്കു ജനക്കടൽ മാറ‍ുന്ന സമയത്തു ഗോപുരവാതിൽ കടന്നു പാറമേക്കാവ് പത്മനാഭൻ കോലവുമായി പുറത്തേക്കെഴുന്നള്ളി. പിന്നാലെ കൂട്ടാനകളും. സമയം  5 പിന്നിട്ടിരുന്നു. മുന്നോട്ടു നീങ്ങുന്നതിനിടെ ഏതാനും സെറ്റ് കുടകൾ ആനപ്പുറത്തു മിന്നിമറഞ്ഞതു വരാനിരിക്കുന്ന വർണവെടിക്കെട്ടിന്റെ ‘സ‍ാംപിൾ’ ആയി. കോലുകുത്താൻ ഇടമില്ലാത്ത ജനത്തിരക്കിനിടയിലൂടെ ആനകൾ മന്ദംമന്ദം മുന്നോട്ടു നീങ്ങി. 5.45നു തിരുവമ്പാടി ഭഗവതിയെ ശിരസ്സിലേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ ഗോപുരവാതിലിനു പുറത്തെത്തിയപ്പോൾ ജനഹർഷമുയർന്നു.

സമയം 6.10 കഴിഞ്ഞ നിമിഷങ്ങളിൽ തിരുവമ്പാടി പച്ചപ്പട്ടുകുട ഉയർത്തിയതോടെ കുടമാറ്റത്തിനു തുടക്കം. ചുവപ്പുകുടയുമായി പാറമേക്കാവിന്റെ മറുപടി. വെള്ളയും നീലയും റോസും മജന്തയും പുള്ളിയും സ്വർണവും തവിട്ടും ആനപ്പുറങ്ങളിൽ മാറിമാറി മിന്നി. ലക്ഷ്മീദേവിയുടെ കുടയുമായി പാറമേക്കാവ് ആണ് ആദ്യ ‘സ്പെഷൽ’ ഉയർത്തിയത്. തിരുപ്പതി ഭഗവാന്റെ സ്പെഷൽകുടയുമായി തിരുവമ്പാടിയുടെ മറുപടി. പാറമേക്കാവ് 3 നിലക്കുട ഉയർത്തിയപ്പോൾ തിരുവമ്പാടി ധ്യാനബുദ്ധനെ ആനപ്പുറത്തേറ്റി. പരമശിവന്റെ നാഗഫണക്കുട എൽഇഡി പകിട്ടോടെ തിരുവമ്പാടി ഉയർത്തിയപ്പോൾ ആരവമുയർന്നു.

ശീലയില്ലാത്ത എൽഇഡി കുട പാറമേക്കാവ് ഉയർത്തിയപ്പോൾ അമിട്ട് പൊട്ടിവിരിയുന്ന കാഴ്ചയുമായി സാദൃശ്യം വിരിഞ്ഞു. പൂപ്പാത്രം, മയിൽ തുടങ്ങിയ രൂപങ്ങളിലും സ്പെഷൽ കുട ഉയർന്നു. ആകെ അൻപതോളം സെറ്റ് കുടകൾ ഇരുവിഭാഗവും ഉയർത്തി. ഇടയ്ക്കിടെ മഴ കനത്തു പെയ്തപ്പോഴെല്ലാം ജനം വാശിക്ക് ആവേശം വിതറി. ആനപ്പുറത്തിരുന്നവർ തോർത്തുവീശി കുടമാറ്റത്തിന് പരിസമാപ്തി കുറിച്ചപ്പോഴാണു പൂരപ്രേമികൾ മടങ്ങിയത്, അമൃതേത്തിന്റെ തൃപ്തിയോടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com