ADVERTISEMENT

തൃശൂർ ∙ പൂരാവേശത്തിൽ നിരത്തുനിറഞ്ഞു നടക്കുമ്പോഴും ആംബുലൻസ് പാഞ്ഞെത്തുന്നതു കണ്ടു വഴിമാറിക്കൊടുത്തവർക്ക് ആഹ്ലാദിക്കാം, നിങ്ങൾ കാത്തതു 3 ജീവനുകളാണ്. മസ്തിഷ്കമരണം സംഭവിച്ച തൃശൂർ നെല്ലിക്കുന്ന് ചിറയത്ത് ആഴ്ചങ്ങാടൻ ജോസിന്റെ (61) അവയവങ്ങളാണു കോഴിക്കോട്ടും കൊച്ചിയിലും 3 പേർക്കു പുതുജീവനേകിയത്. തൃശൂർ സ്വദേശിക്കു കാഴ്ച നൽകാനും ജോസിനായി. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടതു തൃശൂർപൂരനാളിലാണ്.

തിരക്കിൽ മുങ്ങിയ റോഡുകളിലൂടെ പൊലീസ് ഒരുക്കിയ ‘ഗ്രീൻ കോറിഡോർ’ ആംബുലൻസിന് വേഗം പകർന്നു. തോപ്പ് സ്റ്റേഡിയത്തിനു സമീപം നടന്ന റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ജോസിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത് പത്തിനാണ്. അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഡോക്ടർമാർ ബോധവൽക്കരിച്ചതോടെ ബന്ധുക്കൾ സമ്മതം നൽകി.

മെഡിക്കൽ സൂപ്രണ്ട് ഡോ.പി.സി. ഗിൽവാസ്, ഡോ. ചെറിഷ് പോൾ, ഡോ. പ്രദീപ്, ഡോ. അപർണ, ഡോ. ആതിര, ഡോ. സിനിജ എന്നിവരുടെ നേതൃത്വത്തിൽ അവയവങ്ങൾ പുറത്തെടുത്തു. കണ്ണുകൾ ജൂബിലിയിലെ ഒരു രോഗ‌ിക്കാണു ദാനംചെയ്തത്. കരൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലും വൃക്കകളിലൊന്നു കോഴിക്കോട് ആസ്റ്റർ മിംസിലും അടുത്തതു കോഴിക്കോട് മെഡിക്കൽ കോളജിലും എങ്ങനെ യഥാസമയം എത്തിക്കും എന്നതായിരുന്നു െവല്ലുവിളി.

പൂരത്തിരക്കിൽ തൃശൂർ നഗരം നിശ്ചലമായി നിൽക്കെ ജൂബിലിയിൽ നിന്ന് ഐസിയു ആംബുലൻസുകൾ എറണാകുളത്തേക്കും കൊച്ചിയിലേക്കും പുറപ്പെട്ടു. ആളുകളെയും വാഹനങ്ങളെയും ഒതുക്കിയും ബാരിക്കേഡുകൾ എടുത്തുമാറ്റിയും പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസുകൾ പാഞ്ഞു. അറിയിപ്പു ലഭിച്ചയുടൻ കോഴിക്കോട്ടും കൊച്ചിയിലും ആശുപത്രികളിൽ സർജന്മാരുടെ സംഘം തയാറെടുപ്പു പൂർത്തിയാക്കിയിരുന്നു. സ്വീകർത്താക്കളും തയാറായി. ആംബുലൻസുകൾ എത്തിയ ഉടൻ അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com