ADVERTISEMENT

രണ്ടിടത്തും ഒരേ കള്ളനെന്ന് പൊലീസ്; തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ സഹായിച്ചേക്കും

ഗുരുവായൂർ ∙ തമ്പുരാൻപടിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ 12ന് 1.4 കോടി രൂപയുടെ സ്വർണം മോഷ്ടിച്ചയാൾ ഏപ്രിൽ 30ന് പാലക്കാട് കുളപ്പുള്ളിയിലും എത്തിയിരുന്നെന്നു പൊലീസിനു വിവരം. കുളപ്പുള്ളിക്കടുത്ത് ഡോക്ടറുടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവിനു കാര്യമായി ഒന്നും കിട്ടിയില്ല. പക്ഷേ, ഇയാളുടെ രൂപം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യം പ്രതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്.

ഈ ദൃശ്യം സിറ്റി പൊലീസ് വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും പ്രചരിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവരോടു വിവരം നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഗുരുവായൂരിലെ വീട്ടിൽ നിന്നു കിട്ടിയ സിസിടിവി ദൃശ്യത്തിൽ മുഖം മറച്ച നിലയിലായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ടു പോകാത്ത അവസ്ഥയിൽ എത്തിയപ്പോഴാണു കുളപ്പുള്ളിയിൽ നിന്നൊരു ‘തുമ്പ്’ പൊലീസിനു കിട്ടിയത്.

സമാന മോഷണം

ഗുരുവായൂരിലേതിനു സമാനമായി കേരളത്തിൽ നടന്ന മോഷണങ്ങൾ പരിശോധിച്ചപ്പോഴാണ് കുളപ്പുള്ളിയിലും ഗുരുവായൂരിലും കള്ളൻ ഒരാൾ തന്നെ എന്ന് പൊലീസ് ഉറപ്പിച്ചത്. കുളപ്പുള്ളിയിൽ നിന്നു ലഭിച്ച ഇയാളുടെ കൂടുതൽ വ്യക്തമായ ചിത്രം പൊലീസ് പുറത്തു വിട്ടു. ഉറച്ച ശരീരഘടനയുള്ള താടിയുള്ള മോഷ്ടാവിനു പാന്റും ടീ ഷർട്ടും തൊപ്പിയുമാണ് വേഷം. സമാനമായ വേഷമാണു ഗുരുവായൂരിൽ നിന്നു ലഭിച്ച ദൃശ്യത്തിലും.

പ്രഫഷനൽ രീതിയിൽ മോഷണം നടത്തുന്ന ഉത്തരേന്ത്യൻ സംഘത്തിലെ അംഗമാണോയെന്നും സംശയമുണ്ട്. ഇയാളുടെ രൂപ സാദൃശ്യമുള്ള ഒരാൾ മോഷണം നടന്ന സമയത്ത് ഒരു മണിക്കൂറോളം ബൈക്കിൽ പ്രദേശത്ത് കറങ്ങിയിരുന്നതായി സമീപത്തുള്ള സ്ത്രീയുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. രൂപത്തിന്റെ പ്രത്യേകത കണ്ടാണ് ശ്രദ്ധിച്ചതെന്നും പറയുന്നു. ഇതോടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കുകയാണ്.

മൊഴി വൈരുധ്യം

മോഷണം നടന്ന കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ 45 ദിവസം പെയിന്റിങ് നടന്നിരുന്നു. തൊഴിലാളികളിൽ പാലക്കാട് സ്വദേശികളും ഇതര സംസ്ഥാനക്കാരും ഉണ്ടായിരുന്നു. പൊലീസ് അൻപതോളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളും ഫോൺ വിശദാംശങ്ങളും നോക്കി മൊഴിയിൽ വൈരുധ്യം ഉണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. മോഷണത്തിൽ 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com