ആമ്പല്ലൂർ ∙ ദേശീയപാതയിലെ സിഗ്നൽ ജംക്ഷനിൽ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 7 ബസ് യാത്രികർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ പുലർച്ചെ 5.10നായിരുന്നു അപകടം. പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നതിനാൽ കാറിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിറകുവശം ബസ് മറിഞ്ഞ് തകർന്നിരുന്നു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാസർകോടുനിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 39 യാത്രക്കാരുണ്ടായിരുന്നു.
സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു പിറകിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസ് വെട്ടിക്കുകയും ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിടിച്ച് ഡിവൈഡറിലെ ബാരിക്കേഡ് എതിർദിശയിലെ പാതയിലേക്കും വീണതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഇരുഭാഗത്തേക്കും മുടങ്ങി. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി.
അതേസമയം, ആമ്പല്ലൂർ ജംക്ഷനിൽ 4 ദിവസം മുൻപ് വാഹനാപകടത്തിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരുന്ന തൂണ് മറിഞ്ഞുവീണിരുന്നു. വരന്തരപ്പിള്ളി റോഡിൽ ഭാഗിക ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വലിയ തൂണ് ഉപേക്ഷിച്ച നിലയിൽ കിടക്കുയാണ്. ഇത് പുനഃസ്ഥാപിക്കാത്തതിനാൽ ചാലക്കുടി ഭാഗത്തെക്കുള്ള വാഹനങ്ങൾക്ക് സിഗ്നൽ വ്യക്തമായി കാണുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഒരു ആഴ്ചക്കിടെ തന്നെ ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ ഒട്ടേറെ അപകടങ്ങൾ നടന്നു.