പെങ്ങാമുക്ക്∙ സംഭരിക്കാനായി കെട്ടുകളാക്കിയ വൈക്കോൽ മഴയിൽ നശിക്കുന്നു. ചെറുവള്ളിക്കടവിന് സമീപം പാടത്താണ് വൈക്കോൽ കെട്ടുകൾ കിടക്കുന്നത്. ഇത്തവണ നെല്ലിന് വിളവ് കുറവ് മൂലം നഷ്ടത്തിലായ കർഷകർക്ക് വൈക്കോൽ വിൽപനയിലൂടെ ലഭിച്ചിരുന്ന പണവും കിട്ടാതെയായി.ആദ്യം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ വൈക്കോൽ കെട്ടിന് 150-180 രൂപ വരെ ലഭിച്ചിരുന്നു. കൊയ്ത്ത് വ്യാപകമായതോടെ കെട്ടിന് 120-150 രൂപ ലഭിച്ചു. ഒരു ഏക്കർ പാടത്തെ വൈക്കോൽ 3000-3500 രൂപയ്ക്കാണ് കരാറുകാർ എടുത്തിരുന്നത്.
മേഖലയിൽ അവസാനം കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിലെ വൈക്കോലാണ് മഴ മൂലം സംഭരിക്കാൻ കഴിയാതിരുന്നത്. മഴ നനഞ്ഞ വൈക്കോലിൽ പൂപ്പൽ ബാധിക്കുന്നതാണ് തിരിച്ചടിയാകുന്നത്. കെട്ടുകളാക്കിയതിനാൽ ഉണക്കുന്നതിനും കഴിയാത്ത സ്ഥിതിയിലായി. ഒരു വർഷത്തേക്ക് സംഭരിക്കാനായി ഉണങ്ങിയ വൈക്കോലാണ് ക്ഷീര കർഷകർ വാങ്ങുന്നത്.