ADVERTISEMENT

തൃശൂർ∙ ഓറഞ്ച് അലർട്ട് മാറി മാനം തെളിഞ്ഞാലുടൻ പൂരം വെടിക്കെട്ട്. പകൽ മഴ മാറി നിന്നാൽ ഏതു ദിവസവും വൈകിട്ട് വെടിക്കെട്ട് നടത്താൻ തയാറാണെന്നു ദേവസ്വങ്ങൾ അറിയിച്ചു. എന്നാൽ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 19 വരെ ഏതു സമയത്തും മഴ ശക്തമാകാം. സമയം നിശ്ചയിച്ചിട്ടു വീണ്ടും മാറ്റേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഓറഞ്ച് അലർട്ട് മാറുന്നതു വരെ കാത്തിരിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പൊലീസും ഈ നിലപാട് സ്വീകരിച്ചതായാണ് വിവരം. അതേസമയം, കാലവർഷം കൂടുതൽ അടുത്തെത്തുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.  

വെടിക്കെട്ടുമായി ബന്ധപ്പെട്ടു പലരും ചോദിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും: 

മരുന്നൊക്കെ നനഞ്ഞു കുതിർന്നിട്ടുണ്ടാവില്ലേ?

വെടിക്കെട്ടിനുതയ്യാറാക്കിയ സാമഗ്രികൾ ഇരു ദേവസ്വങ്ങളും തേക്കിൻ കാട് മൈതാനിയിൽ ശ്രീമൂലസ്ഥാനത്തിന് ഇരുപുറവുമുള്ള അംഗീകൃത മാഗസിനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനകത്ത് നനവ് പിടിക്കില്ല. കുഴിമിന്നൽ, ഗുണ്ട്, ഓലപ്പടക്കം എന്നിവയും ശിവകാശിയിൽ നിന്ന് എത്തിച്ച കളർ അമിട്ടുകളും എല്ലാം മാഗസിനിൽ സുരക്ഷിതമാണ്. തേക്കിൻകാട്ടിൽ വെടിക്കെട്ടിനായി എടുത്ത കുഴികളിൽ മരുന്ന് നിറച്ചിട്ടില്ല. അതിനാൽ, മരുന്ന് നനഞ്ഞിരിക്കുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. 

മാഗസിൻ സുരക്ഷിതമാണോ?

വെടിമരുന്നുകളും അനുബന്ധ സാമഗ്രികളും സൂക്ഷിക്കുന്നതിനായി തയാറാക്കുന്ന കെട്ടിടമാണ് മാഗസിൻ. കരിങ്കല്ലു കൊണ്ടുള്ള ചുവരുകളാണ് ഇവയുടേത്. മേൽക്കൂര കോൺക്രീറ്റ്. പൂരപ്പിറ്റേന്ന് പകൽ വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽ തന്നെ നടന്നപ്പോഴും മാഗസിനുകളിൽ വെടിമരുന്നുകൾ സുരക്ഷിതം.  മാഗസിനുകൾ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്.  കലക്ടർ പൂട്ടി താക്കോൽ തഹസിൽദാരെ ഏൽപ്പിച്ചിരിക്കുകയാണ്. ദേവസ്വം പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കൂ.

മഴ നീണ്ടാൽ വെടിക്കോപ്പുകൾ എന്തു ചെയ്യും?

വെടിക്കെട്ട് തയാറാക്കി കഴിഞ്ഞാൽ നശിപ്പിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ മാർഗം അത് തീ കൊടുത്ത് പൊട്ടിക്കുന്നതു തന്നെ. വെള്ളമൊഴിച്ചു നിർവീര്യമാക്കിയാൽ  പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും.  പൊട്ടിക്കുമ്പോൾ അത് സെക്കൻഡുകൾ കൊണ്ട് നശിക്കും. കരിമരുന്നുകൾ പ്രത്യേക ഷെല്ലുകളിലായിട്ടാണ് ഇപ്പോൾ ഇരിക്കുന്നത്. ഈ ഷെല്ലുകളിൽ നിന്ന് മരുന്ന് അഴിച്ചെടുക്കുന്നതാണ് അപകടകരം. അതിനാൽ വെടിക്കെട്ട് നടത്തിത്തന്നെയാവും നശിപ്പിക്കുക.

കുഴികളിലെ വെള്ളം പ്രശ്നമാവുമോ?

വെടിക്കെട്ടിനായി എടുത്ത കുഴികളിൽ വെള്ളം കയറിയത് വെടിക്കെട്ടിന് തടസ്സമാകുമോ എന്നാണു പലരുടെയും  സംശയം. ഒരു മണിക്കൂർ  ശക്തമായ വെയിൽ  കിട്ടി കുഴിയിലെ വെള്ളം വലിഞ്ഞു കഴിഞ്ഞാൽ വെടിക്കെട്ട് നടത്തുന്നതിന് തടസ്സമില്ല എന്നാണ് വെടിക്കെട്ട് പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ വിശദീകരണം. ഉണങ്ങിക്കഴിഞ്ഞാൽ കുഴികൾ ടാർപോളിൻ കൊണ്ടു മൂടിയിടും. തുടർന്ന് വെടിമരുന്ന് കുഴിയിലേക്ക് നേരിട്ട് നിറയ്ക്കുകയല്ല; മരുന്നിന് കവചമുണ്ട്. അതിനാൽ വെള്ളവുമായി കൂട്ടിമുട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com