ADVERTISEMENT

തൃശൂർ ∙ പൊലീസ് സേനയിലേക്ക് 446 വനിതാ  ഓഫിസർമാർ കൂടി.  വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാം ബാച്ചിലെ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് 22ന് എട്ടിന്  രാമവർമപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകൾ നൽകും.   2021 ഏപ്രിൽ 15ന് ആണ് ഈ ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്. 

പത്ത് ദിവസത്തിനുള്ളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 66 ദിവസം മാതൃ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇക്കാലയളവിലും ഓൺലൈൻ ആയി സിലബസ് അനുസരിച്ചുള്ള പഠനം  നടന്നു. പരിശീലനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലോക്കൽ പൊലീസിന്റെ ദൈനംദിന ഡ്യൂട്ടിയിൽ  ഇടപെട്ട് അനുഭവ സമ്പത്ത് കൈവരിക്കാൻ ഇവർക്ക് സാധിച്ചു. പരിശീലനം പൂർത്തിയാക്കിയവരിൽ 280 പേർ വിവാഹിതരാണ്. ഭൂരിഭാഗം പേരും 30 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 25 വയസ്സിനു താഴെയുള്ള 41 പേരുണ്ട്. 

 എം.സി.എ. 2, എം.ബി.എ. 6, എം.ടെക് 7, ബി.ടെക് 58, ബിഎഡ് 50, ബിരുദാനന്തര ബിരുദം 119, ബിരുദം 186 എന്നിങ്ങനെയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. വിവിധ സർക്കാർ സർവീസിൽ നിന്ന് രാജി വച്ച് വന്നവരാണ് 18 പേർ. കൂടുതൽപേർ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്;  110.  തൃശൂരിൽ നിന്ന്  23 പേരുണ്ട്.   112 പേരുള്ള  വനിതാ ബറ്റാലിയൻ ബാച്ച് കൂടി  അക്കാദമിയിൽ പരിശീലനത്തിലുണ്ട്.

പൊലീസ് അക്കാദമിയിൽ ഗവേഷണ കേന്ദ്രം 

തൃശൂർ ∙ ഗവേഷണ സൗകര്യങ്ങൾക്കായി പൊലീസ് അക്കാദമിയിൽ ആരംഭിച്ച കേന്ദ്രം  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4ന് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. കേരളത്തിലും പുറത്തുമുള്ള സർവകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവ ശേഖരണം, ഗവേഷണ സഹായം എന്നിവ പൊലീസ് ഗവേഷണ കേന്ദ്രം ഒരുക്കും. ജനനന്മയ്ക്കും പൊലീസ് വികസനത്തിനും ഉതകും വിധം ആധുനിക സാങ്കേതികതയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. 

40 ലക്ഷം രൂപ ചെലവഴിച്ച് കോസ്റ്റ് ഫോഡിന്റെ  നേതൃത്വത്തിൽ പണി കഴിപ്പിച്ച  2000 ചതുരശ്ര അടി കെട്ടിടമാണ് ഗവേഷണ കേന്ദ്രം. ഉദ്ഘാടന ചടങ്ങിൽ പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ശാരീരിക ക്ഷമതയും കായിക ക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമാക്കി പൊലീസ് അക്കാദമിയിൽ ആരംഭിക്കുന്ന ഫിസിക്കൽ ട്രെയിനിങ് (പിടി) നഴ്സറിയുടെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. പൊലീസ് പരിശീലനാർഥികൾക്ക് ആത്മവിശ്വാസവും കരുത്തും പകരുന്ന ആധുനിക വിദ്യകൾ പരിശീലിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com