ADVERTISEMENT

ഇരിങ്ങാലക്കുട ∙ പാടത്തു നിന്നു പതിവായി ദുർവിധി കൊയ്തെടുക്കേണ്ട ഗതികേടിലാണു ഗീതയും മകൻ ഗോകുൽദാസും. മുരിയാട് കായലിലെ കോക്കറച്ചാൽ പാടശേഖരത്തിൽ കൃഷിയിറക്കുന്ന കുഴിക്കാട്ടുകോണം കരുവത്തു നാരായണന്റെ ഭാര്യ ഗീതയ്ക്കും മകൻ ഗോകുലിനും ഇത്തവണ നഷ്ടം ഒൻപതരയേക്കറിലെ കൃഷി. കഴിഞ്ഞ വർഷം ഒന്നരയേക്കർ കൃഷി നശിച്ചിരുന്നു. സ്വന്തമായുള്ള 60 സെന്റ് പാടത്തിനു പുറമേ 9 ഏക്കർ പാട്ടത്തിനെടുത്താണ് ഇവരുടെ കൃഷി.

കഴിഞ്ഞ വർഷം കൊയ്ത്തു തുടങ്ങി പൂർത്തിയാകുന്നതിനു തൊട്ടുമുൻപാണു മഴ എത്തിയത്. ഒന്നരയേക്കറിൽ വിളഞ്ഞ നെല്ല് കൊയ്യാനാകാതെ ചീഞ്ഞുനശിച്ചു. ഇത്തവണ മുഴുവൻ കൃഷിയും വെള്ളത്തിൽ നശിച്ചു. 2 തവണയായി 4 ലക്ഷം രൂപയോളം കടമാണു കൃഷി നൽകിയ മിച്ചം. കൃഷിയല്ലാതെ ഈ കുടുംബത്തിനു മറ്റു വരുമാനമൊന്നുമില്ല. പ്രവചിക്കാനാകാത്ത കാലാവസ്ഥയെ വിശ്വസിച്ച് ഇനിയെത്ര കാലം കൃഷി ചെയ്യാനാകുമെന്ന ആശങ്കയിലാണിവർ. 

ഇത്തവണത്തെ നെൽക്കൃഷിയിൽ 2 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ച കടവല്ലൂർ കോട്ടപ്പുറം വീട്ടിൽ ജയൻ.

വെള്ളക്കെട്ടിൽ ചീഞ്ഞു വെള്ളമില്ലാതെ കരിഞ്ഞു

പെരുമ്പിലാവ് ∙ വെള്ളം കൂടിയതായിരുന്നു ആദ്യത്തെ പ്രശ്നം. നട്ട വിത്തു മുഴുവൻ നശിച്ചുപോയി. വെള്ളമില്ലാത്തതായിരുന്നു അടുത്ത പ്രശ്നം. വേനൽ കടുത്തപ്പോൾ വെള്ളമില്ലാതെ നെൽച്ചെടികൾ കരിഞ്ഞുണങ്ങിപ്പോയി. ഇതൊക്കെ ഒരുവിധം അതിജീവിച്ചപ്പോൾ രോഗം ബാധിച്ചു വിളവു മുരടിച്ചു. ഇത്രയേറെ നഷ്ടം സംഭവിച്ച മറ്റൊരു സീസൺ ഉണ്ടായിട്ടില്ലെന്നു കടവല്ലൂർ കോട്ടപ്പുറത്ത് ജയൻ പറയുന്നു. കൂലിപ്പണിക്കാരനായിരുന്ന ജയൻ 4 വർഷം മുൻപു ഭൂമി പാട്ടത്തിനെടുത്താണു കൃഷി തുടങ്ങിയത്.

സ്വന്തമായുള്ള ഒന്നരയേക്കർ പാടത്തിനു പുറമേ 14 ഏക്കർ കൂടി പാട്ടത്തിനെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. മുണ്ടകൻ നട്ട സമയത്തു തന്നെ തിരിച്ചടികൾ തുടങ്ങി. വെള്ളത്തിൽ മുങ്ങി വിത്ത് നശിച്ചതോടെ 3 വട്ടം വിതയ്ക്കേണ്ടി വന്നു. വളപ്രയോഗവും കീടനാശിനി പ്രയോഗവും കഴിഞ്ഞു നെൽച്ചെടികൾ വളർന്നുപൊന്തി നിൽക്കെയാണു വേനൽമഴ. അതിൽ 3 ഏക്കറിൽ കൃഷി നശിച്ചു. ഇലകരിച്ചിൽ, തണ്ടുചീയൽ എന്നീ രോഗങ്ങൾ ബാധിച്ചു രണ്ടരയേക്കർ കൃഷി നശിച്ചു.

കടവല്ലൂർ മരക്കാട് പാടത്തു നടന്ന ഒന്നരയേക്കർ കൃഷി വേനൽ കടുത്തപ്പോൾ വെള്ളമില്ലാതെ ഉണങ്ങിക്കരിഞ്ഞു. മിച്ചം കിട്ടിയ വിളവാണെങ്കിൽ നന്നേ കുറവും. പ്രതികൂല കാലാവസ്ഥയും രോഗബാധയും ആയിരുന്നു കാരണം. ഏക്കറിന് 2200 കിലോ നെല്ല് ശരാശരി ലഭിച്ച സ്ഥാനത്ത് 700 കിലോ മാത്രമാണ് ഇത്തവണ ലഭിച്ചത്. വളമിട്ടതും കീടനാശിനി തളിച്ചതും അടക്കം ഒട്ടുമിക്ക പണികളും സ്വയം ചെയ്തു. എന്നിട്ടും ഏക്കറിന് 32,000 രൂപ ചെലവു വന്നു. ആകെ കണക്കെടുത്താൽ 2 ലക്ഷം രൂപ നഷ്ടം, 4 മാസത്തെ അധ്വാനവും.

കുട്ടാടൻ പാടശേഖരത്തിലെ കൃഷി മഴയിൽ നശിച്ച നിലയിൽ.

‘ആരെങ്കിലും കൊയ്തെടുത്തോളൂ..’

വടക്കേക്കാട് ∙ കൊയ്യാറായ പാടം മഴയൽ മുങ്ങി; പ്രതീക്ഷ മങ്ങി 4 യുവാക്കൾ. ‘ആർക്കു വേണമെങ്കിലും കൊയ്തു കൊണ്ടുപോകാം, ഞങ്ങളെക്കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല..’ – അണ്ടിക്കോട്ടുകടവ് കുട്ടാടൻ പാടശേഖരത്തിൽ 5 ഏക്കർ കൃഷിയറക്കിയ ഷിഹാബ് കണ്ണാത്ത്, അബൂബക്കർ മാരാത്ത്, ജാഫർ, അബു എന്നിവർ പറയുന്നു. കാലംതെറ്റിപ്പെയ്ത മഴയാണ് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

കഴിഞ്ഞ വർഷം അഞ്ചേക്കറിൽ കൃഷിയിറക്കിയത് വെള്ളം കിട്ടാതെ ഉണങ്ങി നശിച്ചു. ഇത്തവണ മഴയാണു പ്രശ്നമായത്. കുട്ടാടൻ പാശേഖരത്തിലെ 100 ഏക്കറോളം ഭാഗത്തെ കൃഷിയിൽ ഇവരുടെ ഒഴികെ കൊയ്ത്ത് പൂർത്തിയായിരുന്നു. മഴ കനത്തതോടെ ഇവരുടെ നിലത്തിൽ കൊയ്ത്തു യന്ത്രം ഇറക്കാൻ കഴിയാതായി. തൊഴിലാളികളെ ഇറക്കി കൊയ്യാനുള്ള ഭാരിച്ച ചെലവോർത്തു വേണ്ടെന്നുവച്ചു. 

കാട്ടൂർ തെക്കുംപാടത്ത് 60 ഏക്കർ പാടം വെള്ളത്തിൽ

കാറളം ∙ കാട്ടൂർ തെക്കുംപാടത്തെ വിളവെടുപ്പിനു പാകമായ 60 ഏക്കറോളം പാടം വെള്ളം കയറി നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com