മിന്നൽ പോലെ ഒരുക്കം, മഴയെ തോൽപിച്ച് പെരുക്കം; പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ട്

ഇന്നലെ ഉച്ചക്ക് നടത്തിയ തൃശൂർ പൂരം വെടിക്കെട്ട്. മഴ കാരണം പല വട്ടം മാറ്റി വെച്ച വെടിക്കെട്ട് പൂരം കഴിഞ്ഞിട്ടും 10 ദിവസത്തിനു ശേഷമാണ് നടത്തിയത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
SHARE

തൃശൂർ∙ 10 ദിവസത്തെ കാത്തിരിപ്പ്. അവസാനത്തെ രണ്ടുനാൾ പകൽ തെളിഞ്ഞു തുടങ്ങിയെങ്കിലും ഓറഞ്ച് അലർട്ടിന്റെ ഭീഷണി. പകൽ നൽകുന്ന പ്രതീക്ഷയെ ഇരുട്ടിലാക്കി രാത്രി തകർത്തു പെയ്യുന്ന മഴ. തൃശൂർ പൂരം വെടിക്കെട്ട് എത്ര കഷ്ടപ്പെട്ടാലും നടത്താൻ കാത്തിരുന്ന ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും പൊലീസും ഒത്തൊരുമിച്ച് മഴയെ ഓടിത്തോൽപിച്ച് വെടിക്കെട്ട് പൊട്ടിച്ചു. പത്തുനാൾ മാഗസിനുകൾക്കു കാവൽ നിന്ന പൊലീസ്, റവന്യു ഉദ്യോഗസ്ഥർക്ക് ആശ്വാസം. അവസാന മണിക്കൂറുകളിലെ മിന്നൽ ഒരുക്കം വലിയൊരു വെല്ലുവിളിയായിരുന്നെന്ന് എല്ലാവരും പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് നടത്തിയ തൃശൂർ പൂരം വെടിക്കെട്ട്. മഴ കാരണം പലവട്ടം മാറ്റി വെച്ച വെടിക്കെട്ട് പൂരം കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് നടത്തിയത്. 	ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
ഇന്നലെ ഉച്ചയ്ക്ക് നടത്തിയ തൃശൂർ പൂരം വെടിക്കെട്ട്. മഴ കാരണം പലവട്ടം മാറ്റി വെച്ച വെടിക്കെട്ട് പൂരം കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് നടത്തിയത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

10നു പൂരം കുടമാറ്റം പകുതി പിന്നിട്ടപ്പോഴാണ് മഴ പെയ്തത്. പിന്നീടു തകർത്ത് പെയ്തു തുടങ്ങി. ഒൻപതരയോടെ ആ വേദനിപ്പിക്കുന്ന അറിയിപ്പു വന്നു. വെടിക്കെട്ട് മാറ്റിവച്ചിരിക്കുന്നു. പിറ്റേന്നു പൂരം പിരിയുന്നതിന്റെ പകൽ വെടിക്കെട്ട് നടന്നപ്പോഴും പ്രധാന വെടിക്കെട്ടു സാമഗ്രികൾ പൂരപ്പറമ്പിൽ കാത്തുവച്ചു. മാനം തെളിയുന്നതു നോക്കി പൂരപ്രേമികളും സംഘാടകരും കാത്തിരുന്നു. പലതവണ ദേവസ്വം പ്രതിനിധികളും കലക്ടറും പൊലീസും യോഗം ചേർന്നു. ഓറഞ്ച് അലർട്ട് തീരുന്ന 19നുശേഷം പൊട്ടിക്കാമെന്നായിരുന്നു തീരുമാനം.

വെടിക്കെട്ട് കാണാൻ കുറുപ്പം റോഡിൽ പൊലീസ് തീർത്ത ബാരിക്കേഡിന് പിന്നിൽ തടിച്ചുകൂടിയ ജനം. 	   ചിത്രം: മനോരമ
വെടിക്കെട്ട് കാണാൻ കുറുപ്പം റോഡിൽ പൊലീസ് തീർത്ത ബാരിക്കേഡിന് പിന്നിൽ തടിച്ചുകൂടിയ ജനം. ചിത്രം: മനോരമ

19ന് ഉച്ചയോടെ മാനം തെളിഞ്ഞു. വൈകിട്ടു വീണ്ടും മഴ തൂളി. രണ്ടും കൽപിച്ചുള്ള തയ്യാറെടുപ്പിലേക്കുള്ള ചർച്ച തുടങ്ങുന്നത് അങ്ങനെയാണ്. രാത്രിയിലേക്കു കാത്തുനിൽക്കാതെ പകൽ, ഉച്ചത്തോർച്ചയുടെ സമയം നോക്കി പൊട്ടിക്കാൻ തീരുമാനമെടുത്തു. ദേവസ്വങ്ങൾ പൂർണ സജ്ജരായി. ട്രാഫിക് പൊലീസ് നിയന്ത്രിച്ചു. ഇന്നലെ രാവിലെ മാനം തെളിഞ്ഞു. വെയിൽ കണ്ടു. വെടിക്കെട്ടു തൊഴിലാളികൾ കുഴികൾ പുല്ലുവെട്ടിയും മണ്ണ് നീക്കിയും ഒരുക്കി. വെടിക്കോപ്പുകൾ നിറച്ചു തുടങ്ങി. പക്ഷേ, 11 മണിയോടെ മാനം കറുത്തു. വീണ്ടും ആശങ്കയുടെ നിമിഷങ്ങൾ.

മഴയ്ക്ക് മുൻകരുതലായി പ്ലാസ്റ്റിക് കവറിട്ട് ഓലപ്പടക്കത്തിന്റെ മാല മൂടിയപ്പോൾ. ചിത്രം: മനോരമ
മഴയ്ക്ക് മുൻകരുതലായി പ്ലാസ്റ്റിക് കവറിട്ട് ഓലപ്പടക്കത്തിന്റെ മാല മൂടിയപ്പോൾ. ചിത്രം: മനോരമ

ഉടൻ തീരുമാനമെടുത്തു; ഒരു മണിക്കു പൊട്ടിക്കുക. നിശ്ചയിച്ചതിലും ഒരു മണിക്കൂർ മുൻപേ. പിന്നെയെല്ലാം നെട്ടോട്ടമായിരുന്നു. പൊലീസ് സ്വരാജ് റൗണ്ട് ഒഴിപ്പിച്ചു. അതിവേഗം വെടിക്കെട്ടു സാമഗ്രികൾ നിറച്ചു. ഇടയ്ക്കു മഴ ചാറുമ്പോൾ കുറ്റികൾ മൂടിവച്ചും വെയിൽ തെളിയുമ്പോൾ വെയിൽ കൊള്ളിച്ചും സമ്മർദത്തിന്റെ നിമിഷങ്ങൾ. ഒരു മണിയോടെ വടക്കുന്നാഥന്റെ നടയ്ക്കൽ വെടിക്കെട്ടു സംഘമെത്തി. തിരികത്തിക്കൽ ചടങ്ങ് നടത്തി തിരികെ ഇറങ്ങുമ്പോൾ വീണ്ടും മഴത്തുള്ളികൾ.

പിന്നെ ഒന്നും നോക്കിയില്ല, പാറമേക്കാവു വിഭാഗം നേരേ തിരികൊളുത്തി. ഇതു കൂട്ടപ്പൊരിച്ചിലിലെത്തും വരെ മഴ മാറി നിന്നപ്പോൾ ആശ്വാസം. തിരുവമ്പാടി വിഭാഗം തിരികൊളുത്താൻ കഷ്ടിച്ച് അരമണിക്കൂർ സമയമേ എടുത്തുള്ളു. കൂട്ടപ്പൊരിച്ചിൽ തീരാൻ കാത്തുനിന്നപോലെ ഉടൻ മഴ തൂളി. അപ്പോഴും പൊട്ടിക്കാൻ അമിട്ടുകൾ ബാക്കി. മഴയുടെ ഇടവേളകൾ നോക്കി ഇവയും പൊട്ടിച്ചു തീർത്തതോടെ സംഘാടകരുടെ മനസ്സിൽ ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും പെരുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA