‘600 രൂപയുണ്ടോ? പെൻഷൻ കിട്ടിയാൽ ഉടൻ തിരിച്ചുതരാം’; 6 പേരെ പറ്റിച്ച ‘മാന്യൻ’ ഒടുവിൽ കുടുങ്ങി!

thrissur news
SHARE

തൃശൂർ ∙ ‘600 രൂപയെടുക്കാനുണ്ടോ? എന്റെ കയ്യിൽ ചില്ലറയില്ലാഞ്ഞിട്ടാ. പെൻഷൻ കിട്ടിയാൽ ഉടൻ തിരിച്ചുതരാം..’ കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന വയോധികൻ ട്രഷറിയിലേക്ക് ഓട്ടംവിളിച്ചുകൊണ്ടുപോയ ശേഷം ഓട്ടോറിക്ഷാ ഡ്രൈവർമാരോടു പതിവായി ചോദ‍ിക്കുന്ന ചോദ്യമാണിത്. ഈ വാക്കുകൾ വിശ്വസിച്ചു പണം നൽകിയ 6 പേരെ പറ്റിച്ച ‘മാന്യൻ’ ഒടുവിൽ പൊലീസ് പിടിയിലായി. തട്ടിപ്പുരീതിയെക്കുറിച്ച് ഓട്ടോഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പുകളിലൂടെ പൊലീസ് നൽകിയ വിവരണം വായിച്ചറിഞ്ഞ ഒരു ഡ്രൈവർ വയോധികനെ പിടിച്ചുവച്ചു പൊലീസിനു കൈമാറുകയായിരുന്നു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: വൃത്തിയായി വസ്ത്രം ധരിച്ച വയോധികൻ തൃശൂർ നഗരത്തിനു പുറത്തുള്ള ഏതെങ്കിലും ജംക്‌ഷനിൽ നിന്നു കലക്ടറേറ്റിലേക്ക് ഓട്ടോറിക്ഷ വിളിക്കും. യാത്രയ്ക്കിടയിൽ ഡ്രൈവറുമായി പരിചയം സ്ഥാപിക്കും. ട്രഷറിയിലേക്കാണു പോകുന്നതെന്നും പെൻഷൻ വാങ്ങാനാണു യാത്രയെന്നും വിശ്വസിപ്പിക്കും. ഓട്ടോ ട്രഷറിക്കു മുന്നിൽ പാർക്ക് ചെയ്യിച്ച ശേഷം വയോധികൻ ഉള്ളിലേക്കു പോകും. ഉടൻ തന്നെ തിരികെയെത്തിയ ശേഷം 600 രൂപ കടമായി ഡ്രൈവറോട് ആവശ്യപ്പെടും.

ചില്ലറയില്ലാത്തതുകൊണ്ടാണെന്നും പെൻഷൻ ലഭിച്ചാൽ ഉടൻ തിരികെ നൽകാമെന്നും പറയുന്നതോടെ ഡ്രൈവർ വിശ്വസിച്ചു പണം നൽകും. എന്നാൽ, പണവുമായി മുങ്ങുന്ന വയോധികനെ പിന്നീടു കണ്ടുകിട്ടില്ല. ഇത്തരം 6 പരാതികൾ ലഭിച്ചതോടെയാണു വെസ്റ്റ് എസ്ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ തട്ടിപ്പുകാരന്റെ വിവരങ്ങൾ ഓട്ടോഡ്രൈവർമാർക്കിടയിൽ പ്രചരിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം തട്ടിപ്പുകാരൻ ഗുരുവായൂരിൽ നിന്നു വീണ്ടും ട്രഷറിയിലേക്ക് ഓട്ടംവിളിച്ചെത്തി. തിരിച്ചറിഞ്ഞതോടെ ഡ്രൈവർ ആളെ പിടിച്ചുവച്ചു പൊലീസിനു കൈമാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA