ADVERTISEMENT

തൃശൂർ ∙ സർവീസ് ജീവിതത്തിലുടനീളം അഴിമതിയോ സ്വജനപക്ഷപാതമോ തീണ്ടാതിരിക്കാൻ പൊലീസ് സേനാംഗങ്ങൾ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ 446 സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു. ഏത് ആപത്തിലും ജനത്തിന്റെ ഉറ്റസഹായിയായി ഓടിയെത്തുന്ന സേനയായി പൊലീസ് മാറിയിട്ടുണ്ട്. ഇതിനപവാദമായി കാണുന്ന ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സർവീസിൽ സംശുദ്ധി പുലർത്തണം. ശമ്പളത്തിലൂടെ ആവശ്യമായ ജീവിതസൗകര്യം സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇതിൽ തൃപ്തരാകാനും മറ്റു കാര്യങ്ങളിൽ ആർത്തി കാട്ടാതെ സേവനം നടത്താനും സേനാംഗങ്ങൾ ശ്രമിക്കണം. വിവിധ യൂണിഫോം സർവീസുകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെസ്റ്റ് ഇൻഡോർ കെഡറ്റായി എ. വർഷ, ഔട്ട്ഡോർ െകഡറ്റായി പി.ജെ. ദിവ്യ, ബെസ്റ്റ് ഷൂട്ടറായി കെ.എസ്. ഗീതു, ഓൾറൗണ്ടറായി എസ്. ഐശ്വര്യ എന്നിവരെ തിരഞ്ഞെടുത്തു.

മേയർ എം.കെ. വർഗീസ്, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് മേധാവി അനിൽ കാന്ത്, പൊലീസ് അക്കാദമി ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ, ഐജി കെ.പി. ഫിലിപ്പ്, കമ്മിഷണർ ആർ. ആദിത്യ, റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, അക്കാദമി അസി. ഡയറക്ടർമാരായ കെ.കെ. അജി, പി.എ. മുഹമ്മദ് ആരിഫ്, എസ്. നജീബ് എന്നിവർ സന്നിഹിതരായി. കമാൻഡർ പി.ജെ. ദിവ്യയുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com