ADVERTISEMENT

തൃശൂർ ∙ മംഗളൂരു നിന്നു തിരുവനന്തപുരത്തേക്കു ട്രെയിനിൽ വരുന്നതിനിടെ 9 കുട്ടികളടക്കം 11 പേർക്കു ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി പുറപ്പെട്ട മാവേലി എക്സ്പ്രസിലാണു സംഭവം. 9 കുട്ടികൾ ഛർദിച്ച് അവശരാവുകയും ഒരു കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തതിനെത്തുടർന്ന് ടിക്കറ്റ് പരിശോധകൻ (ടിടിഇ) ഇടപെട്ടു. 5 പേരെ രക്ഷിതാക്കളോടൊപ്പം തൃശൂരിൽ ഇറക്കി റെയിൽവേ പൊലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിലാക്കി. യാത്ര തുടർന്ന സംഘത്തിലെ 2 പേർക്കു ബുദ്ധിമുട്ടുണ്ടായതോടെ ഇവർ എറണാകുളത്തും ചികിത്സ തേടി.

ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വീടുകളിലേക്കു പോയി. മൂകാംബികയിൽ അരങ്ങേറ്റത്തിനു പോയ തിരുവനന്തപുരത്തെ നൃത്ത അക്കാദമിയിലെ സംഘത്തിലെ ചിലർക്കാണു ഭക്ഷണം പ്രശ്നമായത്. പല സംഘങ്ങളായി പല റസ്റ്ററന്റുകളിൽ നിന്നും പിന്നീട് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടികൾ ഭക്ഷണം കഴിച്ചതിനാൽ എവിടെ നിന്നാണു വിഷബാധ എന്നു കണ്ടെത്താനായില്ല. ഭക്ഷണം കഴിച്ചു രാത്രി കിടന്ന സംഘം അർധരാത്രി ഷൊർണൂർ കഴിഞ്ഞപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്.

പുലർച്ചെ ഒരു മണിയോടെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടികൾ സുഖപ്പെട്ട് ആറുമണിയോടെ കൊച്ചുവേളി എക്സ്പ്രസിൽ യാത്ര തുടർന്നു. എറണാകുളത്ത് ചികിത്സയിലായിരുന്നവരും ഒപ്പം ചേർന്നു. യാത്രാസംഘത്തിൽ നിന്നു റെയിൽവേ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മംഗളൂരു റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ റെയിൽവേ പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്നു ഭക്ഷണം കഴിച്ച വേറെ ആർക്കും അസ്വസ്ഥത ഉണ്ടായില്ലെന്നാണു റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com