നിസാരമല്ല, ഷിഗെല്ല, വൃത്തി കൊണ്ടു നേരിടണം

thrissur news
SHARE

തൃശൂർ∙മരണകാരണം വരെയാകാവുന്ന ഷിഗെല്ല ബാക്ടീരിയയ്ക്കു പിടികൊടുക്കാതിരിക്കാൻ വൃത്തിയും സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ്. ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണു ബാക്ടീരിയ പടരുന്നത്. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗം പകരാം.

കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണു രോഗം ഗുരുതരമാകുന്നത്. നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്ന ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാവകുപ്പു പരിശോധന തുടരുന്നുണ്ട്. വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നു ഡിഎംഒ കെ.കുട്ടപ്പൻ അറിയിച്ചു. 

ലക്ഷണങ്ങൾ

∙ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷമാണു ലക്ഷണങ്ങൾ കണ്ടു തുടങ്ങുക.

∙ വയറിളക്കം, രക്തവും പഴുപ്പും കലർന്ന വിസർജ്യം, അടിവയറ്റിലെ വേദന, പനി, ഛർദി, നിർജലീകരണം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.

∙ ഒരാഴ്ച കൊണ്ടാണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുക. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾത്തന്നെ ചികിത്സ തേടണം.

∙ കുട്ടികൾക്കു കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കാം.

ശ്രദ്ധിക്കാൻ

∙ വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണു ഷിഗെല്ല ബാക്ടീരിയ. കൂടുതലും കുട്ടികളെയാണ് ഇതു ബാധിക്കുന്നത്.

∙ കുട്ടികളിൽ രോഗം ബാധിച്ചാൽ പെട്ടെന്നു നിർജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്.

∙ രോഗം പകരുന്നതു മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്.

∙ രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. 

∙ ഐസ്, ഐസ്ക്രീം, സിപ്-അപ് മുതലായവ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. യാത്രകളിൽ ശുദ്ധജലവും നല്ല ഭക്ഷണവും ഉറപ്പാക്കുക. 

∙ കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും ശുചിത്വം കുറഞ്ഞ ഇടങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വരുന്നവരും ശ്രദ്ധ പുലർത്തണം

∙ ആന്റിബയോട്ടിക് മരുന്നുകളില്ലാതെ മിക്കവരും  5-7 ദിവസം കൊണ്ടു രോഗമുക്തി നേടും. ഒആർഎസ് ഉൾപ്പെടെ നിർജലീകരണം ഒഴിവാക്കാൻ ആവശ്യമായ പരിചരണം മതിയാകും. എന്നാൽ, മറ്റു ഗുരുതര രോഗമുള്ളവർക്കും കുറഞ്ഞ പ്രതിരോധശേഷിയുള്ളവർക്കും ആന്റിബയോട്ടിക് വേണ്ടിവരും

∙ രോഗമുക്തി നേടിയാലും ഏതാനും നാളുകൾ കൂടി മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയുണ്ട് അതിനാൽ വൃത്തിയുടെ ശീലം തുടരുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA