എരുമപ്പെട്ടി∙ മദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധത്തിൽ വാക്കേറ്റവും തുടർന്ന് കൊലപാതക ശ്രമവുമുണ്ടായതിനെത്തുടർന്ന് രണ്ടുപേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 22ന് വെള്ളറക്കാട് ആദൂരിലാണ് മദ്യം വാങ്ങി നൽകാഞ്ഞതിനെ തുടർന്ന് യുവാക്കൾ കൂട്ടുകാരനായ ഷിയാസിനെ ആക്രമിച്ചത്. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് ( 31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ സിജോ ( 32) എന്നിവരാണ് അറസ്റ്റിലായത്..
സിജോ ആവശ്യപ്പെട്ട പ്രകാരം കൂട്ടുകാരനായ ഷിയാസ് മദ്യം വാങ്ങി നൽകാത്തതിനെത്തുടർന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് ഇരുവരും റിയാസിനെ ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടു പോകുകയും കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ രണ്ടാം പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വീശി ഷിയാസിന്റെ കവിളിൽ പരുക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തെ ത്തുടർന്ന് ഒളിവിൽ പോയ പ്രതികളെ പഴനിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ആയുധങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ പേരിൽ വടക്കാഞ്ചേരി, കുന്നംകുളം. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. എരുമപ്പെട്ടി എസ്ഐ ടിസി. അനുരാജിന്റെ നേതൃത്വത്തിൽ എസ്ഐ കെ.പി. ഷിബു, എഎസ്ഐ കെ.ആർ. ജയൻ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരയ ഐ.ബി. ഷൈൻ, കെ. രാജേഷ്, കെ.എസ്. അരുൺകുമാർ, എസ് തോമസ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.