ADVERTISEMENT

മാള ∙ ജോലി വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നു സ്വർണം തട്ടിയ കേസിൽ ഒളിവിൽ പോയ പ്രതി ഒരു വർഷത്തിനു ശേഷം പൊങ്ങിയത് ‘എഎസ്ഐ’ ആയി. തന്റെ കേസ് നിലനിൽക്കുന്ന അതേ സ്റ്റേഷൻ പരിധിയിൽത്തന്നെ അടുത്ത തട്ടിപ്പിനു ശ്രമിച്ച ഇയാൾ പൊലീസ് പിടിയിലായി. പുത്തൻചിറ ചിലങ്ക സ്വദേശി വാഴക്കാമഠത്തിൽ സുൽത്താൻ കരീമിനെയാണ് (29) മാള പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: 16ന് വൈകിട്ട് ആറോടെ കരിം കുഴൂരിൽ എഎസ്ഐ ചമഞ്ഞ് സഞ്ജയ് രവീന്ദ്രൻ, അവിനാശ്, അർജുൻ എന്നീ വിദ്യാർഥികളിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്.

മൂന്നുപേരും ഒരു ബൈക്കിൽ പോകുന്നതുകണ്ടുവെന്നും പിഴടയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് ചോദിച്ചുവെങ്കിലും കാണിച്ചുകൊടുത്തില്ല. തുടർന്ന് 3 പേരെയും കാറിൽ കയറ്റി സ്റ്റേഷനിലേക്കു പുറപ്പെട്ടു. മാള പഞ്ചായത്ത് സ്റ്റേഡിയത്തിന് അടുത്തെത്തിയപ്പോൾ വാഹനം നിർത്തി. 1000 രൂപ തരാമെങ്കിൽ കേസ് അവസാനിപ്പിക്കാമെന്നു പറഞ്ഞു.

പണം അടച്ച് രസീത് നാളെ സ്റ്റേഷനിലെത്തി വാങ്ങാനും നിർദേശിച്ചു. പണം കയ്യിലില്ലാത്തതിനാൽ സ്റ്റേഷനിലെത്തി നേരിട്ടു പണം അടക്കാമെന്നു പറഞ്ഞതോടെ വിദ്യാർഥികളെ വഴിയിലിറക്കി ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പൊലീസ് മണിക്കൂറുകൾക്കകം പാറപ്പുറത്തു നിന്ന് സമീപത്തുനിന്ന് ഇയാളെ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണു കഴിഞ്ഞ വർഷം സ്വർണം തട്ടിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ജോലി വാഗ്ദാനം ചെയ്ത് എട്ടര പവൻ സ്വർണമാണ് കരീം തട്ടിയെടുത്തുവെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com