ഒരു ജോലി തരുമോ, വീൽചെയറിലിരുന്ന് ഉന്നതവിദ്യാഭ്യാസം നേടിയ യുവാവിന്റെ ചോദ്യം; ജോലിക്കാര്യം ‘നടക്കുമോ’?

തേക്കിൻകാട് മൈതാനത്ത് വീൽ ചെയറിൽ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന ബിജു പോൾ.
തേക്കിൻകാട് മൈതാനത്ത് വീൽ ചെയറിൽ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന ബിജു പോൾ.
SHARE

തൃശൂർ ∙ മലയാളത്തിൽ എംഎ, ബേസിക് കൗൺസലിങ് കോഴ്സ് സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്, വീൽചെയർ കാറ്റഗറിയിൽ ബോഡി ബിൽഡിങ്, പവർ ലിഫ്റ്റിങ് മെഡലുകൾ. ഇതൊക്കെയുണ്ട്. പക്ഷേ, എനിക്കൊരു ജോലി തരാൻ ആരുമില്ല. തെക്കേഗോപുരനടയിൽ വീൽചെയറിലിരുന്ന് ബയോഡേറ്റ ഉയർത്തിക്കാട്ടി യുവാവിന്റെ ഒറ്റയാൾ സമരം.

അപകടത്തെത്തുടർന്നു 15 വർഷത്തോളം ശരീരം തളർന്നു കിടപ്പിലായതിനു ശേഷം വീൽചെയറിലിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും മറ്റു സർട്ടിഫിക്കറ്റ് കോഴ്സുകളും പാസായ മരത്താക്കര ചേർപ്പുക്കാരൻ വീട്ടിൽ ബിജു പോളാണ് തന്റെയും മറ്റു ഭിന്നശേഷിക്കാരുടെയും ജോലിയെന്ന സ്വപ്നത്തിലേക്കു ജനശ്രദ്ധ ആകർഷിക്കാൻ ഒറ്റയാൾ സമരം നടത്തിയത്.

ഭിന്നശേഷിക്കാർക്ക് പിഎസ്‌സി ഒഴിവുകളിൽ സംവരണമുണ്ടെങ്കിലും പലപ്പോഴും കിടപ്പുരോഗികൾ ആകുന്നവർക്കു പ്രായപരിധിക്കുള്ളിൽ കോഴ്സുകൾ പാസ്സാകാനും ജോലിക്ക് അപേക്ഷിച്ചു റാങ്ക് പട്ടികയിൽ കയറാനും കഴിയുന്നില്ല. സ്വകാര്യ, എയ്ഡഡ് മേഖലയിൽ ജോലി സാധ്യതയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 1992–ൽ റജിസ്റ്റർ ചെയ്തെങ്കിലും അടുത്തിടെ 2 ജോലിക്കു വിളിച്ചു.

രണ്ടും എഴുന്നേറ്റു നിന്നും നടന്നും ചെയ്യേണ്ട ജോലികളായതിനാൽ തഴയപ്പെട്ടു. തൊഴിൽ മേളകളിൽ ചെന്നെങ്കിലും വീൽചെയറിൽ ആയതിനാൽ പരിഗണിക്കപ്പെട്ടില്ലെന്നു ബിജു പറയുന്നു. 2017–ൽ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ച കേരളത്തിൽ തന്നെപ്പോലുള്ളവരുടെ അവസ്ഥ ദയനീയമാണെന്നു ബിജു ഓർമിപ്പിക്കുന്നു.

1998–ലാണു റോഡപകടത്തിൽ ബിജുവിന്റെ ശരീരം നെഞ്ചിനു താഴെ തളർന്നത്. പത്താം ക്ലാസിൽ നിന്നുപോയ പഠനം തുടരുന്നത് വീൽചെയറിൽ സഞ്ചരിക്കാറായതിനു ശേഷം 40–ാം വയസ്സിൽ. അച്ഛൻ മരിക്കുകയും അമ്മ കാൻസർ രോഗിയായി ആർസിസിയിൽ ചികിത്സ തേടുകയും ചെയ്തതോടെ വീടിനു വരുമാനമില്ലാതായി. ഇനി ജോലിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നു തന്റെ ബയോഡേറ്റ ഉയർത്തിക്കാട്ടി ബിജു പോൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA