ADVERTISEMENT

തൃശൂർ∙ കുരച്ചു കൂട്ടമായി അടുത്തേക്കു പാഞ്ഞെത്തുന്ന ഒരു കൂട്ടം തെരുവുനായ്ക്കൾക്കിടയിൽ പെട്ടാൽ ഒരു സ്കൂൾ കുട്ടി എന്തു ചെയ്യും? കുട്ടികളും രക്ഷിതാക്കളും ചോദിക്കുന്ന ഈ ചോദ്യത്തിന് നമ്മുടെ തദേശ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളാണ് ഉത്തരം പറയേണ്ടത്. ഇത്തവണ സ്കൂൾ തുറന്നതിനു ശേഷം രക്ഷിതാക്കളെ അരക്ഷിതാവസ്ഥയിലാക്കുന്ന സംഭവങ്ങളിൽ പ്രധാനം തെരുവുനായ്ക്കളുടെ ആക്രമണമാണ്.

വന്ധ്യംകരണത്തിനും തെരുവുനായ് പിടിത്തത്തിനുമൊക്കെ ലക്ഷക്കണക്കിനു തുക ചെലവഴിച്ചിട്ടും തെരുവുനായ്ക്കൾ പെരുകുകയാണെന്നു മാതാപിതാക്കൾ ആരോപിക്കുന്നു. കുന്നംകുളത്തും ചാവക്കാട്ടും സ്കൂൾ വിദ്യാർഥികൾക്കു മാരകമായി കടിയേറ്റു. സ്കൂൾ‌ യാത്രയ്ക്കിടെ നായ്ക്കളെ കണ്ട് ഓടിവീണു പരുക്കേറ്റ കുട്ടികളുമുണ്ട്. 

ബാലാവകാശ കമ്മിഷനു മുന്നിൽ

തൃശൂർ ജില്ലയിൽ നിന്നു ബാലാവകാശ കമ്മിഷനു മുന്നിൽ 2 വിദ്യാർഥിനികളുടെ പരാതി എത്തി. തെരുവുനായ്ക്കൾ കാരണം വീണു പരിക്കേറ്റെന്നും സ്കൂളിൽ പോകാൻ ഭയപ്പെടുന്നുവെന്നുമായിരുന്നു പരാതി. ചേർപ്പിൽ നിന്നാണ് ഈ കുട്ടികളുടെ പരാതി ലഭിച്ചത്. അന്വേഷിച്ചെത്തിയ പൊലീസ് അംഗൻവാടിക്കു സമീപം കൂട്ടമായി നടക്കുന്ന നായ്ക്കൂട്ടത്തെ കണ്ടു. കലക്ടർ നടപടിക്കു നിർദേശിച്ചെങ്കിലും പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രം ഇല്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല. 

സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം

പെരുമഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചു മുന്നറിയിപ്പു നൽകുന്നതു പോലൊരു മുന്നറിയിപ്പ് നഗരസഭ കുന്നംകുളത്തു നൽകി. സ്കൂളുകൾ നായ് ശല്യത്തെക്കുറിച്ചു ജാഗ്രത പാലിക്കുക എന്നതായിരുന്നു ‘കാലാവസ്ഥാ മുന്നറിയിപ്പ്’ പോലെയുള്ള നിർദേശം. ഇതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണു നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ. ഇങ്ങനെ മതിയോ?

തൊട്ടടുത്തുണ്ട് ആ കുര

2015ൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്കൂൾ വിദ്യാർഥിനി നായയുടെ കടിയേറ്റ് പേവിഷബാധമൂലം മരിച്ചിരുന്നു. പഴയ സംഭവമെന്നു പറഞ്ഞൊഴിയാൻ പറ്റില്ല. ഇടുക്കിയിലെ ചെറുതോണിയിൽ തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചത് നാലുദിവസം മുൻപ്. തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സുജോബി ജോസ് മുഖ്യമന്ത്രിക്കു പരാതി നൽകി.

എബിയ ഇതുവരെ സ്കൂളിൽ പോയില്ല

കുന്നംകുളം ∙ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തു തെരുവുനായയുടെ കടിയേറ്റ മകളുടെ വേദനിക്കുന്ന കൈകൾ കാട്ടി അമ്മ സാലി പ്രാർഥനയോടെ പറഞ്ഞു. ഈ ഗതി മറ്റു കുട്ടികൾക്കു വരരുത്. അധികാരികൾ ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഏഴാംക്ലാസ്സുകാരി, കുറുക്കൻപാറ ചീനിക്കൽ ബാബുവിന്റെ മകൾ എബിയയുടെ (12) കുടുംബം ആ ആഘാതത്തിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല.

കഴിഞ്ഞ 16നു സഹോദരി നിബിയ, കൂട്ടുകാരി നിരഞ്ജന എന്നിവർക്ക് ഒപ്പം സ്കൂളിൽ എത്തിയപ്പോഴാണ് എബിയ ആക്രമണത്തിന് ഇരയായത്. സ്കൂൾ വളപ്പിൽ കിടക്കുകയായിരുന്ന നായ കുട്ടികളെ കണ്ടപ്പോൾ നേരെ ചാടി. എബിയയുടെ ഇടതു കൈയിൽ കടിച്ചുതൂങ്ങി. തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ വലതു കയ്യിലും കടിയേറ്റു. മുറിവുകൾ ആഴത്തിലുള്ളതാണ്.  ക്ലാസ്മുറിയിലേക്കു ഓടിക്കയറിയാണു കുട്ടികൾ രക്ഷപ്പെട്ടത്.

താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പിന് വിധേയമാക്കിയ കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. തുടർ ചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചു ഡിസ്ചാർജ് ചെയ്തു. പക്ഷേ, എബിയ ദിവസങ്ങളോളം രാത്രി ഉറങ്ങിയില്ല. പല ദിവസവും പേടിച്ചു കരഞ്ഞു. കൂലിപ്പണിക്കാരായ ഇവരുടെ കുടുംബത്തിനു  സഹായമെന്നും അധികൃതർ നൽകിയതുമില്ല.  ജോലിക്കു പോകാതെ ഇവർ കുട്ടിയെ പരിചരിക്കുകയാണ്. ‌ആക്രമണം ഉണ്ടായ സ്കൂളിൽ ഇപ്പോഴും തെരുവുനായ ശല്യത്തിനു കുറവില്ല.

മുറിവുണങ്ങാതെ നിഹാൽ

ചാവക്കാട്∙ ഇരട്ടപ്പുഴയിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സാരമായ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന തെരുവത്ത് കല്ലിങ്ങൽ മുഹമ്മദ് നിഹാൽ (ഒൻപത്) ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയെങ്കിലും മുറിവ് ഉണങ്ങിയിട്ടില്ല. ഇതുമൂലം സ്കൂളിൽ പോകാനുമായിട്ടില്ല. കുട്ടിയുടെ ഭീതി  വിട്ടൊഴിഞ്ഞിട്ടില്ല. നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നിഹാലിനു മുഖത്തും പുറത്തും കയ്യിലും കടിയേറ്റിരുന്നു. കവിളിൽ നിന്നു തൊലിയടർന്നു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം. പണിക്കൻ വീട്ടിൽ സുശീല(54), വലിയകത്ത് ബാലകൃഷ്ണൻ(65), പൂട്ടാലക്കൽ ഹരിദാസ്(55), അമ്പലപ്പറമ്പിൽ ദിലീപിന്റെ ഭാര്യ ജ്യോതിലക്ഷ്മി(30), ആലി ഷമീറിന്റെ മകൻ റുസ്‌ലാൻ(എട്ട്), എന്നിവർക്കും  കടിയേറ്റിരുന്നു.  കഴിഞ്ഞ 9ന് തിരുവത്ര പുത്തൻകടപ്പുറത്ത് പതിനാലുകാരനു മുഖത്തും കൈകളിലും കടിയേറ്റിരുന്നു. 

സുരക്ഷാ ജീവനക്കാരനും രക്ഷയില്ല

കുന്നംകുളം ∙ നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ സുരക്ഷാ ജീവനക്കാരനു പോലും തെരുവുനായയിൽ നിന്നു രക്ഷപ്പെടാനായില്ല. കഴിഞ്ഞ 18നു ഞമനേങ്ങാട് വടാശേരി പുഷ്പാകരൻ (64), ചങ്ങരംകുളം സ്വദേശി അബ്ദുൽ റസാക്ക്, നഗരത്തിലെ ലോട്ടറി വിൽപനക്കാരായ മങ്ങാട് സ്വദേശി താമി (75) എന്നിവർക്കു കുന്നംകുളം നഗരത്തിൽ തെരുവുനായയുടെ കടിയേറ്റു. നായയുടെ ആക്രമണത്തിൽ വീണുപോയ അബ്ദുൽ റസാക്കിനെ രക്ഷിക്കാനെത്തിയ പുഷ്പാകരന്റെ കാലിനും കടിച്ചു.

ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സബ് ട്രഷറി റോഡിൽ ഭാവന തിയറ്ററിനു സമീപത്താണ് താമിയെ കടിച്ചത്. ശനിയാഴ്ച അഞ്ഞൂരിൽ പനങ്ങായിൽ സുരേഷിന്റെ മകൻ അതുൽ (18) കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. പട്ടണത്തിനടുത്ത് തുറക്കുളം മത്സ്യ മാർക്കറ്റിനു സമീപം ചിറ്റഞ്ഞൂർ സ്വദേശി അനൂപ്, എൻകെകെ ഫിഷ് കമ്പനി ജീവനക്കാരൻ അമീർ എന്നിവർക്കും തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റു.

"എന്റെ മോളുടെ ഗതി മറ്റു കുട്ടികൾക്കു വരരുതേ... അവൾ ഉറങ്ങിയിട്ടു ദിവസങ്ങളായി. പല ദിവസങ്ങളിലും പേടിച്ചു കരഞ്ഞു. എഴുതാനുള്ള വിരലുകളാണു  കടിച്ചു പറിച്ചത്. ഇതുവരെ തിരികെ സ്കൂളിൽ പോകാൻ‌ കഴിഞ്ഞിട്ടില്ല’’ -തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ എബിയയുടെ അമ്മ സാലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com