ADVERTISEMENT

തൃശൂർ∙ പൈപ്പു പൊട്ടി കാനയിലേക്ക് കുടിവെള്ളം ഒഴുകിയത് 360 മണിക്കൂർ. അറ്റകുറ്റപ്പണി നടത്തി അതു പരിഹരിച്ചത്  3 മണിക്കൂർ കൊണ്ട്. ആരാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്നു തർക്കിച്ചാണു 360 മണിക്കൂറും ലക്ഷക്കണക്കിനു ലീറ്റർ വെള്ളവും പാഴാക്കിയത്.പൈപ്പു പൊട്ടി പതിനാറാം ദിവസമാണു ഉത്തരവാദിത്ത തർക്കം അവസാനിപ്പിച്ചു വാട്ടർ അതോറിറ്റി നാട്ടിക ഓഫിസ് ജോലി തുടങ്ങിയത്.15 ദിവസം വെള്ളമൊഴുകിയിട്ടും തുടർന്ന തർക്കം ഇതോടെ തീർന്നു. വെളളം പാഴാകുന്നത് ഇന്നലെ മനോരമയിൽ വാർത്തയായതോടെയാണിത്.

ഇതിനിടയിൽതന്നെ ഈ ഭാഗത്തു റോഡു തകർന്നിട്ടുണ്ട്. ഇക്കണ്ട വാരിയർ റോഡിൽ മിഷൻ ക്വാർട്ടേഴ്സ് പൗരസമിതി ജംക്‌ഷനിലാണു 15 ദിവസമായി പൈപ്പു പൊട്ടി വെള്ളം ഒഴുകിയിരുന്നത്. ആമ്പക്കാടൻ ജംക്‌ഷനിൽ നിന്നു ഇക്കണ്ട വാരിയർ റോഡിലേക്കു കടക്കുന്ന ഭാഗമാണിത്. കൗൺസിലർ ലീല വർഗീസ് പരാതിപ്പെട്ടിട്ടും കോർപറേഷനോ ജല അതോറിറ്റിയോ തിരിഞ്ഞു നോക്കിയില്ല. ജലവിതരണത്തിനായി ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പാണിത്. കോർപറേഷൻ പറയുന്നത് ഉത്തരവാദി ജലഅതോറിറ്റിയാണെന്നാണ്.

തൃശൂരിലെ അതോറിറ്റി ഓഫിസ് പറയുന്നതു പൊട്ടിയ പൈപ്പ് നാട്ടിക വാട്ടർ അതോറിറ്റിയുടെ കീഴിലുള്ളതാണെന്നും. ഗാരന്റി കാലാവധിക്കുള്ളിലുള്ളതായതിനാൽ അതോറിറ്റി നാട്ടിക ഡിവിഷനാണ് ഇതിന്റെ ഉത്തരവാദിത്തം. ഉത്തരവാദി ആരായാലും വെള്ളം പാഴാവുന്നതു തടയാൻ കോർപറേഷനായില്ല. 15 ദിവസം ഇവർ ഇക്കാര്യം പറഞ്ഞു പരസ്പരം തർക്കിച്ചുകൊണ്ടിരുന്നു.പീച്ചിയിൽനിന്നു പണം ചെലവാക്കി പമ്പു ചെയ്തു ശുദ്ധീകരിച്ചു കൊണ്ടുവരുന്ന വെള്ളമായിരുന്നു ഒഴുക്കി കളഞ്ഞത്.

ഇന്നലെ ജോലി തുടങ്ങി 3 മണിക്കൂർ കൊണ്ടു പൈപ്പ് അടച്ചു. പൈപ്പ് പൊട്ടി സ്വന്തം റോഡു തകർന്നു തുടങ്ങിയിട്ടുപോലും കോർപറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജല അതോറിറ്റിയെ രേഖാമൂലം അറിയിക്കുകയോ അറ്റകുറ്റപ്പണി ഉറപ്പാക്കുകയോ ചെയ്തില്ല. 15 ദിവസം വെള്ളം പാഴാവാ‍ൻ കാരണവും അതുതന്നെ. പീച്ചിയിൽനിന്നു എടുക്കുന്ന വെള്ളത്തിനു കോർപറേഷൻ അതോറിറ്റിക്കു പണം നൽകണം.

ചുരുക്കത്തിൽ വെള്ളം പാഴായാലും അതോറിറ്റിക്കു വരുമാനം കിട്ടും. കോർപറേഷന് ഇതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല താനും. മേയർക്കു കൗ‍ൺസിലർതന്നെ പരാതി നൽകിയിട്ടും 15 ദിവസം താമസിച്ചുവെന്നതു അനാസ്ഥ വ്യക്തമാക്കുന്നു. ഇവിടെ തകർന്ന റോഡുകൾ ഇനി എന്ന് അടയ്ക്കും എന്നു തീരുമാനിച്ചിട്ടില്ല. മാസങ്ങളോളം ഇവിടെ പൈപ്പിടലിനു ശേഷമുള്ള കുഴിയായിരുന്നു. ഒരു മാസം മുൻപാണു ടാർ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com