ADVERTISEMENT

മറ്റന്നാൾ ലഹരിവിരുദ്ധദിനം; കഞ്ചാവും ഹഷീഷും അടക്കം മാരക ലഹരിവസ്തുക്കൾ പൊലീസ് ഇന്ന് കത്തിച്ചുകളയുന്നു

തൃശൂർ ∙ പലയിടത്തു നിന്നായി പിടികൂട‍ിയ ലഹരിവസ്തുക്കളുടെ ശേഖരം സിറ്റി പൊലീസ് ഇന്നു കത്തിക്കും. 62.29 കിലോഗ്രാം കഞ്ചാവ്, 1.86 കിലോഗ്രാം ഹഷീഷ് ഓയിൽ, 13.18 ഗ്രാം എംഡിഎംഎ എന്നിവയാണു പുതുക്കാട് ചിറ്റിശേരി കൈലാസ് ഓട്ടുകമ്പനിയിലെ ഫർണസിൽ കത്തിക്കുക. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നു പിടിച്ചു കോടതിയിൽ ഹാജരാക്കപ്പെട്ടവയാണു ലഹരിവസ്തുക്കൾ.

തൃശൂർ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകളിൽ പിടിക്കപ്പെട്ടവയാണിത്. ചാവക്കാട് സ്റ്റേഷൻ പരിധിയിൽ പിടികൂടിയതാണു ഹഷീഷ് ഓയിൽ. എംഡിഎംഎ പിടികൂടിയതു കുന്നംകുളം സ്റ്റേഷൻ പരിധിയിലും. 25 പേർ ആകെ അറസ്റ്റിലായിരുന്നു. കമ്മിഷണർ ആർ. ആദിത്യയ്ക്കു കീഴിലുള്ള ജില്ലാതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയാണു ലഹരിമരുന്നുകൾ നശിപ്പിക്കാൻ അനുമതി നൽകിയത്. 

വെറുതേയങ്ങ് കത്തിക്കാൻ പറ്റില്ല; നടപടികൾ ഒട്ടേറെ

ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുക്കുന്നതു മുതൽ കത്തിക്കുന്നതു വരെ പാലിക്കേണ്ട ഒട്ടേറെ നടപടിക്രമങ്ങളുണ്ടെന്നു സി ബ്രാഞ്ച് എസ്ഐ വി.എൻ. മുരളി പറയുന്നു. അവ ഇങ്ങനെ:

∙ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ കോടതിയിൽ ഹാജരാക്കി തൂക്കമെടുക്കുന്നു. രാസപരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കുന്നു (കഞ്ചാവ് ആണെങ്കിൽ 25 ഗ്രാം ആണു സാംപിളിന്റെ തൂക്കം) 

∙ ശേഖരിച്ച സാംപിൾ ഫൊറൻസിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കും. ലഹരിവസ്തു തന്നെയെന്ന് ഉറപ്പാക്കാനാണിത്. ബാക്ക‍ിയുള്ള ലഹരിമരുന്ന് സീൽ ചെയ്തു പൊലീസിനു കൈമാറും. 

∙ എആർ ക്യാംപിലെ ഗോഡൗണിലാണു ലഹരിമരുന്ന് സൂക്ഷിക്കുക. കനത്ത പൊലീസ് കാവലുമുണ്ടാകും.

∙ ഫൊറൻസിക് റിപ്പോർട്ട് വന്നാലുടൻ കോടതി നിർദേശപ്രകാരം ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി യോഗം ചേരും. ലഹരിമരുന്ന് നശിപ്പിക്കാൻ തീരുമാനിക്കും. 

∙ കമ്മിറ്റി അധ്യക്ഷനായ കമ്മിഷണർ നേരിട്ടെത്തിയാണു ഗോഡൗണിൽ നിന്നു ലഹരി ശേഖരം ഏറ്റുവാങ്ങുക. കത്തിക്കുന്നതും കമ്മിഷണറുടെ സാന്നിധ്യത്തിൽ. 

∙ ചെറിയ അളവിലുള്ള ലഹര‍ിവസ്തുക്കൾ മാതമുള്ളുവെങ്കിൽ  ആളൊഴിഞ്ഞ സ്ഥലത്തു വീപ്പയിലിട്ടു കത്തിക്കും. അളവു കൂടുതലെങ്കിൽ ഓട്ടുകമ്പനി ഫർണസിൽ. 

കത്തിക്കാനും പല നടപടികൾ

∙ ലഹരിവസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാൽ ജനത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നതാണ് ഓട്ടുകമ്പനിയിൽ കത്തിക്കാൻ കാരണം. 

∙ ഓട്ടുകമ്പനി ഫർണസിൽ കത്തിക്കുമ്പോൾ പുക ചിമ്മിനിയിലൂടെ വളരെ ഉയരത്തിലെത്തും. പുകയോ മണമോ താഴെയെത്തില്ല. 

∙ കത്തിക്കുന്നതിനു മുൻപു വിഡിയോയും ചിത്രങ്ങളും പൊലീസ് പകർത്തും. കത്തിച്ച ശേഷവും ഇത‍ാവർത്തിക്കും. ഇവ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പകർപ്പ് ഡിജിപിക്കും നൽകും. 

∙ കത്തിച്ച ശേഷം ചാരം മിച്ചമുണ്ടെങ്കിൽ ഇതും കുഴിച്ചുമൂടണമെന്നാണു ചട്ടം. 

∙ മുൻപു റൂറൽ പൊലീസ് കഞ്ചാവുശേഖരം കൂട്ടിയിട്ടു കത്തിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com