ADVERTISEMENT

ചാലക്കുടി ∙ സൈക്കിളിങ്ങിന്റ വ്യത്യസ്ത ഇനങ്ങളിൽ മികവോടെ നേട്ടം കൊയ്ത എസ്. അർച്ചനയെന്ന സംസ്ഥാന ചാംപ്യനു ദേശീയ മെഡൽ ജേതാവാകാനുള്ള തയാറെടുപ്പിനു സ്വന്തമായി സൈക്കിൾ ഇല്ല. 2021–ലെ ട്രാക്ക് സൈക്കിളിങ്ങിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ മിടുക്കിയാണ് അർച്ചന. റോഡ് സൈക്കിളിങ്ങിലും മൗണ്ട് സൈക്കിളിങ്ങിലും രണ്ടാം സ്ഥാനവും അർച്ചനയ്ക്കു തന്നെയായിരുന്നു. ആ വർഷം ജയ്പൂരിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും അഞ്ചാം സ്ഥാനത്തിലൊതുങ്ങി.

പരിശീലനക്കുറവും കാലാവസ്ഥ മാറ്റത്തിന്റ ശാരീരികാസ്വസ്ഥതകളും പ്രശ്നമായതായി അർച്ചന പറയുന്നു. ദേശീയ തലത്തിൽ സ്വർണം നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അർച്ചനയിപ്പോൾ. പക്ഷേ പരിശീലനത്തിന് സൈക്കിൾ വേണം. തൃശൂർ പരിയാരം പഞ്ചായത്തിലെ വേളൂക്കരയിൽ ചാരുവിള മേലതിൽ കാർത്തിക രാജിന്റെയും സതിയുടെയും മകളായ അർച്ചന തൃശൂർ സെന്റ് തോമസ് കോളജിലെ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.

ചാലക്കുടി എസ്എച്ച് കോളജിൽ ബിരുദത്തിനു ചേർന്നപ്പോഴാണ് കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അർച്ചന സൈക്കിളിങ്ങിലേക്ക് തിരിഞ്ഞത്. 25 വർഷമായി വാടക വീട്ടിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. കൊല്ലം പെരുമ്പുഴ സ്വദേശികളായ മാതാപിതാക്കൾ പരിയാരം കാഞ്ഞിരപ്പിള്ളി ശ്രീശക്തി പേപ്പർ മില്ലിലെ തൊഴിലാളികളായിരുന്നു. കമ്പനി പൂട്ടിയതോടെ സ്വകാര്യ ചെരിപ്പ് കടയിൽ ജോലി ചെയ്താണു ഉപജീവനത്തിനു വഴി കണ്ടെത്തിയത്. വിദ്യാർഥിയായ അബിക് രാജ് സഹോദരനാണ്.

മത്സര ഉപയോഗത്തിനുള്ള സൈക്കിളിനു വലിയ വില വരുമെന്നതിനാല്‍ അതു സ്വന്തമാക്കുക കുടുംബത്തിന് താങ്ങാവുന്നതല്ല. എറണാകുളത്തെ ഒരു സൈക്ലിങ് ക്ലബ്ബാണ് അർച്ചനയ്ക്ക് പരിശീലനത്തിനുള്ള സൈക്കിൾ നൽകിയിരുന്നത്. പക്ഷേ മത്സരത്തിന് ലഭിക്കുന്നതു മറ്റൊരു സൈക്കിളാകുമെന്നതു വിജയ വഴിയിലെ പ്രതിസന്ധിയാണ്. സ്വന്തമായി സൈക്കിൾ ഉണ്ടെങ്കിൽ മത്സരത്തിന് അതുപയോഗിക്കാം. ഈ വർഷം അവസാനം നടക്കുന്ന ദേശീയ സൈക്ലിങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ ദൂരം താണ്ടാൻ കനിവുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com