ADVERTISEMENT

വലിയ കെട്ടിടങ്ങളും പശ്ചാത്തല സൗകര്യങ്ങളുമുണ്ട്. പക്ഷേ, ഒന്നു ഡോക്ടറെ കാണണമെങ്കിലോ മരുന്നു വാങ്ങണമെങ്കിലോ മണിക്കൂറുകൾ വരിനിൽക്കണം! സർക്കാർ ആശുപത്രികളിലെ ഈ ദുരിതത്തിന് പരിഹ‍ാരമില്ല. മെഡിക്കൽ കോളജ് അടക്കം ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഇന്നലെ രാവിലെ കണ്ട കാഴ്ചയിതാ..

രോഗദുരിതം പിന്നെയും സഹിക്കാം, ഈ കാത്തിരിപ്പോ?

മുളങ്കുന്നത്തുകാവ് ∙ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപിയിലെത്തുന്നവർക്കു രോഗ വേദനയേക്കാൾ അസഹനീയമാകുന്നത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന്റെ ദുരിതമാണ്. ഒപിയിലെത്തി പേരു റജിസ്റ്റർ ചെയ്യാനുള്ള കാത്തിരിപ്പിൽ തുടങ്ങുന്നു രോഗികളുടെ കഷ്ടപ്പാടും കുത്തിയിരിപ്പും. പിന്നീടുള്ള ഓരോ സേവനത്തിനും മണിക്കൂറുകൾ വേണ്ടിവരും. ഡോക്ടറെ കാണൽ, ടെസ്റ്റുകൾ നടത്തൽ, മരുന്നുകൾ വാങ്ങൽ എന്നിങ്ങനെ ഓരോ സേവനത്തിനും മണിക്കൂറുകൾ.

നിത്യരോഗികളടക്കം ഇവിടെയെത്തുന്നവർക്കെല്ലാം ഒരു ദിവസം നീളുന്ന ‘അധ്വാന’മാണു ആദ്യചികിത്സ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണത്തിലെ കുറവാണു ചികിത്സ വൈകാൻ പ്രധാന കാരണം. മെഡിക്കൽ കോളജിലെ സേവനം മെച്ചപ്പെടുത്താൻ പല കാലങ്ങളിലായി അനേകം മോഹന വാഗ്ദാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കാത്തിരിപ്പിനു പ്രത്യേക കേന്ദ്രം, തിരക്കൊഴിവാക്കിയുള്ള സേവനം, രോഗിയെ ഡോക്ടറിനരികിലെത്തിക്കാൻ വൊളന്റിയർമാർ, ഒപി ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം,

ഇഷ്ട ഡോക്ടറെ നേരിട്ടു ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നീണ്ടു വാഗ്ദാനങ്ങൾ. ഒന്നും നടപ്പായില്ലെന്നു മാത്രം. ഈ സൗകര്യങ്ങൾ ഒരുക്കാൻ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ചു നിർമിച്ച കെട്ടിടം പാഴ്ച്ചെലവായി അവസാനിച്ചു. ഇൻഷുറൻസ് കൗണ്ടർ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട 10 സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ വകുപ്പു മേധാവികളില്ല.

ന്യൂറോളജി, യൂറോളി, ഗ്യാസ്ട്രോളജി, നെഫ്രോളജി, കാർഡിയോളജി, കാർഡിയോ തെറാസിക് സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാർ വീതം മാത്രം. ആഴ്ചയിലൊരു ദിവസം മാത്രം പ്രവർത്തിക്കുന്ന യൂറോളജി, ഗ്യാസ്ട്രോളജി ഒപികളിൽ നാനൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നു. വൈകിട്ട് 4നു പോലും ഇവിടെ തിരക്കൊഴിയാറില്ല. സ്കാനിങ്, ശസ്ത്രക്രിയ എന്നിവയ്ക്കു തീയതി ലഭിക്കാൻ ആഴ്ചകൾ കാക്കണം. വാർഡുകളിൽ കിടക്ക ലഭിക്കാനുമുണ്ട് പെടാപ്പാട്. 

തൃശൂർ ജനറൽ ആശുപത്രി ഒപിയിലെ തിരക്ക്.		    ചിത്രം: മനോരമ
തൃശൂർ ജനറൽ ആശുപത്രി ഒപിയിലെ തിരക്ക്. ചിത്രം: മനോരമ

ഒപി നിറഞ്ഞുകവിഞ്ഞ് രോഗികൾ..റെക്കോർഡ് കാത്തിരിപ്പ്

തൃശൂർ ∙ ഓരോ ദിവസവും ഒപിയിലെത്തുന്നത് 2500 രോഗികൾ വരെ. ജില്ലയിലെ മറ്റൊരാശുപത്രിക്കും അവകാശപ്പെടാനാകാത്ത ഈ റെക്കോർഡ് കൈവശം വയ്ക്കുന്നത് തൃശൂരിലെ ജനറൽ ആശുപത്രിയാണ്. പക്ഷേ, ഇവിടെയെത്തുന്ന രോഗികളുടെ കാത്തിരിപ്പിനുമുണ്ട് റെക്കോർഡ് കാലതാമസം. ചില ദിവസങ്ങളിൽ 2 മുതൽ 3 മണിക്കൂർ വരെ കാത്തിരുന്നാലേ ഡോക്ടറെ ക‍ാണാനാകൂ. ടെസ്റ്റുകൾ നടത്താനും മരുന്നു വാങ്ങാനുമുള്ള സമയം കൂടി കണക്കിലെടുത്താൻ കാത്തിരിപ്പ് പിന്നെയും നീളും.

തൃശൂർ ജനറൽ ആശുപത്രിയിൽ ഫാർമസിക്കു മുന്നിലെ തിരക്ക്.
തൃശൂർ ജനറൽ ആശുപത്രിയിൽ ഫാർമസിക്കു മുന്നിലെ തിരക്ക്.

ഒപി വിഭാഗം പുതിയ കെട്ടിടത്തിലേക്കു മാറ്റിയതോടെ ദുരിതമൊഴിഞ്ഞുവെന്നു രോഗികൾ കരുതിയെങ്കിലും യാഥാർഥ്യം മറിച്ചായി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണത്തിലെ കുറവാണു രോഗികളുടെ കാത്തിരിപ്പേറ്റുന്നത്. മേയിൽ ജനറൽ ട്രാൻസ്ഫർ നടന്നതോടെ ജനറൽ ആശുപത്രിയിൽ നിന്നു സ്ഥലംമാറ്റപ്പെട്ട ഡോക്ടർമാർ പോയെങ്കിലും പകരം ഇതുവരെ ഡോക്ടർമാരെത്തിയിട്ടില്ല.

അത്യാഹിത വിഭാഗത്തിന്റെ കാര്യമാണു കൂടുതൽ കഷ്ടം. ഒരുസമയം ഒറ്റ ഡോക്ടറുടെ സേവനം മാത്രമാണു പലപ്പോഴും ലഭിക്കുക. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികളെ ഉള്ളിലെത്തിക്കാൻ പോലും ജീവനക്കാരുടെ എണ്ണം തികയാറില്ല. എറണാകുളം ജനറൽ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ ഇത്തരം ജോലികൾക്കു ദിവസ വേതനത്തിൽ നിയമിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഫണ്ടില്ലാത്തതു കാരണം അതും നടപ്പായിട്ടില്ല.

ചാവക്കാട് താലൂക്ക് ആശുപത്രി ഒപിയിലെ തിരക്ക്.
ചാവക്കാട് താലൂക്ക് ആശുപത്രി ഒപിയിലെ തിരക്ക്.

ചാവക്കാട് താലൂക്ക് ആശുപത്രി, ‘ബൂസ്റ്റർ ഡോസ് ’ വേണം, ആശുപത്രിക്ക്

ചാവക്കാട് ∙ മത്സ്യത്തൊഴിലാളികളും സാധാരണക്കാരും അടക്കം ആയിരങ്ങളുടെ ആശ്രയ കേന്ദ്രമാണെങ്കിലും ചാവക്കാട് താലൂക്ക് ആശുപത്രിക്ക് എന്നും കഷ്ടകാലമാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം കുറവാണെന്നതാണു കാരണം. ഒപിയിൽ ദിവസവും ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും മണിക്കൂറുകൾ വരി നിന്നാലേ ചികിത്സ ലഭിക്കൂ.

കാൽനൂറ്റാണ്ടിനു മുൻപുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും പരിഷ്കരിക്കാൻ നടപടിയില്ല. ഡോക്ടർമാരുടെ കുറവു മൂലം സേവനം ലഭിക്കാതെ വരുന്നത് ആശുപത്രിയിൽ പലപ്പോഴും ബഹളത്തിനു കാരണമാകാറുണ്ട്. ജനറൽ ഒപിയിൽ മിക്കപ്പോഴും ഒറ്റ ഡോക്ടർ മാത്രമേ ഉണ്ടാകാറുള്ളൂ.  അത്യാഹിത വിഭാഗത്തിലും സ്ഥിതി ഇതു തന്നെ. മറ്റു ഡോക്ടർമാർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലാണ്.

ദേശീയാരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി 2 ഡോക്ടർമാരുണ്ടെങ്കിലും ഇവർക്കു കുത്തിവയ്പുകളുടെയും മറ്റും ചുമതലയുണ്ട്. മറ്റുള്ള സമയത്തു മാത്രമേ ഇവരുടെ സേവനം ഒപിയിൽ ലഭ്യമാക‍ൂ. നഗരസഭ നിയോഗിച്ച ഡോക്ടർമാരുടെ സേവനം ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 8 വരെ ഉണ്ടെങ്കിലും രോഗികളുടെ വർധന മൂലം ഇതും മതിയാകാത്ത സ്ഥിതിയാണ്.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഡോക്ടർമാരെ ആവശ്യമുണ്ട്, എത്രയും വേഗം

കൊടുങ്ങല്ലൂർ ∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം രോഗികൾ അനുഭവിക്കേണ്ടിവരുന്നതു കടുത്ത ദുരിതം. ശുചീകരണ വിഭാഗത്തിൽ പോലും ആവശ്യത്തിനു ജീവനക്കാരില്ല. അത്യാഹിത വിഭാഗത്തിൽ 6 ഡോക്ടർമാരുടെ സേവനം ആവശ്യമുണ്ടെങ്കിലും ഉള്ളത് 4 പേർ മാത്രം. ഇതിൽ 2 പേരുടെ സേവനം മാത്രമാണു നിലവിൽ ലഭ്യമാകുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള സമയത്ത് അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടർ പരിശോധിക്കേണ്ടി വന്നത് 530 പേരെയാണ്.

സ്റ്റാഫുകൾ അടക്കം നഴ്സിങ് വിഭാഗത്തിൽ 10 ഒഴിവുകളുണ്ട്. ലേബർ റൂമിലും അത്യാഹിത വിഭാഗത്തിലും വാർ‍ഡുകളിലും മാറിമാറി ഓടിനടന്നാണു നഴ്സുമാർ ജോലിചെയ്യുന്നത്. ഇവിടേക്കു സ്ഥലം മാറിയെത്താൻ പേടിക്കുന്നവരാണു ജീവനക്കാരിൽ പലരും. 1960ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഇപ്പോഴും മാറ്റമില്ല.

ദിവസവും 1500 – 1700 പേർ ഇവിടെ ചികിത്സ തേടിയെത്തുന്നു. കീമോതെറപ്പി യൂണിറ്റ് ആരംഭിച്ചതിനു പുറമെ ഡയാലിസിസ് യൂണിറ്റ് വിപുലീകരണവും നടത്തിയതോടെ ജീവനക്കാരുടെ എണ്ണം ഒട്ടും പര്യാപ്തമല്ലാതായി. പതിവു ചികിത്സാ വിഭാഗങ്ങൾക്കു പുറമെ മാനസികാരോഗ്യ ക്ലിനിക്, സ്പീച്ച് തെറപ്പി, കുഷ്ഠരോഗ വിഭാഗം, ക്ഷയരോഗ വിഭാഗം എന്നിവയും മാസത്തിൽ പലതവണ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com