ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം പാഞ്ചജന്യം റസ്റ്റ്ഹൗസിന്റെ പിന്നിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സ് കെട്ടിടം തകർന്നു. .ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. 3 നിലകളിലായി 6 കുടുംബങ്ങൾക്ക് താമസിക്കാവുന്ന 45 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്. ഇവർ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ കാവൽക്കാരിയായ ഒന്നാം നിലയിൽ താമസിക്കുന്ന ജയശ്രീയുടെ അമ്മ ദേവയാനി (65), മകൾ ശ്രേയ (9), രണ്ടാം നിലയിൽ താമസിക്കുന്ന ദേവസ്വം മ്യൂസിയത്തിലെ കാവൽക്കാരനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രീതി, മകൾ ശ്രീപാർവതി (6) എന്നിവരാണ് അപകട സമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്നത്.

കുട്ടികൾ ടെറസിന്റെ മുകളിലായിരുന്നു. ശബ്ദത്തോടെ കെട്ടിടം ചെരിയുന്നത് കണ്ട് ഇവർ ഓടി താഴെ ഇറങ്ങി. ദേവയാനിയും പ്രീതിയും കുട്ടികളുമായി ഉടൻ പുറത്ത് കടന്നു. ആർക്കും പരുക്കില്ല. ദേവസ്വം ചെയ്ര‍മാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ  ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. വൈദ്യുത ബന്ധം വിഛേദിച്ചു.

താഴ്ഭാഗം തകർന്ന് കെട്ടിടം ചെരിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ തൊട്ടു മുന്നിലെ കെട്ടിടത്തിൽ താമസിക്കുന്ന ലൈബ്രറി വാച്ച്മാൻ പി.മുരളി, ഓഫിസ് വാച്ച് മാൻ ഗിരീഷ്, അമ്പലം കാവൽക്കാരായ വിജയകുമാർ, ശാന്ത എന്നിവരുടെ കുടുംബങ്ങളെ താമരയൂർ ദേവസ്വം ക്വാർട്ടേഴ്സിലേക്ക് രാത്രി തന്നെ മാറ്റി. അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് താൽക്കാലികമായി പാഞ്ചജന്യത്തിൽ താമസ സൗകര്യം ഒരുക്കി.

നവീകരണം അപൂർവം

1977ലാണ് പാഞ്ചജന്യം റസ്റ്റ് ഹൗസിന്റെ പിന്നിലായി ജീവനക്കാർക്കും ഓഫിസർമാർക്കും താമസിക്കാനായി കെട്ടിടങ്ങൾ പണിതത്. 4 ഫ്ലാറ്റുകൾ വീതമുള്ള 4 കെട്ടിടവും 6 ഫ്ലാറ്റുകൾ വീതമുള്ള 4 കെട്ടിടങ്ങളുമാണ് ഉള്ളത്. താഴത്തെ നിലയ്ക്ക് പുറമേ ഓരോ 2 നിലകളാണ് ഉള്ളത്. ഓഫിസർമാർക്ക് താമസിക്കാൻ 5 വീടുകളും ഇവിടെയുണ്ട്. കെട്ടിടങ്ങളുടെ നവീകരണം കൃത്യമായി നടക്കാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com