ADVERTISEMENT

തൃശൂർ ∙ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കു നേരെ ട്രെയിനിൽ അതിക്രമവും അശ്ലീലവർഷവും. കണ്ടാലറിയുന്ന 6 പേർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി തൃശൂർ റെയിൽവേ പൊലീസ് കേസെടുത്തു. പ്രതികളെല്ലാം 50 വയസ്സിനു മുകളിലുള്ളവരാണ്. പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ഇവർ ശ്രമിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും അസഭ്യവർഷം നടത്തിയെന്നും പരാതിയിലുണ്ട്. ട്രെയിനിലുണ്ടായിരുന്ന ഗാർഡിനോടു കുട്ടിയുടെ അച്ഛൻ സഹായം തേടിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

കാര്യാട്ടുകര സ്വദേശിക്കും മകൾക്കുമെതിരെയായിരുന്നു അതിക്രമം. ശനി രാത്രി 7.50ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ആണു സംഭവങ്ങളുടെ തുടക്കം. തൃശൂരിലേക്കു പോകാൻ സൗത്ത് സ്റ്റേഷനിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ ദലിത് കുടുംബത്തിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ട്രെയിൻ നോർത്ത് സ്റ്റേഷനിലെത്തിയപ്പോൾ ആറംഗ സംഘം ഇവരുടെ എതിർവശത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ഇതിലൊരാൾ പെൺകുട്ടിയുടെ കാലിൽ സ്പർശിച്ചത് അച്ഛൻ ചോദ്യം ചെയ്തതോടെ തർക്കമായി.

മകൾക്കു നേരെ അസഭ്യവർഷം നടത്തിയതിനു പുറമേ പ്രതികൾ തന്നെ കയ്യേറ്റം ചെയ്തതായും അച്ഛൻ പറയുന്നു. പെൺകുട്ടി മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തതോടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമമുണ്ടായി. അച്ഛനെയും മകളെയും സഹായിക്കാൻ തുനിഞ്ഞ മലപ്പുറം സ്വദേശി ഫൈസലിനെയും സംഘം ആക്രമിച്ചു. ട്രെയിൻ ഇടപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ ഗാർഡിനെ വിവരമറിയിച്ചു. ചാലക്കുടി സ്റ്റേഷനിലെത്തുമ്പോൾ പൊലീസ് സഹായം ഏർപ്പാടാക്കാമെന്നായിരുന്നു ഗാർഡിന്റെ മറുപടിയെന്ന് അച്ഛൻ പറയുന്നു. എന്നാൽ, ആരും സഹായത്തിനെത്തിയില്ല.

ചാലക്കുടി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി പ്രതികൾ ഇറങ്ങുകയും ചെയ്തു. ട്രെയിനിലിരുന്നു കൊണ്ട് അച്ഛൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ഈസ്റ്റ് പൊലീസ് ഇവരെ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. പോക്സോയ്ക്കു പുറമേ ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചേർത്തു. സംഭവം നടന്നത് എറണാകുളത്തായതിനാൽ കേസ് അവിടേക്കു കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന‍ാണു വിവരം. ദലിത് സംഘടനാ നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com