ADVERTISEMENT

ഗുരുവായൂർ ∙ ഭക്തിഗാനങ്ങളിലൂടെ മലയാള മനസ്സുകൾക്കു വിസ്മയം സമ്മാനിച്ച ഗാന രചയിതാവും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന  ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് (86) പൂർണ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഞായർ രാത്രിയാണ് അന്തരിച്ചത്. ചൊവ്വല്ലൂർ ക്ഷേത്രത്തിനു സമീപമുള്ള ചൊവ്വല്ലൂർ വാരിയത്ത് വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്കു തീ കൊളുത്തി. ചൊവ്വല്ലൂരിനെ അവസാനമായി കാണാൻ ജീവിതത്തിന്റെ നാനാ രംഗങ്ങളിലുള്ളവർ രാവിലെ മുതലേ എത്തിത്തുടങ്ങിയിരുന്നു.

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം’ അടക്കമുള്ള പ്രശസ്തമായ ഗാനങ്ങളാണു ചൊവ്വല്ലൂരിനെ ജനപ്രിയനാക്കിയത്. 40 വർഷം കഴിഞ്ഞിട്ടും ഈ പാട്ടുകൾ ഇന്നും എത്രയോ ക്ഷേത്രങ്ങളിൽ ദിവസേന കേൾപ്പിക്കാറുണ്ട്. ‘സർഗം’ എന്ന സിനിമയുടെ സംഭാഷണം എഴുതിയതും ഇദ്ദേഹമാണ്. കലാമണ്ഡലം വൈസ് ചെയർമാനും സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവിടങ്ങളിൽ അംഗവുമായിരുന്നു അദ്ദേഹം. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി, സംവിധായകൻ ഹരിഹരൻ, സ്വാമി സന്മയാനന്ദ, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

മലയാള മനോരമയ്ക്കുവേണ്ടി ചീഫ് ന്യൂസ് എഡിറ്റർ (തൃശൂർ) പി.എ. കുര്യാക്കോസും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജൻ എന്നിവർക്കു വേണ്ടി കലക്ടർ ഹരിത.വി. കുമാറും ആദരാഞ്ജലിയർപ്പിച്ചു. പ്രഫ. ജോസഫ് മുണ്ടശേരിയുടെ പത്രാധിപത്യത്തിലുള്ള കമ്യൂണിസ്റ്റ് മുഖപത്രം നവജീവനിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചൊവ്വല്ലൂർ മലയാള മനോരമ 1966–ൽ കോഴിക്കോട് യൂണിറ്റ് ആരംഭിച്ചപ്പോൾ പത്രാധിപസമിതി അംഗമായി. 2004–ൽ വിരമിച്ചു.

വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണി വാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്കറ്റ് ബോൾ താരം സുരേഷ് ചെറുശേരി. 

    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി  (1936–2022),  ഇനി, ഗാനമുദ്ര 

ഗുരുവായൂർ ക്ഷേത്രത്തിൽ കഴകക്കാരൻ കൂടിയായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചപ്പോൾ വിളക്ക് പിടിക്കുന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ കഴകക്കാരൻ കൂടിയായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചപ്പോൾ വിളക്ക് പിടിക്കുന്നു

ആസ്വാദകർ നെഞ്ചേറ്റിയ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവ് 

തൃശൂർ ∙ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായിരുന്ന നവജീവനിലാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ എഴുത്തുജീവിതം ആരംഭിക്കുന്നത്. അതു പക്ഷേ സ്വതന്ത്ര എഴുത്തല്ലായിരുന്നു. പത്രാധിപർ ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കേട്ടെഴുതുന്ന ചുമതലയായിരുന്നു ചൊവ്വല്ലൂരിന്റേത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, വയലാർ, ഉറൂബ്, പി. ഭാസ്‌കരൻ തുടങ്ങിയവരൊക്കെ മുണ്ടശ്ശേരിയുടെ അതിഥികളായിരുന്നു. അങ്ങനെ പ്രമുഖ സാഹിത്യകാരുമായി ചൊവ്വല്ലൂരിനും സൗഹൃദമുണ്ടായി.

ഒരിക്കൽ എം.ടി വാസുദേവൻ നായർ ഒരു കഥാബീജം ചൊവ്വല്ലൂരിനെ പറഞ്ഞുകേൾപ്പിച്ചു- യേശുക്രിസ്തുവിന്റെ ഛായാചിത്രം വരയ്ക്കാൻ ചിത്രകാരന് അനുയോജ്യമായ ഒരു മോഡലിനെ കിട്ടി. വരച്ചു. തൃപ്തനായി. പിന്നീട്, യൂദാസിനെ വരയ്ക്കാൻ ഒരു മോഡലിനു വേണ്ടിയായി അന്വേഷണം. വർഷങ്ങൾക്കു ശേഷമാണ് അങ്ങയെനൊരാളെ കണ്ടെത്തിയത്.വരച്ചുകഴിഞ്ഞപ്പോൾ മോഡലായി മുന്നിലിരുന്ന യൂദാസ് പൊട്ടിക്കരയുന്നു. ചിത്രകാരൻ അമ്പരന്നുപോയി.

അപ്പോഴാണ് മോഡൽ വെളിപ്പെടുത്തുന്നത്- വർഷങ്ങൾക്ക് മുൻപ് യേശുവിന്റെ ചിത്രത്തിനു മോഡലായി വന്നതും അയാളായിരുന്നു. പിന്നീട് ഈ കഥാബീജത്തിൽനിന്ന് പൂർണമായൊരു ചെറുകഥ മെനഞ്ഞെടുത്ത് ചൊവ്വല്ലൂർ എംടിയെ കൊണ്ട‌ുപോയിക്കാണിച്ചു. എംടി മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ ഏതാനും ആഴ്ചകൾക്കു ശേഷം കഥ മാതൃഭൂമിയിൽ അച്ചടിച്ചുവന്നു. ചൊവ്വല്ലൂരിന് ഏറെ അഭിനന്ദനം ലഭിച്ച ഒരു രചനയായിരുന്നു അത്. സിനിമ, ഗാനരചന, കഥ, തിരക്കഥ, സംഭാഷണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചയാളാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.

1981ൽ ആഹ്വാൻ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘കലോപാസന’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ചൊവ്വല്ലൂർ ആദ്യമായി ഗാനരചന നടത്തുന്നത്. ആകാശവാണിയിൽ ജോലി ചെയ്യവേ കെ. രാഘവൻ മാഷിന്റെ സംഗീത സംവിധാനത്തിൽ ധാരാളം ലളിതഗാനങ്ങൾ എഴുതിയിരുന്നു. രാഘവൻ മാഷുടെ പ്രോത്സാഹനത്തെത്തുടർന്നാണ് സിനിമയ്ക്കുവേണ്ടി പാട്ടെഴുതുന്നത്. പി. ജയചന്ദ്രനായിരുന്നു ആലാപനം. ‘ഉഷമലരികളുടെ നടുവിൽ, ഉദയഗോപുരനടയിൽ’ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

‘തുലാവർഷം’ എന്ന സിനിമയായിരുന്നു രണ്ടാമത്തേത്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിൽ ‘സ്വപ്നാടനം ഞാൻ തുടരുന്നു, എന്റെ സ്വപ്‌നാടനം ഞാൻ തുടരുന്നു’ എന്ന ഗാനമെഴുതി. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം..... അടക്കമുള്ള ഭക്തിഗാനങ്ങൾ ചൊവ്വല്ലൂരിന്റെ പേനത്തുമ്പിൽ വിരിഞ്ഞതാണ്. 

 തിരക്കഥയെഴുതിച്ച മധു 

നടൻ മധുവുമായുള്ള അടുപ്പമാണ് തിരക്കഥാ രചനയ്ക്ക് ഇടയാക്കിയത്. മധു കോട്ടയ്ക്കലിൽ ചികിത്സയിലിരിക്കെ ചൊവ്വല്ലൂർ അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു. മധുവിന് വായിക്കാൻ പുസ്തകങ്ങൾ നൽകിയ കൂട്ടത്തിൽ ചൊവ്വല്ലൂർ തന്റെ കഥകളും ഉൾപ്പെടുത്തി. നാട്ടിൻപുറത്തുകാരനായ ഒരു ബാലൻ മാഷിനെ കേന്ദ്ര കഥാപാത്രമാക്കി ചൊവ്വല്ലൂർ എഴുതിയ കഥ മധുവിന് ഇഷ്ടപ്പെട്ടു.

അതു സിനിമയാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൊവ്വല്ലൂരിനോടു തന്നെ തിരക്കഥ എഴുതാനും മധു ആവശ്യപ്പെട്ടു. എന്നാൽ തിരക്കഥ എഴുത്തിനെക്കുറിച്ച് ചൊവ്വല്ലൂരിന് അറിവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മധു വെറുതെവിട്ടില്ല. തിരുത്തി എഴുതിയും കൂട്ടിച്ചേർത്തും ശാസ്ത്രീയവശങ്ങൾ പറഞ്ഞുകൊടുത്തും ചൊവ്വല്ലൂരിനെക്കൊണ്ടുതന്നെ അദ്ദേഹം തിരക്കഥയും സംഭാഷണവും എഴുതിച്ചു.

പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ ‘പ്രഭാത സന്ധ്യ’ എന്നപേരിൽ പുറത്തിറങ്ങിയ സിനിമ മധു തന്നെ നിർമിച്ചു. 175 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു പ്രഭാതസന്ധ്യ. ശ്രീരാഗം, ഒരു കഥ നുണക്കഥ, ചൈതന്യം എന്നീ സിനിമകൾക്കും ചൊവ്വല്ലൂർ തിരക്കഥയെഴുതി. ഹരിഹരൻ സംവിധാനം ചെയ്ത് മലയാള സിനിമാചരിത്രത്തിൽ ഇടംനേടിയ സർഗം സിനിമയുടെ സംഭാഷണം എഴുതിയതും ചൊവ്വല്ലൂരാണ്. 

എന്നും പത്രപ്രവർത്തകൻ 

സാഹിത്യകാരൻ ആയിരിക്കെത്തന്നെ മികച്ച പത്രപ്രവർത്തകനുമായിരുന്നു ചൊവ്വല്ലൂർ. കവിയും കഥാകൃത്തും സിനിമാ പാട്ടെഴുത്തുകാരനുമൊക്കെ ആണെങ്കിലും അടിസ്ഥാനപരമായി താനൊരു പത്രപ്രവർത്തകനാണെന്നാണു ചൊവ്വല്ലൂരിന്റെ പക്ഷം. മറ്റു പലർക്കും ചെയ്യാൻ കഴിയാത്തത് തനിക്ക് സാധിച്ചത് താനൊരു പത്രപ്രവർത്തകൻ ആയതുകൊണ്ടാണെന്ന് ചൊവ്വല്ലൂർ അനുസ്മരിക്കും. നവജീവനിലാണ് പത്രപ്രവർത്തന ആരംഭം. സായാഹ്ന പത്രമായ സ്വതന്ത്രമണ്ഡപത്തിലും പ്രവർത്തിച്ചു.

മലയാള മനോരമ കോഴിക്കോട് യൂണിറ്റ് ആരംഭിച്ചപ്പോൾ 1966ൽ സബ് എഡിറ്ററായി ചൊവ്വല്ലൂർ മനോരമയിൽ ചേർന്നു. കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണം മനോരമയ്ക്കുവേണ്ടി റിപ്പോർട്ട് ചെയ്തത് ചൊവ്വല്ലൂരായിരുന്നു. ഇന്ദിരാഗാന്ധിയെ ഇന്റർവ്യൂ ചെയ്തതും അദ്ദേഹത്തെ സംബന്ധിച്ച് മറക്കാനാവാത്ത സംഭവമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്തത് ചൊവ്വല്ലൂരാണ്. രാപകലില്ലാതെ ഇന്ദിരയുടെ പിന്നാലെ.

അപ്പോഴാണ് ഇന്ദിരയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കേരളത്തിൽ മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവയ്ക്കുന്നത്. ഈ വിവരം ഇന്ദിരയെ ധരിപ്പിച്ച് പ്രതികരണം ആരായുന്ന ചുമതല ചൊവ്വല്ലൂരിനു ലഭിച്ചു. പക്ഷേ, ഇന്ദിര പത്രക്കാരെ ഗൗനിക്കുന്നേയില്ല. ഒടുവിൽ ഇന്ദിരയുടെ സഹായിയെ സ്വാധീനിച്ച് അവർ കാപ്പി കുടിക്കുന്നതിനിടെ ഒരു അവസരം സൃഷ്ടിച്ച് ചൊവ്വല്ലൂർ വിവരം പറഞ്ഞു. ‘ഹൗ ഫൂളിഷ് ഹീ ഈസ്, സോ ചൈൽഡിഷ്’ എന്നായിരുന്നു ഇന്ദിരയുടെ പ്രതികരണം.

ചൊവ്വല്ലൂർ ഫോണിൽ കൂടി വിവരം കൈമാറിയതിനനുസരിച്ച് പിറ്റേന്നത്തെ മനോരമയിൽ വാർത്ത വന്നു. ‘ആന്റണി രാജിവച്ചു, ബാലിശമെന്ന് ഇന്ദിര’ എന്ന തലക്കെട്ടോടെ. എംജിആർ, ജയലളിത, കരുണാനിധി, ശിവാജി ഗണേശൻ തുടങ്ങി ഒട്ടേറെ പ്രമുഖരുമായും ചൊവ്വല്ലൂർ അഭിമുഖം നടത്തിയിട്ടുണ്ട്. സുദീർഘമായ സേവനത്തിനുശേഷം 2004ൽ അസിസ്റ്റന്റ് എഡിറ്ററായി അദ്ദേഹം മനോരമയിൽനിന്ന് വിരമിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com