ADVERTISEMENT

പെരുമ്പിലാവ് ∙ ‘‘ 35 വർഷമായി നെയ്ത്തു ജോലി ചെയ്യുന്നു. ഇത്രയും ദുരിതം നിറഞ്ഞ കാലം മുൻപുണ്ടായിട്ടില്ല. ജോലിയും കുറവ്. ചെയ്ത ജോലിക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങൾ ലഭിക്കുന്നുമില്ല ’’–മൂന്നര പതിറ്റാണ്ടായി കടവല്ലൂർ ഖാദി കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അയിനൂർ സ്വദേശി എലിസബത്ത് സങ്കടത്തോടെ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഖാദി കേന്ദ്രങ്ങളിൽ ഒന്നായ കടവല്ലൂരിലെ നാൽപതോളം തൊഴിലാളികൾക്കു പറയാനുള്ളതും ഇതു തന്നെ. കടവല്ലൂരിനു പുറമേ പെരിങ്ങോടും ഒതളൂരും പ്രവർത്തിക്കുന്ന 2 സബ് സെന്ററുകളിലും കൂടി എൺപതോളം തൊഴിലാളികളാണു കൃത്യമായ വേതനം ലഭിക്കാത്തതിനാൽ ദുരിതമനുഭവിക്കുന്നത്. ശമ്പള ഇനത്തിൽ മാസം ലഭിക്കുന്ന മൂവായിരത്തോളം രൂപയാണു പലരുടെയും ആകെയുള്ള വരുമാനം.

നിത്യച്ചെലവിനു പോലും വഴിയില്ലാതെ കഷ്ടത്തിലാണ് ഇവരുടെ കുടുംബങ്ങൾ. ഖാദി ഉൽപന്നങ്ങൾക്കു വില വർധിപ്പിച്ചെങ്കിലും തൊഴിലാളികളുടെ വേതനം ഇപ്പോഴും പഴയതു തന്നെ. 11 മീറ്റർ തുണി നെയ്താലാണ് 500 രൂപ വേതനം ലഭിക്കുക. നൂൽ ചുറ്റാൻ ഒരു കഴിക്ക് 1.80 രൂപയും ലഭിക്കും. അസംസ്കൃത വസ്തുക്കളുടെ ഗുണം ഇല്ലായ്മയും യന്ത്രങ്ങളുടെ ശോച്യാവസ്ഥയും കാരണം 2 മുതൽ 3 മീറ്റർ വരെയാണു ഒരാൾ ദിവസം നെയ്തെടുക്കുക.

ഇൻസെന്റീവും മിനിമം കൂലിയും

ഉൽപാദനത്തിന് ആനുപാതികമായി നൽകുന്ന ഇൻസെന്റീവ് ലഭിച്ചിട്ട് 2 വർഷം കഴിഞ്ഞെന്നു തൊഴിലാളികൾ പറയുന്നു. 40 ലക്ഷത്തോളം രൂപയാണ് 3 സെന്ററുകളിലുമായി കിട്ടാനുള്ളത്. ഓരോ തൊഴിലാളിക്കും ശരാശരി 50,000 രൂപ വരെ ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്. മിനിമം കൂലിയും മാസങ്ങളായി ലഭിച്ചിട്ടില്ല. ഖാദി കേന്ദ്രത്തിൽ 8 മണിക്കൂർ നെയ്ത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ പിറ്റേ ദിവസത്തേക്കുള്ള നൂൽ നൂൽക്കാൻ വീട്ടിൽ ആറു മണിക്കൂറോളം ജോലി ചെയ്യേണ്ടതുണ്ട്.

ഗുണനിലവാരം കുറഞ്ഞ പഞ്ഞി

ഗുണനിലവാരം കുറഞ്ഞ പഞ്ഞിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നു ജീവനക്കാർ പറയുന്നു. ഒരു ദിവസം 18 കഴി നൂൽ നൂൽക്കണം. പഞ്ഞി മോശമായതിനാൽ പകുതി പോലും നൂൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. പെരിങ്ങോടുള്ള കേന്ദ്രത്തിൽ മോട്ടർ ഘടിപ്പിച്ചായിരുന്നു 2 വർഷം മുൻപു വരെ യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്നത്.

കൈകൊണ്ടു തന്നെ യന്ത്രം പ്രവർത്തിപ്പിക്കണം എന്നുള്ള ചട്ടം വന്നതോടെ മോട്ടറുകൾ ഉപേക്ഷിച്ചു. ഇതോടെ ജോലിഭാരം ഇരട്ടിയായി. ഉൽപാദനവും വരുമാനവും പകുതിയായി കുറഞ്ഞു. മറ്റിടങ്ങളിൽ ഉള്ള പോലെ ജോലി ഭാരം കുറയ്ക്കാനുള്ള ആധുനിക സംവിധാനങ്ങൾ നെയ്ത്തു ജോലിയുമായി ബന്ധപ്പെട്ടും നടപ്പാക്കണമെന്നു ജീവനക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com