ADVERTISEMENT

പുതുതലമുറ അവരുടേതായ ലോകത്ത് അടിച്ചുപൊളിച്ചു നടക്കുകയാണെന്ന് ആരാ പറഞ്ഞത് ? എൻജിനീയറിങ് കോളജിലെ ഒയാസിസ് പിള്ളേരെ കണ്ടാൽ ആ ചിന്ത മാറും.

തൃശൂർ ∙ വൃദ്ധസദനത്തിൽ സന്ദർശനത്തിനു പോയതായിരുന്നു ഗവ. എൻജിനീയറിങ് കോളജിൽ നിന്നുള്ള ‘ ഒയാസിസ് പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലബ്’ അംഗങ്ങൾ. പ്രായമായൊരാൾക്ക് സഞ്ചരിക്കാൻ വീൽചെയർ വേണം. പലരോടും ചോദിക്കാമെന്ന് ആദ്യം കരുതിയെങ്കിലും പിള്ളേർ പിന്നെ വേറൊന്നു ചിന്തിച്ചു: ‘ അല്ല, എൻജിനീയറിങ് പഠിക്കുന്ന നമ്മൾ വീൽചെയർ ഉണ്ടാക്കിക്കൊടുക്കുകയല്ലേ, വേണ്ടത്?’ശരിയാണെന്ന് എല്ലാവരും സമ്മതിച്ചു. അവരെല്ലാം എൻജിനീയർമാരായി. നല്ലൊരു വീൽചെയർ ഉണ്ടാക്കി.

അതുമായി വയോജന കേന്ദ്രത്തിലെത്തി. വീൽചെയറിലിരുന്നു ചിരിക്കുന്ന അദ്ദേഹത്തിന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇത് ഒയാസിസ്!. ശരിക്കും മരുപ്പച്ച. 2010ലാണ് എൻജിനീയറിങ് കോളജിൽ ഒയാസിസ് ക്ലബ് തുടങ്ങിയത്. കിടപ്പുരോഗികളെ വീടുകളിലെത്തി സഹായം നൽകുകയായിരുന്നു ലക്ഷ്യം.ആൽഫ പെയിൻ ആൻഡ് പാലിയേറ്റീവുമായി ചേർന്നു തുടങ്ങിയ ആ സേവനം ഇപ്പോഴും ശനിയാഴ്ചകളിൽ തുടരുന്നു.അടുത്തിടെ കോളജിനു സമീപം ട്രീ എന്ന പേരിൽ പാലിയേറ്റിവ് ആൻഡ് ഫിസിയോതെറപ്പി കേന്ദ്രം തുടങ്ങിയപ്പോൾ അവിടെയും ഒയാസിസ് ടീം എത്തി.

ഇരുനൂറിലേറെ പേരുള്ള ഒയാസിസ് ഗ്രൂപ്പിൽ ഓരോ ശനിയാഴ്ചയും ലഭ്യമാകുന്ന ആളുകൾ സേവനത്തിനിറങ്ങുന്നതാണു രീതി. ആനപ്പാറയിലെ വയോജന കേന്ദ്രത്തിലാണ് ഇവരുടെ വിശേഷ ദിവസങ്ങൾ. കോവിഡ് കാലത്ത് ഇവിടേക്കു പ്രവേശനം തടസ്സപ്പെട്ടപ്പോൾ കിള്ളിമംഗലം കൃപ വയോജന കേന്ദ്രത്തിലായി സേവനം. കെട്ടിടം പെയിന്റ് ചെയ്തു. ബോറടിച്ചിരിക്കുന്ന വയോധികരെ സിനിമ കാണിച്ചു കൊടുത്തു. അങ്ങനെ നന്മയുടെ മരുപ്പച്ചകൾ. സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ തേടിപ്പോകുന്നതാണ് ഒയാസിസിന്റെ മറ്റൊരു നന്മ.

ചേറൂർ സെന്റ് ജോസഫ്സ്, കുറ്റൂർ സ്വാശ്രയ എന്നീ സ്കൂളുകളിൽ ഇവരെത്തുന്നു. ഇലക്ട്രിക് സൈക്കിൾ നിർമാണം, സ്പെഷൽ സ്കൂൾ കുട്ടികൾക്കുള്ള കിരണം കലോത്സവം, പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന ആശയത്തിൽ നടത്തുന്ന ഇന്റർ കൊളീജിയറ്റ് കലോത്സവമായ സ്പർശം.. പ്രതീക്ഷയുടെ പച്ചത്തുരുത്തിൽ അങ്ങനെ പലതുമുണ്ട്. മെക്കാനിക് ‍ഡിവിഷനിലെ ഡോ. എ.കെ. മുബാറക് ആണ് ഒയാസിസിന്റെ ടീച്ചർ കോ ഓഡിനേറ്റർ മുഹമ്മദ് അസ്‌ല, ആർ. സാന്ദ്ര, ഖാലിദ ഭാനു എന്നിവരാണ് ഇപ്പോഴത്തെ വിദ്യാർഥി സംഘാടകർ. ഏതുസമയവും ഗ്രൂപ്പിൽ ഒരു മെസേജിട്ടാൽ ഓടിയെത്തുന്ന വിദ്യാർഥികളാണ് ഈ കൂട്ടിന്റെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com