ഗുരുവായൂർ ക്ഷേത്ര‌ം; നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം: ഹൈക്കോടതി

SHARE

കൊച്ചി∙ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിൽ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നു ഹൈക്കോടതി. ഭരണ സമിതി അംഗങ്ങൾക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം മുൻ ഉദ്യോഗസ്ഥർക്കും ഭക്തർക്കും ഇതു ബാധകമാണ്. ലംഘനം ഉണ്ടാകുന്നില്ലെന്ന് ഭരണ സമിതി ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ പ്രവേശന വിലക്ക് നിലനിന്ന 2021 ഏപ്രിൽ 14ന് മുൻ അഡ്മിനിസ്ട്രേറ്റർ എസ്.വി. സെസിർ, ഭരണസമിതി അംഗങ്ങളായ കെ.അജിത്ത്, കെ.വി. ഷാജി എന്നിവർ നാലമ്പലത്തിൽ പ്രവേശിച്ചു ദർശനം നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണു നിർദേശം. മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന പ്രത്യേക ക്യൂ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെങ്കിൽ ഒരു മാസത്തിനകം ഭരണസമിതി തീരുമാനമെടുക്കണം.

അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും ദർശനത്തിനു ക്രമീകരണം ഏർപ്പെടുത്തുന്ന കാര്യം തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു. അഡ്മിനിസ്ട്രേറ്റർ, സമിതിയംഗങ്ങൾ എന്നിവരുടെ അനുമതിയോടെ ഭക്തരിൽ ഒരു വിഭാഗത്തിന്റെ വാഹനങ്ങൾ നടപ്പന്തലിലൂടെ ഭഗവതി ക്ഷേത്രത്തിന് സമീപം വരെ കടത്തിവിടുന്നതു കോടതി വിലക്കി. അതേസമയം, പ്രായമായവരും അംഗപരിമിതരും എത്തുന്ന വാഹനങ്ങൾ നടപ്പന്തലിലൂടെ നീങ്ങുന്ന ഭക്തർക്കു ബുദ്ധിമുട്ട് ഇല്ലാത്ത വിധം വടക്കേ ഗേറ്റിലൂടെ കടത്തി വിടാം.

വഴിപാടിനും അന്നദാനത്തിനും മറ്റും സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ, ആംബുലൻസ് എന്നിവയും കടത്തിവിടാം. ഗുരുവായൂരപ്പനോടു ഭക്തിയും ബഹുമാനവും ഉള്ളവർ ആരാധന നടത്തേണ്ടത് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാകണമെന്നു കോടതി ഓർമിപ്പിച്ചു. ഭക്തർക്കു വാഹനത്തിൽ കടന്നു പോകാൻ വേണ്ടിയല്ല നടപ്പന്തൽ. അതുവഴി വാഹനം കയറ്റുന്നതു കുട്ടികളും മുതിർന്നവരും അംഗപരിമിതരും ഉൾപ്പെടെയുള്ളവർക്കു ബുദ്ധിമുട്ട് ആകുമെന്നു കോടതി പറഞ്ഞു.

ഭരണസമിതിക്ക് വിമർശനം

നിയന്ത്രണം ലംഘിച്ച് നാലമ്പലത്തിൽ കയറി വിഷുക്കണി ദർശനം നടത്തിയവർക്ക് എതിരെ നടപടി എടുക്കാതിരുന്നതു ഭരണ സമിതിയുടെ വീഴ്ചയാണെന്നു കോടതി വിമർശിച്ചു. അഡ്മിനിസ്ട്രേറ്റർ പൊലീസിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ ഭരണസമിതി ഇടപെട്ടതും തെറ്റാണ്. നടപടികൾ അപലപനീയമാണെന്നു കോടതി പറഞ്ഞു. ഭരണ സമിതി ഏർപ്പെടുത്തിയ നിയന്ത്രണം ഭരണ സമിതിയിലെ തന്നെ അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും മുൻ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുടെ മുന്നിൽ വച്ചു ലംഘിച്ചു എന്നു വ്യക്തമാണ്.

ഇവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു ബുദ്ധിമുട്ടുണ്ട്. അതേദിവസം നാലമ്പലത്തിനകത്തു കടക്കാതെ വാതിൽമാടത്തിനു മുന്നിൽ പുലർച്ചെ 4.30 വരെ ഹൈക്കോടതി ജഡ്ജി കാത്തു നിന്നതു പരിഗണിച്ചാകാം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതിപ്പെടാനും വിഷയം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കമ്മിഷണർ, ഹൈക്കോടതി റജിസ്ട്രാർ എന്നിവർക്കു റിപ്പോർട്ട് ചെയ്യാനും മുതിർന്നത്. ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ച വിഷയം ആയിട്ടും കേസ് നടപടി ഉപേക്ഷിച്ച കാര്യം അറിയിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS